ad
Deshabhimani

അവിടെ മെലിസ ഇവിടെ മോൻത

Montha cyclone.jpg
avatar
ഡോ. എസ്‌ അഭിലാഷ്‌

Published on Oct 31, 2025, 12:47 PM | 3 min read

കരീബിയൻ രാജ്യങ്ങളിൽ പ്രത്യേകിച്ച്‌ ജമൈക്കയിൽ നാശംവിതച്ച മെലിസ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ഭീതി അകന്നിട്ടില്ല. മണിക്കൂറിൽ 297 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച മെലിസയെ, അറ്റ്‌ലാന്റിക്‌ സമുദ്രത്തിലെ ഇ‍ൗ വർഷത്തെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റായാണ്‌ വിശേഷിപ്പിക്കുന്നത്‌. ഗ്രീക്ക് വാക്കായ മെലിസ (Melissa)യുടെ അർഥം തേനീച്ച എന്നാണ്.


അത്യപൂർവ പ്രതിഭാസം


പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത് വളർന്ന്‌ ചുഴലിക്കാറ്റായി രൂപപ്പെട്ട്‌ അതിതീവ്ര കൊടുങ്കാറ്റായി കരീബിയൻ കടലിലെത്തുകയായിരുന്നു മെലിസ. ഒക്‌ടോബർ 21നാണ്‌ പൂർണ ചുഴലിക്കാറ്റായി മാറിയത്‌. മണിക്കൂറിൽ 297 കിലോമീറ്റർ വേഗവും 892 ഹെക്‌ടോപാസ്‌കൽ കേന്ദ്രമർദവുമായി കാറ്റഗറി 5ൽപ്പെടുന്ന ചുഴലിക്കാറ്റായി അത്‌ വളർന്നു. ഒറ്റദിവസംകൊണ്ട്‌ മണിക്കൂറിൽ 110 കിലോമീറ്റർ വേഗം കൈവരിക്കാൻ മെലിസയ്‌ക്ക്‌ കഴിഞ്ഞു. റാപ്പിഡ് ഇന്റെൻസിഫിക്കേഷൻ എന്നറിയപ്പെടുന്ന അത്യപൂർവ പ്രതിഭാസമാണിത്‌. താപനില കൂടിയ സമുദ്രജലം, അന്തരീക്ഷ പാളികളിലെ കാറ്റിന്റെ ദിശയിലും വേഗത്തിലുമുള്ള സ്ഥിരത (low vertical wind shear), ആഴത്തിലുള്ള ഈർപ്പമുള്ള വായു (deep layer of high humidity), അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിലുള്ള വായുവിന്റെ ശക്തമായ പുറന്തള്ളൽ എന്നിവയാണ്‌ ഇ‍ൗ പ്രതിഭാസത്തിന്‌ കാരണമാകുന്നത്‌.


ഇ‍ൗ വർഷത്തെ വിൽമ (Wilma), 2017ലെ ഇർമ (Irma) തുടങ്ങിയ സൂപ്പർ ചുഴലിക്കാറ്റുകളെ ഓർമിപ്പിക്കുംവിധമായിരുന്നു മെലിസയുടെ വരവ്‌. അതിവേഗം രൂപപ്പെട്ട്‌ നീങ്ങിയതിനാൽ ജനങ്ങൾക്ക്‌ വേണ്ട തയ്യാറെടുപ്പുകൾക്ക്‌ സമയം ലഭിച്ചില്ല. ജമൈക്കയിൽ വീടുകൾക്കും വാർത്താവിനിമയ, വൈദ്യുതിവിതരണ സംവിധാനങ്ങൾക്കും വൻ നാശമാണുണ്ടായത്‌. ഗതാഗതസംവിധാനങ്ങൾ അപ്പാടെ തകർന്നു. പേമാരിയും പ്രളയവും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ മാസങ്ങൾ വേണ്ടിവരും. ആൾനാശവും ഉണ്ടായി. ഹെയ്‌ത്തി, ക്യൂബ എന്നീ രാജ്യങ്ങളിലും നാശംവിതച്ചു.


വേഗത 390 കിലോമീറ്റർ


ചില സമയങ്ങളിൽ മെലിസയുടെ വേഗം മണിക്കൂറിൽ 390 കിലോമീറ്റർ (Wind Gust) വരെ എത്തിയതായും റിപ്പോർട്ടുണ്ട്‌. സ്ഥിരമായ കാറ്റ് (Sustained Wind) എന്നത്, ഒരു നിശ്ചിത ദൈർഘ്യമുള്ള കാലയളവിൽ (സാധാരണയായി ഒന്നുമുതൽ 10 മിനിറ്റുവരെ) അളക്കുന്ന ശരാശരി കാറ്റുവേഗമാണ്. അതേസമയം, വിൻഡ്‌ ഗസ്റ്റ്‌ എന്നത് ആ ശരാശരി വേഗത്തേക്കാൾ ഒരേസമയം പെട്ടെന്ന് ഉയരുന്ന അൽപ്പനേരത്തെ കാറ്റിന്റെ വേഗവർധനയാണ്. അമേരിക്കൻ എയർഫോഴ്സ് WC-130J വെതർബേർഡ്‌ വിമാനവും നാഷണൽ ഓഷ്യനിക് ആൻഡ്‌ അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷ (NOAA)ന്റെ WP-3D കെർമിറ്റ്‌ വിമാനവും മെലിസയുടെ കണ്ണിലൂടെ പറന്ന് ശേഖരിച്ച ഡാറ്റയുടെ വിശകലനം പൂർത്തിയായാലേ ചുഴലിക്കാറ്റിന്റെ പരമാവധി വേഗതയും മർദവും മറ്റും വ്യക്തമാവുകയുള്ളൂ.


