ആർസിസിയിലെ ജയിൽ ഫുഡ് കൗണ്ടർ ഒഴിപ്പിക്കുന്നു; ഇല്ലാതാക്കുന്നത് പാവങ്ങളുടെ ആശ്വാസം

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ജയിൽ വകുപ്പിന്റെ ഫുഡ് കൗണ്ടർ ഒഴിപ്പിക്കുന്നു. ദിനവും നൂറുകണക്കിന് രോഗികൾക്ക് ആശ്രയമായിരുന്ന ഫുഡ് കൗണ്ടറായി മാറ്റുന്നത്. ഫാർമസിയുടെ നിർമാണ ആവശ്യങ്ങൾക്കായാണ് ഫുഡ് കൗണ്ടർ മാറ്റി സ്ഥാപിക്കുന്നതെന്നാണ് ആർസിസിയുടെ വിശദീകരണം. കുറഞ്ഞ വിലയിൽ ഭക്ഷണം ലഭിക്കുന്ന സംവിധാനമാണ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നത്.
പേഷ്യന്റ് വെൽഫെയർ ബ്ലോക്കിലേക്കാവും ഫുഡ് കൗണ്ടർ മാറ്റി സ്ഥാപിക്കുക. ഈ മാസം 15നകം സ്ഥലം ഒഴിയണമാവശ്യപ്പെട്ട് ആർസിസി ഡയറക്ടർ ജയിൽ വകുപ്പിന് കത്ത് നൽകി.
ആർസിസിയിലെ മെയിൻ ബ്ലോക്കിലേക്ക് പോകുന്ന ഇടനാഴിയിൽ സഹകരണ സംഘത്തിന്റെ ഫുഡ് കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. ഇതിന് സമീപത്തായാണ് ജയിൽ വകുപ്പിന്റെ കാന്റീനും അനുവദിച്ചിരുന്നത്. വളരെ പരിമിതമായ സ്ഥലമാണ് അനുവദിച്ചിരുന്നത്. ലഘുഭക്ഷണവും കുടിവെള്ളവും പാനീയങ്ങളും വളരെ കുറഞ്ഞ നിരക്കിലാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൗണ്ടറിൽ നിന്ന് ലഭ്യമായിരുന്നത്.
ആർസിസി ബ്ലോക്കിലേക്ക് പ്രവേശിച്ചാൽ പുറത്തിറങ്ങി വീണ്ടും അകത്തു കയറുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. അതിനാൽ പുറത്തുപോയി ഭക്ഷണം കഴിച്ച് മടങ്ങിയെത്തുക രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രായോഗികമല്ല. ഇത്തരം സാഹചര്യത്തിൽ ഉള്ളിലെ കാന്റീൻ സേവനം ഇവർക്ക് വലിയ ആശ്വാസമായിരുന്നു.
ജയിൽ കാന്റീൻ പൂർണ്ണമായി ഒഴിവാക്കുകയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പുതിയ ഫാർമസി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് നിലവിലെ കാന്റീൻ മാറ്റുന്നതെന്നും ഡയറക്ടർ ഡോ. ആർ രജനീഷ് കുമാർ അറിയിച്ചു.








0 comments