Deshabhimani

കേരളത്തിന്റെ റോബോട്ടിക് വിപ്ലവം നയിച്ച് ജെൻ‍റോബോട്ടിക്സ്

bandicoot genrobotics
avatar
അമ്പിളി ചന്ദ്രമോഹനൻ

Published on Jun 25, 2025, 05:44 PM | 7 min read

ഇടുങ്ങിയ കുഴികളിൽ ദുർഗന്ധത്തിൽ ശരീരം മുക്കി ജോലി ചെയ്യേണ്ടിവരുന്ന ശുചീകരണ തൊഴിലാളികളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നഗരത്തെ മാലിന്യമുക്തമാക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് അഴുക്കുചാലുകൾ വൃത്തിയാക്കുന്ന ഒരു കൂട്ടം ആളുകളെക്കുറിച്ച്? പൊട്ടിയൊഴുകുന്ന അഴുക്കുചാലുകളെ കാണുന്ന അതെ അവജ്ഞയോടെയാണ് സമൂഹം അവ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളെയും പരിഗണിച്ചിരുന്നത്. മാൻഹോളുകൾ വൃത്തിയാക്കുമ്പോൾ ദുർഗന്ധം ശ്വസിച്ചും ശ്വാസം മുട്ടിയും നിരവധി തൊഴിലാളികളാണ് ഇന്ത്യയിൽ ഓരോവർഷവും കൊല്ലപ്പെട്ടടുന്നത്‌. 1993ൽ തോട്ടിപ്പണിക്ക് നിയന്ത്രണങ്ങങ്ങൾ കൊണ്ടുവന്നുവെങ്കിലും മാലിന്യനിർമാർജനത്തിന് ഉചിതമായ ബദൽ മാർഗ്ഗങ്ങളുടെ അഭാവവും തൊഴിൽ നഷ്ടമുണ്ടാകുമോ എന്ന തൊഴിലാളികളുടെ ഭയവും തോട്ടിപ്പണി ഇന്ത്യയിൽ പിന്നെയും നിലനിർത്തി. 2013 ലാണ് തോട്ടിപ്പണി നിരോധനം പൂർണമായും നിയമമായി നിലവിൽ വന്നത്.


ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി ഇപ്പോഴും മാൻഹോളുകളിൽ മനുഷ്യരിറങ്ങി വൃത്തിയാക്കുന്ന സാഹചര്യമുണ്ട്. അതിന് പരിഹാരം കണ്ടെത്താൻ അധികം ആരും ശ്രമിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. സാങ്കേതികവിദ്യ എല്ലാ മേഖലകളിലേക്കും വികസിച്ചതിലൂടെ ഈ പ്രശ്നത്തിനൊരു ബദൽ മാർഗം കണ്ടെത്താൻ ഒരു കൂട്ടം ചെറുപ്പക്കാർക്ക് കഴിഞ്ഞു. അങ്ങനെ മാനുവൽ സ്കാവെഞ്ചിങ് രംഗത്തുമുണ്ടായി ഒരു റോബോട്ടിക് വിപ്ലവം. തൊഴിലാളികൾക്ക് കൂട്ടായി, സഹായിയായി ഇപ്പോൾ ബാൻഡിക്കൂട്ട് എന്ന റോബോട്ടുണ്ട്. അത് നമ്മുടെ കൊച്ചു കേരളത്തിൽ നിന്നാണ് എന്നത് അഭിമാനമാണ്.


