കാട്ടുതീ പടരുന്നു, സ്പെയിൻ ഫ്രാൻസ് അതിര്‍ത്തി പ്രദേശങ്ങളിൽ രണ്ട് ലക്ഷത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചു

ബോർഡോ: തെക്കുപടിഞ്ഞാറൻ ഫ്രാൻസിലും മധ്യ സ്പെയിനിലും കാട്ടുതീ നിയന്ത്രണാതീതമായി പടർന്നുപിടിച്ചതിനെ തുടർന്ന് രണ്ട് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഈ മേഖലയിൽ അനുഭവപ്പെടുന്ന 39 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള കടുത്ത ഉഷ്ണതരംഗവും വരൾച്ചയും തീ വേഗത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നതിന് കാരണമാവുന്നു.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം ഉണ്ടാകുന്ന കടുത്ത ചൂടും സാഹചര്യങ്ങൾ കടുത്തതാക്കി. ഇതിനൊപ്പം കൃഷിഭൂമികൾ ഉപേക്ഷിക്കപ്പെട്ടതോടെ ഗ്രാമങ്ങൾക്ക് ചുറ്റുമുള്ള കാടുകൾ വളര്‍ന്നു. ഇവ വീടുകൾക്ക് തൊട്ടടുത്തേക്ക് വളർന്നതാണ് തീ ഇത്ര വേഗത്തിൽ പടരാൻ കാരണമായി വിദഗ്ദ്ധർ പറയുന്നത്. മനുഷ്യ ഇടപെടൽ ഇത്തരം സാഹചര്യങ്ങളിൽ പെട്ടെന്ന് അഗ്നിബാധ ഉണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
കാപ്പി ഫെറെറ്റ് ഉപദ്വീപിന് സമീപം ആളിപ്പടരുന്ന തീ 140 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയിൽ നാശം വിതച്ച് മുന്നേറുകയാണ്. കാറ്റിന്റെ ദിശ മാറിയതോടെ തീ ഇപ്പോൾ ബോർഡോ നഗരത്തിന് നേരെ നീങ്ങുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നു.
ഫ്രാൻസിലെ ജിറോണ്ടേ ലാൻഡ്സ് മേഖലകളിൽ മാത്രം 1,41,000-ഓളം ആളുകളെ ഒഴിപ്പിച്ചു. ആർക്കാചോൺ കടൽതീരത്തേക്ക് തീ പടർന്നതോടെ 1,500 ഓളം വിനോദസഞ്ചാരികളെ ചെറിയ ബോട്ടുകളിലും വാട്ടർ ടാക്സികളിലുമായി രക്ഷപെടുത്തി. ഇവിടെ മാത്രം 53 വീടുകളും ഒരു ക്യാമ്പ് സൈറ്റും നശിച്ചു. 42 അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹര്യം പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടുതീയെ തുടർന്ന് സ്പെയിൻ ചരിത്രത്തിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തലസ്ഥാനമായ മഡ്രിഡിന് സമീപം രണ്ട് ദിശകളിലായി പടര്‍ന്നേറിയ വലിയ കാട്ടുതീ ഒന്നായി മാറി. ഇതിനെ തുടർന്ന് 60,000 പേരെ ഒഴിപ്പിക്കുകയും 20,000 പേരോട് വീടുകൾക്കുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു. ചരിത്രപ്രസിദ്ധമായ എൽ എസ്കോറിയൽ കൊട്ടാരം ഇതിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കൊട്ടാരം സംരക്ഷിക്കാൻ തീവ്രശ്രമം തുടരുകയാണ്.
ഈ വർഷം ഇതുവരെ സ്പെയിനിൽ 1,140 ചതുരശ്ര കിലോമീറ്റർ പ്രദേശം കത്തിനശിച്ചു. മുൻ വർഷത്തേക്കാൾ അഞ്ചിരട്ടിയിലധികമാണിത്. ഈ മാസമാദ്യം ദക്ഷിണ സ്പെയിനിലെ കാട്ടുതീയിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.
സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ ഫ്രാൻസും സ്പെയിനും യൂറോപ്യൻ യൂണിയന്റെ സഹായം തേടി. ക്രൊയേഷ്യ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്ന് അഗ്നിശമന വിമാനങ്ങളും ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നിവിടങ്ങളിൽ നിന്ന് ഹെലികോപ്റ്ററുകളും എത്തിച്ചു. ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങൾ വാട്ടർ ബോംബർ വിമാനങ്ങൾ അയച്ചു. കൂടാതെ ആയിരത്തോളം സ്പാനിഷ് സൈനികരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.









0 comments