ad
Deshabhimani

print edition ചൂട് കൊടുംചൂട് 

Summer Season
avatar
ഡോ. കുശല രാജേന്ദ്രൻ

Published on Apr 24, 2026, 10:53 AM | 3 min read

വേനലിന്റെ കാഠിന്യം ഏറി വരികയാണ്‌. ഇത് അറബിക്കടലിന്റെയോ കേരളത്തിന്റെയോ മാത്രം പ്രശ്‌നമല്ല, ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ദൂരവ്യാപകവുമായ മാറ്റങ്ങളുടെ ഭാഗമാണ്. അതിലൊന്നാണ് വർധിച്ചുവരുന്ന സമുദ്രോപരിതല താപനില (Sea Surface Temperature, SST). കഴിഞ്ഞ 40 വർഷത്തിനുള്ളിൽ മാത്രം ആഗോളസമുദ്രതാപനിലയിൽ 0.6 ഡിഗ്രി സെൽഷ്യസ് വർധനയുണ്ടായി. വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ വർധന ഏകദേശം 0.9 ശതമാനത്തിലധികമാണ്‌. ഭൗമോപരിതലത്തിന്റെ 70 ശതമാനംവരുന്ന സമുദ്രങ്ങൾ ഹരിതഗൃഹ വാതകങ്ങളുടെ ഭൂരിഭാഗവും ആഗിരണംചെയ്യുന്നു. സമുദ്രതാപനില വർധന വിനാശകരമായ പല പ്രത്യാഘാതങ്ങൾക്കും കാരണമാകുന്നു.


ഇന്ത്യൻ മഹാസമുദ്രം താപക്കെണി


എന്തുകൊണ്ട് ഇന്ത്യൻ മഹാസമുദ്രം കൂടുതൽ ചൂടാകുന്നു? ആഗോളതലത്തിൽ സമുദ്രങ്ങളുടെ താപനില വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ മഹാസമുദ്രഭാഗം കൂടുതൽ വേഗത്തിൽ ചൂടായിക്കൊണ്ടിരിക്കുന്നു. ഇതിനുള്ള പ്രധാന കാരണം അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളിൽനിന്ന് വ്യത്യസ്‌തമായി, ഇന്ത്യൻ പ്രദേശങ്ങളിൽ മഹാസമുദ്രത്തിന്റെ വടക്കൻ കരപ്രദേശങ്ങൾ വരുത്തുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ്. പസഫിക്ക് സമുദ്രത്തിൽനിന്ന് ഇവിടേക്ക്‌ പ്രവേശിക്കുന്ന ചൂടുള്ള ജലം വായുസഞ്ചാരം പരിമിതമായ താപം നഷ്ടപ്പെടാതെ അടിഞ്ഞുകൂടുന്നു. അറേബ്യൻ സമുദ്രം പോലെയുള്ള തുറസ്സല്ലാത്ത സമുദ്രങ്ങൾ ഒരുതരം ‘താപക്കെണി' പോലെ പ്രവർത്തിക്കുന്നതുകൊണ്ട് സമുദ്രോപരിതല താപനില സുസ്ഥിരമായി ഉയർന്ന നിലയിലായിരിക്കും. സമുദ്രതാപനം ഏറ്റവുമധികം പ്രകടമാകുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലാണ്. കഴിഞ്ഞ 60 വർഷത്തിനിടയിൽ, വേഗത്തിൽ ഇന്ത്യൻ മഹാസമുദ്രം ആഗോള ശരാശരിയേക്കാൾ ചൂടായിക്കൊണ്ടിരിക്കുന്നു.


ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ചില പ്രദേശങ്ങൾ ഏകദേശം 1.0-‐1.2 °സെൽഷ്യസ്‌ വരെ ചൂടായിട്ടുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2026 ഫെബ്രുവരി അവസാനത്തോടെ, ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല താപനില ചില പ്രദേശങ്ങളിൽ 30°സെൽഷ്യസ്‌ കവിഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തോടു ചേർന്നുകിടക്കുന്ന ദക്ഷിണേഷ്യ, കിഴക്കൻ ആഫ്രിക്ക, ഓസ്ട്രേലിയ, ദ്വീപ് രാഷ്ട്രങ്ങൾ തുടങ്ങിയ പ്രദേശങ്ങളെയെല്ലാം ഈ പ്രതിഭാസം ബാധിക്കുന്നു.