ബാൻഡിക്കൂട്ടിന്റെ തുടക്കം


ജെൻറോബോട്ടിക്സ് എന്ന സ്റ്റാർട്ട്‌ അപ്പ് കമ്പനിയാണ് ബാൻഡിക്കൂട്ടിന്റെ ഉപജ്ഞാതാക്കൾ. മലപ്പുറം എംഇഎസ് കോളേജിലെ വിദ്യാർഥികളായിരുന്നു ജെൻറോബോട്ടിക്സിന്റെ സംരംഭകരായ അരുൺ ജോർജ്, വിമൽ ഗോവിന്ദ്, കെ റാഷിദ്‌ , എൻ പി നിഖിൽ എന്നിവർ. 2015ൽ കോളേജിലെ പ്രൊജക്ടിന്റെ ഭാഗമായാണ് ഒരു റോബോട്ടിന്റെ എക്സോ സ്കെലിട്ടൺ നിർമിക്കുന്നത്. അത് ഒരുപാട് ആളുകൾ അംഗീകരിക്കുകയും അഭിനന്ദനങ്ങൾ നേടുകയും ചെയ്തു. അമേരിക്കൻ സൊസൈറ്റി ഫോർ റിസേർചിൽ പ്രൊജക്റ്റ്‌ സംബന്ധിച്ച് ഒരു പേപ്പർ അവതരിപ്പിച്ചിരുന്നു. ജെന്റോബോട്ടിക്സിന്റെ സ്ഥാപകരിലൊരാളായ വിമലാണ് സിംഗപ്പൂരിൽ പേപ്പർ അവതരിപ്പിച്ചത്. ഇപ്പോൾ കമ്പനിയുടെ സിഇഒ ആണ് വിമൽ. മികച്ച പേപ്പറായി പ്രൊജക്ട് തെരഞ്ഞെടുത്ത് പബ്ലിഷ് ചെയ്തു. ഇതായിരുന്നു എല്ലാ മാറ്റത്തിന്റെയും തുടക്കം.


എംഇഎസിൽ കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിലുളള ഐഡിസി (എന്റർപ്രണേഴ്സ് ഡെവലപ്മെന്റ് സെൽ) പ്രവർത്തിച്ചിരുന്നു. ക്ലാസ് കഴിഞ്ഞ് കൂടുതൽ സമയം കോളേജിൽ പ്രൊജക്റ്റുകൾ ചെയ്യുന്നതിനായി സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ക്യാമ്പസ് സെലക്ഷനിലൂടെ എല്ലാവർക്കും ജോലി ലഭിച്ച് പല കമ്പനികളിലായി.



genroboticsഎൻ പി നിഖിൽ, എം കെ വിമൽ ഗോവിന്ദ്, കെ റാഷിദ്, അരുൺ ജോർജ് എന്നിവർ.


സ്റ്റാർട്ട്‌ അപ്പ്‌ മിഷന്റെ ഇടപെടൽ


2017 ൽ കോഴിക്കോട് രണ്ട് ശുചീകരണത്തൊഴിലാളികൾ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ടത് കേരളത്തെ ഞെട്ടിച്ചു. ഇതിനു ഒരു പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തുടർന്നാണ് സ്റ്റാർട്ട് അപ്പ് മിഷൻ വിമലിനെ ബന്ധപ്പെടുന്നത്. കമ്പനിയായി രജിസ്റ്റർ ചെയ്തിട്ട് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയില്ലല്ലോ, വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും സ്റ്റാർട്ട് അപ്പ് മിഷൻ അറിയിച്ചു. മാൻഹോളിൽ തൊഴിലാളികൾ കുടുങ്ങിയ ഫോട്ടോഗ്രാഫ് പത്രത്തിൽ കണ്ടപ്പോഴാണ് ഇപ്പോഴും ഇതിന് പരിഹാരമുണ്ടായിട്ടില്ലെന്നും അതിനായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നും ആ ചെറുപ്പക്കാർ അന്വേഷിച്ചത്.


