കപ്പലിലെ വൈറസും കരയിലെ ആശങ്കയും

ഡോ. എം. മുഹമ്മദ് ആസിഫ്
Published on May 08, 2026, 07:33 AM | 2 min read
അറ്റ്‌ലാന്റിക് സമുദ്രത്തിൽ അർജന്റീനയിൽനിന്ന് കേപ് വെർഡെയിലേക്ക് യാത്ര പോയ ‘എംവി ഹോൻഡിയസ്' എന്ന പോളാർ ക്രൂസ് കപ്പലിൽ റിപ്പോർട്ട് ചെയ്‌ത ഹാന്റ വൈറസ് ബാധ ആഗോളതലത്തിൽ ആരോഗ്യ ആശങ്കയായി മാറിയിരിക്കുകയാണ്. ഇതുസംബന്ധിച്ച വാർത്തകൾ ഓരോ ദിവസവും മാധ്യമങ്ങളിൽ നിറയുന്നു. നൂറ്റമ്പതോളം ആളുകളുമായി യാത്രതിരിച്ച കപ്പലിലെ യാത്രക്കാരിൽ ചിലരിൽ ