15 വർഷത്തിനിടെ 7 ദുരൂഹ മരണം: കൂടത്തിൽ കേസിൽ വർഷങ്ങൾക്കുശേഷം കാര്യസ്ഥൻ അറസ്റ്റിൽ

തിരുവനന്തപുരം: കരമന കൂടം കുടുംബത്തിലുണ്ടായ ദുരൂഹ മരണങ്ങളിൽ വർഷങ്ങൾക്കു ശേഷം പ്രതി അറസ്റ്റിലായി. കുടുംബത്തിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രനാണ് അറസ്റ്റിലായത്. കൂടത്തിൽ കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസിൽ രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരകൾക്കു ശേഷമാണ് കരമന കൂടം കുടുംബത്തിലെ മരണങ്ങളുടെ ദുരൂഹതകളും മറനീക്കി പുറത്തുവന്നത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. വർഷങ്ങളായുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ജയമാധവൻനായുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. ഫോറൻസിക് റിപ്പോർട്ടാണ് കേസിൽ വഴിത്തിരിവായത്. കുടുംബത്തെ ഇല്ലാതാക്കി കൊണ്ട് ഭൂമി തട്ടിയെടുക്കുകയായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്. കോടകിളുടെ സ്വത്തിന് അനന്തരവകാശികളാകേണ്ട ഏഴു പേർ കഴിഞ്ഞ 15 വർഷത്തിനിടെ മരിച്ചു. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്.
തുടർന്ന് സ്വത്തുക്കൾ രവീന്ദ്രൻ നായരുടെയും ഇയാളുടെ ബന്ധുക്കളുടെയും പേരിൽ ഇഷ്‌ടദാനം എഴുതിയതായി കണ്ടെത്തി. ഇതോടെ കുടുംബാംഗങ്ങളുടെ മരണം കൊലപാതകമാണെന്നും രവീന്ദ്രനു പങ്കുണ്ടെന്നുമുള്ള ആരോപണങ്ങൾ ശക്തമായി. സംഭവത്തിൽ പരാതിയുമായി ബന്ധുക്കളും രംഗത്തെത്തി. വ്യാജവിൽപ്പത്രത്തിലൂടെയാണ് സ്വത്തുവകകൾ സ്വന്തമാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നാലെയാണ് രവീന്ദ്രന്റെ അറസ്റ്റിലേയ്ക്ക് നീങ്ങിയത്.







0 comments