അപ്പോഴാണ് എക്സോ സ്കെലിട്ടൺ ടെക്നോളജിയിൽ നിന്നും റോബോട്ടായി വികസിപ്പിച്ചാലോ എന്ന ആശയം വരുന്നത്. അന്ന് സർക്കാരിൽ നിന്നുള്ള നിർദേശം അവർ ഏറ്റെടുത്തു. തുടർന്ന് പദ്ധതിക്കായി സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. ആദ്യം റോബോട്ടിന്റെ പ്രോട്ടോ ടൈപ്പ് വികസിപ്പിച്ചു. പ്രോട്ടോ ടൈപ്പ് കേരള വാട്ടർ അതോറിറ്റിയിൽ അവതരിപ്പിച്ചതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അന്വേഷണങ്ങൾ വന്നു തുടങ്ങിയിരുന്നു.


ഒപ്പം സർക്കാർ സംവിധാനങ്ങളും


ജെൻറോബോട്ടിക്സ് ആരംഭിക്കുന്നതിനായി കേരള സ്റ്റാർട്ട് അപ്പ്‌ മിഷൻ ആദ്യം മുതൽ ഒപ്പമുണ്ടായിരുന്നു. സംരംഭം തുടങ്ങുന്നതിനായി സ്റ്റാർട്ട്‌ അപ്പ്‌ മിഷൻ 10 ലക്ഷം രൂപ അനുവദിച്ചു. ഹാർഡ്‌വെയർ സ്റ്റാർട്പ്പ് ആയതിനാൽ ഒരുപാട് സ്ഥലം ആവശ്യമായിരുന്നു. കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നത് പ്രയാസമായിരുന്നു. എന്നാൽ കെ ഡിസ്‌ന്റെ കീഴിൽ പാലക്കാട്‌ ഒരു ഏക്കർ സ്ഥലം സർക്കാർ അനുവദിച്ചു നൽകി.


തിരുവനന്തപുരം ഇൻഫോപാർക്കിൽ ഓഫീസ് തുടങ്ങാൻ ഒരു ഏക്കർ സ്ഥലവും നൽകി. സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിലുള്ള ഓഫീസിലാണ് ഇപ്പോൾ സ്ഥാപനം പ്രവർത്തിക്കുന്നത്. വാടക കരാറിലാണ് പ്രവർത്തനം. പാലക്കാട്‌ പ്രൊഡക്ഷൻ ലാബിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ആറു മാസത്തിനുള്ളിൽ ലാബിന്റെ പണികൾ പൂർത്തിയാകും. വാട്ടർ അതോറിറ്റിയുടേയും മുനിസിപ്പൽ കോർപറേഷന്റെയും കീഴിലാണ് ബാൻഡിക്കൂട്ടിന്റെ പ്രവർത്തനം.


cmജൻ‍റോബോട്ടിക്സ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം


മാൻഹോളിൽ നിന്ന് റോബോഹോളിലേക്ക്


മലിനജലം കടത്തിവിടുന്നത് ജല അതോറിറ്റി കമീഷൻ ചെയ്ത മാൻഹോളുകളിൽ കൂടി മാത്രമാണ്. മാൻ ഹോളിൽ തടസം ഉണ്ടായാൽ മാലിന്യം നിറയും. വെള്ളം സു​ഗമമായി ഒഴുകാൻ സാധിക്കാതെ മാൻഹോൾ കവിഞ്ഞ് ഒഴുകാൻ തുടങ്ങും. പാരമ്പരഗതമായി ഉപയോഗിച്ച വന്നിരുന്ന സീവർ സക്ഷൻ മെഷീനുകൾ, സീവർ ജെറ്റിംഗ് മെഷീനുകൾ, ഡ്രെയിൻ ക്ലീനിംഗ് ഉപകരണങ്ങൾ തുടങ്ങിയവ ഖരമലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ ഫലപ്രഥമല്ല. സക്ഷൻ മെഷീനുകൾ മലിനജലം മാത്രമാണ് വലിച്ചെടുക്കുന്നത്. ഖര മാലിന്യം മാൻ ഹോളിൽ തന്നെ ഉണ്ടാകും. അവ നീക്കം ചെയ്താൽ മാത്രമേ തടസം മാറി വെള്ളം കൃത്യമായി ഒഴുകൂ. കാലങ്ങളായി ഇത്തരം മാൻഹോളുകളിൽ മനുഷ്യൻ ഇറങ്ങി വൃത്തിയാക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ദീർഘനാൾ അടച്ചിരിക്കുന്ന മാൻഹോളുകളിൽ വിഷവാതകങ്ങളുണ്ടാകാം. അതിൽ മനുഷ്യൻ ഇറങ്ങിയാൽ മരണം വരെ സംഭവിക്കാം. അപകടമുണ്ടാവാനുള്ള ഇത്തരം സാഹചര്യങ്ങൾ ബാൻഡിക്കൂട്ടിലൂടെ പരിഹരിക്കപ്പെടുകയാണ്. മാൻ ഹോളുകൾ ഇപ്പോൾ തികച്ചും റോബോഹോളുകളായി മാറിക്കൊണ്ടിരിക്കുന്നു.