അറബിക്കടലും


ഇന്ത്യൻ മഹാസമുദ്രത്തിനുള്ളിൽത്തന്നെ ഏറ്റവും വേഗത്തിൽ ചൂടാകുന്ന പ്രദേശമായ അറബിക്കടലിനോട് ചേർന്നുകിടക്കുന്ന കേരളത്തിൽ സമുദ്രതാപനത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾത്തന്നെ അറബിക്കടലിൽ ചൂടേറുന്നു. ദീർഘകാലം സുസ്ഥിര താപനില നിലനിർത്തിയിരുന്ന അറബിക്കടലിലെ ഉപരിതല ജലതാപനില കഴിഞ്ഞ നൂറ്റാണ്ടിന്റെ ശൈത്യകാല മാസങ്ങൾക്ക്‌ അവസാനംമുതൽ സ്ഥിരമായി ഉയർന്നുകൊണ്ടിരിക്കുന്നു.


ശേഷം (നവംബർ–-ജനുവരി), വസന്തകാലത്ത് (ഫെബ്രുവരി–-ഏപ്രിൽ) അറബിക്കടലിലെ ശരാശരി സമുദ്രോപരിതല താപനില സാധാരണയായി 23°സെൽഷ്യസ്‌ മുതൽ 28°സെൽഷ്യസ്‌ വരെ ഉയരാറുണ്ട്. മഴക്കാലത്തിനു മുമ്പുള്ള ഘട്ടത്തിൽ അറബിക്കടലിന്റെ വടക്കും വടക്ക് പടിഞ്ഞാറൻ മേഖലകളിലും താപനില 26.5°സെൽഷ്യസ്‌ മുതൽ 29°സെൽഷ്യസ്‌ വരെയും പടിഞ്ഞാറൻ മേഖലകളിൽ 26.5°സെൽഷ്യസ്‌ മുതൽ -30°സെൽഷ്യസ്‌ വരെയും എത്താം. ഇ‍ൗ വർഷം തുടക്കത്തിൽ അറേബ്യൻ കടലും ഇന്ത്യൻ മഹാസമുദ്ര മേഖലയും ശരാശരിയേക്കാൾ ഉയർന്ന സമുദ്രോപരിതല താപനില രേഖപ്പെടുത്തിയിരിക്കുന്നു. ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ഇ‍ൗ അവസ്ഥ നിലനിൽക്കുമെന്നാണ്‌ പ്രവചനം. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നൽകുന്ന വിവരങ്ങളനുസരിച്ച് മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ, പസഫിക് ലാ നിന സാഹചര്യങ്ങൾ ദുർബലമാകുമ്പോൾ, ഇന്ത്യൻ മഹാസമുദ്രത്തിൽ സാധാരണയേക്കാൾ ചൂട് കൂടുതലായിരിക്കും.


