എല്‍പിഎസ്ടി സമരം നൂറാം ദിനം
ലിസ്റ്റിലുള്ളവർക്ക് ജോലിയില്ല, ഇഷ്ടക്കാർക്ക് പിൻവാതിൽ നിയമനം; നിയമസഭ വളഞ്ഞ് ഉദ്യോഗാര്‍ഥികള്‍

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നിയമസഭ വളഞ്ഞ് മനുഷ്യച്ചങ്ങല തീർത്തപ്പോൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കടുത്ത വഞ്ചനയിൽ പ്രതിഷേധിച്ച് നിയമസഭ വളഞ്ഞ് എൽപിഎസ്‌ടി ഉദ്യോഗാർഥികൾ. റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയറ്റിനുമുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല രാപകൽ സമരം നൂറുദിവസം പിന്നിട്ടതിനെ തുടർന്നായിരുന്നു പ്രതിഷേധം. റാങ്ക് ലിസ്‌റ്റിൽ ഇടംപിടിച്ചവർക്ക് ജോലി നൽകാതെ കോഴ നിയമനം നടത്തുന്ന സർക്കാരിന്റെ നയങ്ങൾക്കെതിരെ നൂറുകണക്കിന് ഉദ്യോഗാർഥികൾ മനുഷ്യച്ചങ്ങല തീർത്തു.
നാല് ജില്ലയിൽ റാങ്ക് ലിസ്റ്റിലെ ഒന്നാംറാങ്കുകാർക്കും നിയമനം ലഭിച്ചിട്ടില്ല. അർഹമായ നിയമനം ഉറപ്പാക്കാൻ ഒഴിവ് കണ്ടെത്തി നികത്തണമെന്ന് ആവശ്യപ്പെട്ട് 37 ദിവസത്തെ സമരവും 13 ദിവസത്തെ നിരാഹാരവും പിന്നിട്ട വേളയിൽ സർക്കാർ ഉദ്യോഗാര്‍ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പഠനവിധേയമാക്കാൻ സർക്കാർ 45 ദിവസം സമയം ആവശ്യപ്പെട്ടു. പിന്നീട് 51 ദിവസങ്ങൾക്കുശേഷം വീണ്ടും ചർച്ച നടന്നെങ്കിലും അധ്യാപക–വിദ്യാർഥി അനുപാതം 1:25 ആയി പുനർനിശ്ചയിക്കണമെന്ന ആവശ്യം തള്ളി.
സർക്കാരിന്റെ വഞ്ചനാനിലപാടിനെതിരെ ശവശയ്യ ഒരുക്കിയും പുല്ലുതിന്നും പാട്ടപെറുക്കിയുമെല്ലാം പ്രതിഷേധങ്ങൾ തുടരുകയാണ്. കോഴ നിയമനം അവസാനിപ്പിക്കുക, എയ്‌ഡഡ് നിയമനം പിഎസ്‌സിക്ക് വിടുക, റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് സമരം. നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് സമരസമിതി കൺവീനർ എസ് വളർമതി പറഞ്ഞു.








0 comments