പ്രവർത്തനം ലളിതം


നിറഞ്ഞ മാൻഹോളുകളിൽ ആളുകൾ ഇറങ്ങി കൈകൊണ്ട് ഖര മാലിന്യം നീക്കം ചെയ്യേണ്ടിവരുന്ന പ്രക്രിയ മുഴുവനായും യന്ത്രവത്കരിക്കുകയാണ് ബാൻഡിക്കൂട്ടിലൂടെ ലക്ഷ്യമിടുന്നത്. ബാൻഡിക്കൂട്ടിന് മനുഷ്യനെ പോലെ തന്നെ കാലുകളും റോബോട്ടിക് കൈയുമുണ്ട്. മെഷീനുകൾ മാൻഹോളിൽ ഇറങ്ങി കഴിഞ്ഞാൽ കാലുകൾ ഉപയോഗിച്ച് കുഴിക്കുള്ളിലെ സ്ഥാനം സ്ഥിരപ്പെടുത്തും. അതിനു ശേഷം താഴെക്കിറങ്ങി റോബോട്ടിക്ക് കൈകൾ ഉപയോഗിച്ച് എല്ലാ ഭാഗങ്ങളിൽ നിന്നും ഖരമാലിന്യങ്ങൾ നീക്കം ചെയ്യും.


മനുഷ്യന്റെ കൈ പോലെ തന്നെയാണ് റോബോട്ടിക് ആമും പ്രവർത്തിക്കുക. എല്ലാ മുക്കിലും മൂലയിലും നിന്നുള്ള മാലിന്യം റോബോട്ടിക് ആം ഉപയോഗിച്ച് നടുഭാഗത്തേക്ക് നീക്കിവച്ച് ബക്കറ്റ് സംവിധാനത്തിലേക്ക് ശേഖരിക്കും. തുടർന്ന് ഇത് മാൻ ഹോളിന് പുറത്തേക്ക് കൊണ്ടുവരാം.


മാൻഹോളുകളിൽ ഉണ്ടാകാവുന്ന വിവിധ വാതകങ്ങളുടെ സാന്നിധ്യംകൊണ്ടാണ് അതിലിറങ്ങുന്ന ആളുകൾക്ക് ദേഹാസ്വാഥ്യമുണ്ടാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നത്. ഒരുപാട് നാൾ മാൻഹോളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ഇതിനകത്ത് ഉള്ള മാലിന്യം വികസിച്ച് പലതരത്തിലുള്ള വിഷ പുകകൾ ഉണ്ടാവും. ഇത്തരം സാഹചര്യങ്ങളിൽ മാൻഹോൾ തുറക്കുമ്പോൾ തന്നെ തലകറങ്ങി അകത്തേക്ക് വീഴാനൊ, അല്ലെങ്കിൽ ടോപ് ഗ്യാസ് കാരണം മരണം വരെ സംഭവിക്കാനോ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ ബാൻഡിക്കൂട്ടിൽ സുരക്ഷാ സംവിധാനങ്ങളും നൽകിയിട്ടുണ്ട്.