എന്തുകൊണ്ട് സമുദ്രതാപനം


ഗ്രീൻഹൗസ് വാതകങ്ങൾ അന്തരീക്ഷത്തിലെത്തുമ്പോൾ വർധിക്കുന്ന ചൂടിന്റെ ഭൂരിഭാഗവും സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നതാണ് താപവർധനയുടെ പ്രധാന കാരണം. ശൈത്യകാല ശീതീകരണത്തിലെ കുറവ്, മൺസൂൺ കാറ്റുകളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ, തണുത്ത ആഴക്കടലിൽനിന്ന് മുകളിലേക്ക് കലരുന്ന ജലത്തിന്റെ കുറവ് തുടങ്ങിയ പ്രാദേശിക പ്രതിഭാസങ്ങളും സമുദ്രോപരിതലം ചൂടുപിടിക്കാൻ കാരണമാകുന്നു. സമുദ്രങ്ങൾ ചൂടാകുന്നതിനു കാരണമാകുന്ന ഭൗതിക ഘടകങ്ങളിൽ പ്രധാനമാണ് സമുദ്ര പാളീകരണം (ocean stratification). ആഴത്തിനനുസരിച്ച് താപനിലയും ഉപ്പിന്റെ അളവും വ്യത്യാസപ്പെടുമ്പോൾ സമുദ്രജലം അടരുകളായി ക്രമീകരിക്കപ്പെടുന്ന അവസ്ഥയാണിത്‌. ഇതോടെ ചൂടുകൂടിയ, ഉപ്പു കുറഞ്ഞ, ലഘുത്വവുമുള്ള ജലം മുകളിലും ഉപ്പുകൂടിയ തണുത്ത വെള്ളം താഴെയും രൂപപ്പെടുന്നു. ശക്തമായ സൂര്യതാപം, മൺസൂൺ മഴ, നദികളിൽനിന്നുള്ള ഒഴുക്ക് തുടങ്ങിയ ഘടകങ്ങൾ ചേർന്നാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ഉപ്പുകുറഞ്ഞ മേൽപ്പാളി രൂപപ്പെടുത്തുന്നത്. ജലം തുടർച്ചയായി നീങ്ങിക്കൊണ്ടിരിക്കുന്ന സമുദ്രത്തിൽ കാറ്റും തിരമാലകളും സമുദ്രജലത്തെ മഥിക്കുകയും താഴെനിന്ന് തണുത്ത വെള്ളം മുകളിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന സ്വാഭാവിക അവസ്ഥയിൽ ഈ പാളികൾ അസ്ഥിരമാകുകയും, ഉപരിതല ജലം പൂർവസ്ഥിതിലേക്ക്‌ മടങ്ങുകയും ചെയ്യും. എന്നാൽ, പ്രവർത്തനങ്ങൾ ശിഥിലമാകുകയും, പാളികൾ സുസ്ഥിരമാകുകയും ചെയ്യുമ്പോൾ ചൂട് സമുദ്രോപരിതലത്തിൽ തങ്ങി നിൽക്കുന്നു. ഇതാണ് ഇന്ത്യൻ സമുദ്രത്തിൽ വർധിച്ചു വരുന്ന സമുദ്ര ചൂട് തരംഗങ്ങളുടെ (marine heatwaves) പ്രധാന കാരണം.


പ്രത്യാഘാതങ്ങൾ


സമുദ്രതാപനത്തിന്റെ ഫലങ്ങൾ ഏതാനും ദിവസങ്ങൾ മാത്രം നിലനിൽക്കുന്ന ഒരു ഉഷ്ണതരംഗമല്ല, കാലാവസ്ഥയിലും തീരദേശ ആവാസവ്യവസ്ഥകളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഗൗരവകരമായ അവസ്ഥയാണ്. ഉയരുന്ന താപം താഴ്ന്ന മർദവുമായി ചേർന്ന്, ചൂടേറിയതും ഈർപ്പമുള്ളതുമായ അവസ്ഥസൃഷ്ടിക്കുന്നത് കേരളതീരത്ത്‌ താമസിക്കുന്നവർക്ക്‌ പുതിയ അനുഭവമല്ല. അറബിക്കടലിലെ താപവർധനയുടെ ഏറ്റവും ആശങ്കാജനകമായ അനന്തരഫലങ്ങളിൽ ഒന്നാണ് ചുഴലിക്കാറ്റുകളുടെ സാധ്യത. ബംഗാൾ ഉൾക്കടലിനെ അപേക്ഷിച്ച് ശക്തമായ ചുഴലിക്കാറ്റുകൾ കുറവായിരുന്ന അറബിക്കടലിന്റെ അവസ്ഥ മാറിയിരിക്കുന്നു. ചൂടുള്ള സമുദ്രജലത്തിനിന്ന് കൂടുതൽ ഊർജവും ഈർപ്പവും ലഭിക്കുന്നതോടെ കൊടുങ്കാറ്റുകളുടെയും ചുഴലിക്കാറ്റുകളുടെയും എണ്ണവും തീവ്രതയും വർധിക്കുന്നു. വർധിക്കുന്ന താപനില മഴയുടെ സ്വഭാവം അനിശ്ചിതമാക്കാനുള്ള സാധ്യതയുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home