ക്രിമിനൽ കേസിൽ മുൻകൂർ ജാമ്യാപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന പതിവ് വേണ്ടെന്ന് ഹൈക്കോടതിയോട് സുപ്രീം കോടതി

ന്യൂഡൽഹി: സെഷൻസ് കോടതിയെ സമീപിക്കാൻ ആവശ്യപ്പെടാതെ മുൻകൂർ ജാമ്യാപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന കേരള ഹൈക്കോടതി നടപടി വേണ്ടെന്ന് സുപ്രീം കോടതി. ക്രിമിനൽ നടപടിക്രമ നിയമത്തിലും (സിആർപിസി) നാഗരിക് സുരക്ഷാ സംഹിതയിലും (ബിഎൻഎസ്എസ്) ഒരു ശ്രേണി വ്യവസ്ഥയുണ്ടെന്ന് കോടതി ഓർമ്മപ്പെടുത്തി.
മറ്റൊരു കോടതിയിലും ഇത് പതിവാകുന്നത് സംഭവിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
"കേരള ഹൈക്കോടതിയിൽ, വ്യവഹാരി ആദ്യം സെഷൻസ് കോടതിയെ സമീപിക്കാതെ ഹൈക്കോടതി നേരിട്ട് മുൻകൂർ ജാമ്യം സ്വീകരിക്കുന്ന ഒരു പതിവ് രീതി ഉണ്ടെന്ന് തോന്നുന്നു. എന്തുകൊണ്ടാണിത്. സിആർപിസി അല്ലെങ്കിൽ ബിഎൻഎസ്എസ് നൽകുന്ന ഒരു ശ്രേണി വ്യവസ്ഥയുണ്ട്. നിലവിലെ കേസിനെക്കുറിച്ച് ഞാൻ അഭിപ്രായം പറയുന്നില്ല, പക്ഷേ തത്വത്തിൽ ഒരു ഹൈക്കോടതിയിലും ഇത് സംഭവിക്കുന്നില്ല," കോടതി അഭിപ്രായപ്പെട്ടു.
വിചാരണ കോടതി ആദ്യം പരിഗണിക്കാതെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി പരിഗണിക്കുന്നത് ശരിയായ വസ്തുതകൾ രേഖപ്പെടുത്താതിരിക്കാൻ ഇടയാക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
കേരളത്തിൽ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതി നടപടി പരാമർശിച്ചത്.
നേരിട്ട് ഫയൽ ചെയ്യുന്ന ജാമ്യാപേക്ഷകൾ ഹൈക്കോടതി പരിഗണിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ മുതിർന്ന അഭിഭാഷകനായ സിദ്ധാർത്ഥ് ലുത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച ബെഞ്ച്, കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നോട്ടീസ് അയച്ചു. കേസിൽ ഒക്ടോബർ 14 ന് വിശദ വാദം കേൾക്കാൻ തീരുമാനിച്ചു.
ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച മുഹമ്മദ് റസലിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.










0 comments