bandicoot


മാൻഹോളിന് മുകളിൽ വെച്ചാൽ തന്നെ ഏതൊക്കെ വിഷവാതകങ്ങൾ ഉള്ളിലുണ്ടെന്നും എത്ര അളവിലുണ്ടെന്നും ബാൻഡിക്കൂട്ട് തിട്ടപ്പെടുത്തും. വിഷവാതകത്തിന്റെ തോത് കൂടുതലാണെങ്കിൽ ബാൻഡിക്കൂട്ട് തന്നെ ഓപ്പറേറ്ററെ ഇക്കാര്യം അറിയിക്കും. പുകയടങ്ങി കഴിയുമ്പോൾ മാത്രമേ വൃത്തിയാക്കാവൂ എന്ന സന്ദേശം നൽകും. വാതകങ്ങളുടെ അളവ് സ്ക്രീനിൽ എഴുതി കാണിക്കുകയും ചെയ്യും. മെഷീനുകളിൽ നാല് ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട് ഓപ്പറേറ്റർക്ക് മാൻഹോളിൽ ഇറങ്ങാതെ തന്നെ അതിനുള്ളിലെ കാഴ്ചകൾ കാണാൻ കഴിയും. സ്ക്രീനിലൂടെ കുഴിയിലേക്ക് നോക്കി ബട്ടൺ അമർത്തി മാൻഹോൾ വൃത്തിയാക്കാൻ കഴിയും.


ഭാഷയോ, സാക്ഷരതയോ ഒരു പ്രശ്നമേയല്ല


കാലങ്ങളായി മാൻഹോളുകൾ വൃത്തിയാക്കിയിരുന്ന ആളുകൾ തന്നെയാണ് ബാൻഡിക്കൂട്ട് റോബോകളും പ്രവർത്തിപ്പിക്കുന്നത്. മെഷീനുകൾ എങ്ങനെയാണ് പ്രവർത്തിപ്പിക്കേണ്ടതെന്ന് തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇങ്ങനെ തന്നെയാണ് ബാൻഡിക്കൂട്ടുകളുടെ പ്രവർത്തനം.


മെഷീന്റെ ഓരോ പ്രവർത്തനവും സ്‌ക്രീനിൽ ഡിസ്പ്ലേ ചെയ്യും. ബാൻഡിക്കൂട്ട് പ്രവർത്തിപ്പിക്കുന്ന തൊഴിലാളിക്ക് എഴുതാനും വായിക്കാനും അറിയില്ലെങ്കിലും സ്ക്രീനിലെ ഇല്ലുസ്ട്രേഷനുകൾ കണ്ട് സ്വിച്ചുകൾ അമർത്തി മാൻ ഹോൾ വൃത്തിയാക്കാം. എന്താണ് ചെയ്യേണ്ടതെന്ന് റോബോ തന്നെ ഓപ്പറേറ്റർക്ക് കാണിച്ചുകൊടുക്കും. ഇവിടെ ഭാഷയുടെയും പ്രശ്നമുണ്ടാവില്ല.


ആദ്യ ബാൻഡിക്കൂട്ട് മെഷീനുകളിൽ ഓപ്പറേറ്റർക്ക് പരിശീലനം നൽകാൻ പ്രയാസമുണ്ടായിരുന്നു. മെഷീന്റെ പ്രവർത്തനങ്ങൾ പഠിക്കാൻ തൊഴിലാളികൾ ഒരു മാസത്തിൽ അധികം സമയമെടുത്തിരുന്നു. ഇപ്പോൾ അതിവേഗം മെഷീന്റെ പ്രവർത്തനങ്ങൾ പഠിച്ചെടുക്കാൻ സാധിക്കുന്നുണ്ട്. എന്നിരുന്നാലും ഇപ്പോഴും ഒരു മാസം പരിശീലനം നൽകുന്നുണ്ട്.