കാലാവസ്ഥാ വ്യതിയാനം


​കരീബിയൻ കടലിന്റെ താപനില 30 ഡിഗ്രി സെൽഷ്യസ്‌ വരെ ഉയർന്നതാണ്‌ മെലിസയുടെ തീവ്രത ഏറാൻ കാരണമായത്‌. ഇത് സാധാരണയേക്കാൾ 1.5–2 ഡിഗ്രി സെൽഷ്യസ്‌ കൂടുതലാണ്‌. ഓരോ ഒരു ഡിഗ്രി സെൽഷ്യസ്‌ താപനില വർധനയ്ക്കും ചുഴലിക്കാറ്റിന്റെ വേഗം ശരാശരി മണിക്കൂറിൽ 37 കിലോമീറ്റർവരെ കൂടുമെന്നാണ് ഗവേഷകർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം സമുദ്രതാപനിലയും വായുവിലെ ഈർപ്പവും വർധിപ്പിച്ച്, ചുഴലിക്കാറ്റുകൾക്ക് അധിക ഇന്ധനം നൽകുന്നു എന്നർഥം. അറ്റ്‌ലാന്റിക്‌ സമുദ്രത്തിൽ സാധാരണ ജൂൺമുതൽ നവംബർവരെ ചുഴലിക്കാറ്റുകളുടെ സീസണാണ്‌. ഇ‍ൗ വർഷത്തെ 13–ാമത്തെ ചുഴലിക്കാറ്റാണ്‌ മെലിസ. ഇ‍ൗ മേഖലയിൽ ചുഴലിക്കാറ്റുകളുടെ എണ്ണം ഇരട്ടിയായി എന്നതും പ്രത്യേകത. ഒക്ടോബറോടെ കരീബിയൻ മേഖലയിൽ ചുഴലിക്കാറ്റുകൾ കുറയാറുണ്ട്‌. എന്നാൽ, ഇ‍ൗ വർഷം ആദ്യം വലിയ ചുഴലിക്കാറ്റുകൾ ഇല്ലാതിരുന്നതിനാൽ സമുദ്രം ചൂട് ശേഖരിച്ച നിശ്ചല ഇന്ധനശേഖരംപോലെ നിലനിന്നു. അതിന്മേലാണ്‌ മെലിസ രൂപപ്പെട്ട്‌ കാറ്റഗറി 5ൽപ്പെടുന്ന ചുഴലിക്കൊടുങ്കാറ്റായി മാറിയത്‌.


ഇത്തരം ചുഴലിക്കാറ്റുകൾമൂലം മൂന്നു പ്രധാനതരത്തിലുള്ള നാശങ്ങൾ ഉണ്ടാകാറുണ്ട്. കാറ്റുമൂലമുള്ള നേരിട്ടുള്ള ഘടനാപരമായ നാശം, കനത്ത മഴയും വെള്ളപ്പൊക്കവും, തീരപ്രദേശങ്ങളിലെ ഉയർന്ന തിരമാലകൾ (storm surge) എന്നിവ. കാലാവസ്ഥാ വ്യതിയാനംമൂലം ഇത്തരത്തിലുള്ള അതിശക്തമായ ചുഴലിക്കാറ്റുകളുടെ സാധ്യത വർധിച്ചുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും, ആധുനിക കാലാവസ്ഥാ നിരീക്ഷണ മുന്നറിയിപ്പ് സംവിധാനങ്ങളുടെയും മോഡലുകളുടെയും സഹായത്തോടെ മരണസംഖ്യയും നാശനഷ്ടവും കുറയ്ക്കാൻ കഴിയുന്നുണ്ട്.


ബംഗാൾ ഉൾക്കടലിൽ


ജമൈക്കയിൽ മെലിസ സംഹാരതാണ്ഡവമാടിയപ്പോൾ, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോൻത ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിന്റെ തീരമണഞ്ഞു. രണ്ടുലക്ഷം ഏക്കർ കൃഷി നശിച്ചു. ഗതാഗത–വെെദ്യുത മേഖലയിലും വൻനാശനഷ്ടം ഉണ്ടായി. മോൻത എന്നതിനർഥം സുന്ദരം അല്ലെങ്കിൽ സുഗന്ധമുള്ള പൂവ് എന്നാണ്‌. ഈ പേര് നിർദേശിച്ചത് തായ്‌ലൻഡാണ്. ഉത്തര ഇന്ത്യൻമഹാസമുദ്ര മേഖലയിൽ ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് നിയന്ത്രിക്കുന്നത്‌ ലോക കാലാവസ്ഥാ സംഘടന (WMO)യാണ്‌. ഇ‍ൗ മേഖലയിലെ 13 രാജ്യങ്ങളിൽ ഒന്നാണ്‌ തായ്‌ലൻഡ്‌. മോൻതയ്ക്കൊപ്പം അറബിക്കടലിലും ഒരു ന്യൂനമർദം സജീവമായിരുന്നു. ഏകദേശം ഇതിനുസമാനമായി 2018 ഒക്ടോബറിൽ അറബിക്കടലിൽ ലുബാൻ സൈക്ലോനും ബംഗാൾ ഉൾക്കടലിൽ തിത്തിലി സൈക്ലോനും ഉണ്ടായിരുന്നു.


​(കുസാറ്റ്‌ റഡാർ റിസർച്ച്‌ സെന്റർ 
ഡയറക്ടറാണ്‌ ലേഖകൻ)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home