print edition ഇലക്കറികളെ മറക്കരുത്

കെ ജേക്കബ് ആദിച്ചനല്ലൂർ
Published on Oct 02, 2026, 12:00 AM | 2 min read
ഭക്ഷണക്രമത്തിൽ ഇലക്കറികൾക്കുള്ള സ്ഥാനം വളരെ വലുതാണ്. ദീർഘകാല ഇലക്കറികൾ ആരോഗ്യസംരക്ഷണത്തിലും രോഗപ്രതിരോധ ശേഷിയിലും വഹിക്കുന്ന പങ്ക് ചെറുതല്ല. പോഷകസമൃദ്ധമായ ഇവയുടെ കൃഷിരീതി ആയാസരഹിതവും ലളിതവുമാണ്. ചായമിൻസ്, മുരിങ്ങ, മധുരച്ചീര, വള്ളിച്ചീര ഇവ ദീർഘകാലം തുടർച്ചയായി വിളവ് തരാൻ കഴിയുന്ന ഇലവർഗങ്ങളാണ്. ഇവയൊക്കെ ദിവസവും ആഹാരത്തിന്റെ ഭാഗമാക്കുന്നത് ഗുണകരമാകും
മുരിങ്ങയില: പോഷകസമൃദ്ധമായ ഇലകളിൽ മറ്റൊരു പ്രധാനപ്പെട്ട ഇനംതന്നെയാണ് മുരിങ്ങയില. ഇലയും പൂവും കായും ഒരുപോലെ ഭക്ഷ്യയോഗ്യമാണ്. വെള്ളം കെട്ടിനിൽക്കാത്തതും സൂര്യപ്രകാശം വേണ്ടുവോളം കിട്ടുന്നതുമായ ഇടം കൃഷിക്കായി തെരഞ്ഞെടുക്കുക. ഒരടി താഴ്ചയിൽ ഉണങ്ങിയ ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് ഇവ ചേർത്ത് കുഴികളിൽ മൂപ്പെത്തിയ കമ്പുകൾ മുറിച്ചുനട്ട് കൃഷി ചെയ്യാം. വളർന്നുവരുന്നതോടെ മുകൾഭാഗം മുറിച്ചുവിട്ടാൽ ധാരാളം ശിഖരങ്ങൾ ഉണ്ടാകുന്നതിനും സമൃദ്ധിയായി വളരുന്നതിനും സഹായിക്കും.
മധുരച്ചീര: വീട്ടുവളപ്പിലും വേലിക്കെട്ടിലും അനായാസം വളർത്താവുന്ന ഒന്നാണ്. വേലിച്ചീര എന്ന പേരിലും അറിയപ്പെടുന്ന ധാതുസമ്പുഷ്ടമായ ഇവയ്ക്ക് പ്രത്യേക പരിചരണമൊന്നും ആവശ്യമില്ല. സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ രണ്ടടി അകലം വിട്ട് ചെറിയ കുഴികളിൽ മൂപ്പെത്തിയ കമ്പുകൾ നടാം. വളർന്നുവരുന്നതോടെ തലപ്പുകൾ നുള്ളിവിട്ടാൽ കൂടുതൽ ശിഖരങ്ങളും ധാരാളം ഇലകളും ഉണ്ടാകും.
വള്ളിച്ചീര: ചുവപ്പും പച്ചയും നിറത്തിൽ രണ്ടിനമുണ്ട്. വീട്ടുവളപ്പിലും ടെറസിലും പന്തൽ കെട്ടി പടർത്തിവിടാവുന്നതാണ്. ഏറെ ധാതുസമ്പുഷ്ടമായ ഇവയുടെ വിളഞ്ഞുപാകമായ വിത്തുകൾ പാകി കിളിർപ്പിച്ചോ മൂപ്പെത്തിയ കമ്പുകൾ നട്ടോ കൃഷി ചെയ്യാം. തടങ്ങളിൽ എല്ലായ്‌പ്പോഴും ഈർപ്പം നിലനിർത്തണം. മുകൾഭാഗവും ഇലകളും നുള്ളിക്കൊടുത്താൽ അനായാസം ശാഖകൾ വളരാനും ധാരാളം ഇലകൾ ലഭിക്കുന്നതിനും സഹായിക്കും.
ചായമിൻസ: അപ്പൂപ്പൻ ചീര, കപ്പച്ചീര എന്നും വിളിപ്പേരുള്ള ഇവ സാധാരണ ഒരു കുറ്റിച്ചെടിയായി വളരുന്നവയാണ്. പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ സി, കാത്സ്യം ഇവയാൽ സമ്പുഷ്ടമായതുമാണ്. വിളർച്ചയെ തടയുന്നതിനും കാഴ്ചശക്തി വർധിപ്പിക്കുന്നതിനും അസ്ഥികളുടെ ആരോഗ്യത്തെ നിലനിർത്തുന്നതിനും ഏറെ സഹായിക്കുന്നു. മൂപ്പുള്ള കമ്പുകൾ നട്ടാണ് ഇവയുടെ കൃഷിരീതി. 20–-25 സെന്റിമീറ്റർ നീളമുള്ള ചെറിയ കമ്പുകൾ ചാണകപ്പൊടി, അഥവാ കമ്പോസ്റ്റ്, മണൽ ഇവ ചേർത്ത ചെറുകുഴികളിൽ 10–-15 സെന്റിമീറ്റർ ആഴത്തിൽ നടാവുന്നതാണ്. വരൾച്ചയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഇവ തുറസ്സായതും വെള്ളം കെട്ടിനിൽക്കാത്തതുമായ സ്ഥലങ്ങളിൽ യഥേഷ്ടം വളരും.









0 comments