bandicoot


കേരളത്തിലെ റോബോ വിപ്ലവം അതിർത്തിയും കടന്ന്


കേരളത്തിൽ ആകെ 17 റോബോട്ടുകളാണുള്ളത്. അതിൽ ആറെണ്ണം തിരുവനന്തപുരം സിറ്റിയിലാണ്. കൂടാതെ കൊച്ചി, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിലും ബാൻഡിക്കൂട്ടിന്റെ പ്രവർത്തനമുണ്ട്. കേരളത്തിൽ തുടങ്ങിയ റോബോവിപ്ലവം ഇപ്പോൾ ഇന്ത്യയിൽ ഉടനീളം പ്രവർത്തിക്കുന്നുണ്ട്. നൂറിലധികം സിറ്റികളിൽ ബാൻഡിക്കൂട്ടിന്റെ പ്രവർത്തനം ലഭ്യമാണ്. 22 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 300ൽ അധികം ബാൻഡിക്കൂട്ടുകളാണ് നിലവിലുള്ളത്. സ്കാവഞ്ചർ റോബോട്ടിന് ബാൻഡിക്കൂട്ട് മിനി, ബാൻഡിക്കൂട്ട് മൊബിലിറ്റി പ്ലസ്, ബാൻഡിക്കൂട്ട് 2.0, എന്നിങ്ങനെയുള്ള വ്യത്യസ്ത രൂപഭേദങ്ങളുമുണ്ടായി.


ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും വാങ്ങുന്നതും ബാൻഡിക്കൂട്ട് മൊബിലിറ്റി പ്ലസ് ആണെന്ന് ജൻറോബോട്ടിക്സ് പ്രവർത്തകർ പറഞ്ഞു. ഓട്ടോമാറ്റിക്ക് രീതിയിലാണ് മൊബൈലിറ്റി പ്ലസിന്റെ പ്രവർത്തനം. മാലിന്യ നിർമാർജന പ്രക്രിയയിൽ മാൻഹോളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നത് മുതൽ സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തുന്നതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും മനുഷ്യസ്പർശം ഏൽക്കാതെയാണ് ചെയ്യുന്നത്. ബാൻഡിക്കൂട്ട് വാങ്ങിയിരിക്കുന്ന ആളുകൾക്ക് ബാൻഡിക്കൂട്ട് മൊബൈലിറ്റി പ്ലസിലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും. ഏഴുവർഷമായി കേരള വാട്ടർ അതോറിറ്റി കമീഷൻ ചെയ്ത എല്ലാ മാൻഹോളുകളും വൃത്തിയാക്കുന്നത് ബാൻഡിക്കൂട്ട് റോബോട്ടുകളാണ്.


വീടുകൾക്ക് അടുത്തും ഇടുങ്ങിയതുമായ വഴികളിലുമാണ് മാൻഹോളുകൾ ഉണ്ടാവുക. ഇവ നിറഞ്ഞാൽ പണ്ട് ക്ലീൻ ചെയ്യാൻ മാർഗമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ബാൻഡിക്കൂട്ട് ഉപയോഗിച്ച് വൃത്തിയാക്കാനാകും. മൊബൈലിറ്റി പ്ലസിലൂടെ മാലിന്യസംസ്കാരണത്തിലെ എല്ലാ പ്രവർത്തനങ്ങളിലും മേൽനോട്ടം നൽകാൻ കഴിയും. ഇതിൽ ബാൻഡിക്കൂട്ട് മാത്രമായി വേർപെടുത്തി ഉപയോ​ഗിക്കാനും സാധിക്കും. ഇതോടെ ഇടുങ്ങിയ വഴികളിൽ ബാൻഡിക്കൂട്ട് എത്തിച്ച് മാൻഹോളുകൾ വൃത്തിയാക്കാൻ സാധിക്കും.


genrobotics bandicoot


സുരക്ഷിത ശുചീകരണം എന്ന ആശയം ഇപ്പോൾ കടലും കടന്ന് അയൽ രാജ്യങ്ങളിലേക്കും വികസിച്ചുകൊണ്ടിരിക്കുകയാണ്. നാലു രാജ്യങ്ങളിലാണ് ബാൻഡികൂട്ടിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ ലഭ്യമാകുന്നത്. മലേഷ്യയിൽ വാട്ടർ ടാങ്കുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും റോബോട്ടിക് സംവിധനങ്ങൾ ഉപയോഗിച്ചുവരുന്നു.


പരീക്ഷണങ്ങൾ മറ്റ് മേഖലകളിലേക്കും


മാൻഹോൾ വൃത്തിയാക്കുന്നതിൽ മാത്രമല്ല മറ്റ് വിവിധ മേഖലകളിൽ ജെൻറോബോട്ടിക്സ് സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഓയിൽ റിഫൈനറികളിലും ബാൻഡികൂട്ട് ടെക്നോളജി ഉപയോഗിച്ച് ശുചീകരണം നടത്തുന്നുണ്ട്. റിഫൈനറികളിലെ ഓയിൽ ടാങ്കുകൾ വൃത്തിയാക്കാനാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഓയിൽ ടാങ്കുകൾ സ്വിച്ച് ഓഫ്‌ ചെയ്യാതെ തന്നെ ഓൺലൈൻ ആയി വൃത്തിയാക്കാനുള്ള പദ്ധതികൾക്കായി പരീക്ഷണങ്ങൾ നടക്കുകയാണ്.


കൂടാതെ റെസ്ക്യൂ റോബിബോട്ടുകളായും ഇവ പ്രവർത്തിക്കുന്നുണ്ട്. ഹരിയാനയിൽ മാൻഹോളിൽ ശുചീകരണ തൊഴിലാളി കുടുങ്ങിയപ്പോൾ ബാൻഡികൂട്ട് ഉപയോഗിച്ച് തെരച്ചിൽ നടത്തിയിരുന്നു. സമീപ കാലത്ത് തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി എന്ന ശുചീകരണ തൊഴിലാളി കുടുങ്ങിയപ്പോഴും റോബോട്ടിക് റെസ്ക്യൂ ഓപ്പറേഷൻ നടന്നിരുന്നു.


എക്സൊസ്കെലിട്ടൺ ടെക്നോളജിയിൽ നിന്നായിരുന്നു ബൻഡിക്കൂട്ടിന്റെ തുടക്കം. ശരീരത്തിന് മുകളിലായി ഉറപ്പിക്കാൻ കഴിയുന്ന തരത്തിലായിരുന്നു എക്സൊസ്കെലിട്ടണിന്റെ രൂപകല്പന. ശാരീരിക ക്ഷമത കൂട്ടാനുള്ള ടെക്നോളജി ആയിരുന്നു അത്. എക്‌സോ സ്കെലിട്ടൺ സാങ്കേതിക വിദ്യയിൽ മാറ്റങ്ങൾ വരുത്തിയാണ് ബാൻഡിക്കൂട്ട് ആരംഭിച്ചത്.


g gaiterജി ഗേറ്റർ


ബാൻഡിക്കൂട്ടിൽ നിന്ന് വരുമാനം ലഭിച്ച് തുടങ്ങിയപ്പോൾ പഴയ എക്സൊസ്കെലിട്ടൺ ടെക്നോളജിയിൽ വീണ്ടും ഗവേഷണം നടത്തി. ഇതിലൂടെ ജെൻറോബോട്ടിക്സ് മെഡിക്കൽ രംഗത്തേക്കും കടന്നു. ഫിസിയോ തെറാപ്പി ചെയ്യുന്നതിന് സഹായിക്കുന്ന ജി ഗേറ്റർ എന്ന ഒരു പ്രൊജക്റ്റും ഇപ്പോൾ ചെയ്യുന്നുണ്ട്. സ്ട്രോക്ക്, സ്‌പൈനൽ കോർഡ് ഇഞ്ചുറി, ആക്സിഡന്റ്, പക്ഷാഘാതം, പാർക്കിൻസൺസ് രോഗം തുടങ്ങിയ നിരവധി കാരണങ്ങൾ മൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും നടത്താൻ പഠിപ്പിക്കുന്ന റോബോട്ടിക് സാങ്കേതിക വിദ്യയാണ് ജി ഗേറ്റർ. ഇത്തരം രോഗവസ്ഥയിൽ നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ധാരാളമുണ്ട്. ഈ സാഹചര്യത്തിൽ ജി ഗേറ്റിറിലൂടെ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പിക്കാൻ സാധിക്കും. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ ജി ഗേറ്റർ സേവനം നൽകുന്നുണ്ട്.


നൂതന ആശയങ്ങൾക്ക് ആ​ഗോള സ്വീകാര്യത


ജെൻറോബോട്ടിക്സ് ഇന്നോവേഷൻസിന്റെ നവീന ആശയങ്ങൾക്ക് ആ​ഗോള തലത്തിൽ നിരവധി അം​ഗീകാരങ്ങളാണ് ഇതിനകം ലഭിച്ചത്. ഡെസ്റ്റിനേഷൻ കേരള സ്റ്റാർട്ടപ്പ് അവാർഡ് (2017), ഏഷ്യ ഇൻസ്പിരേഷൻ അവാർഡ് (2018), ക്യാമ്പസിൽ ആരംഭിച്ച മികച്ച സംരഭം (2019), യങ് ചേഞ്ച് മേക്കർ ഓഫ് ദി ഇയർ അവർഡ് (2021), ഇൻഫോസിസ് അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ജെൻ‍റോബോട്ടിക്സിനെ തേടിയെത്തി. 2023ൽ ഫോർബ്സ് ഏഷ്യ 30 അണ്ടർ 30 ൽ ബാനൻഡിക്കൂട്ടും ജൻ‍റോബോട്ടിക്സും ഇടംപിടിച്ചു. ജെൻ‍റോബോട്ടിക്‌സ് സ്ഥാപകരായ എം കെ വിമൽ ഗോവിന്ദ്, അരുൺ ജോർജ്, കെ റാഷിദ്, എൻ പി നിഖിൽ എന്നിവർ ഏഷ്യയിൽ നിന്ന് വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച ചെറുപ്പക്കാരെ കണ്ടെത്തുന്ന പട്ടികയിലും ഉൾപ്പെട്ടു.


കാലങ്ങളായി ശുചീകരണ മേഖലയിൽ നേരിട്ടിരുന്ന ഭീഷണിക്ക് ശമനമുണ്ടാക്കാൻ ജെൻ‍റോബോട്ടിക്സിന്റെ ബാൻഡിക്കൂട്ട് ഇന്ന് സഹായിക്കുന്നു. കൂടുതൽ ന​ഗരങ്ങളിലേക്ക് പദ്ധതി വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കേരളത്തിന്റെ സ്വന്തം സംരംഭകർ. കേരളം വ്യവസായ സൗഹൃദമാണോ എന്ന ചോദ്യത്തിന് ഇത്തരം സംരംഭങ്ങളുടെ വിജയം തന്നെയാണ് ഉത്തരം. സാങ്കേതികവിദ്യയിലൂടെ ശുചിത്വപരിപാലന മേഖലയ്‌ക്ക്‌ ജൻ‍റോബോട്ടിക്സ് നൽകി വരുന്ന സംഭാവനകൾ വിസ്മരിക്കാനാകില്ല. വികസന പദ്ധതികളുടെ പ്രധാന കണ്ണിയായി ശുചീകരണ മേഖലയിൽ നിന്നും മറ്റ് നിരവധി പുതിയ മുന്നേറ്റങ്ങളിലൂടെ കേരളത്തിന്റെ ഈ വിപ്ലവ ഗാഥ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home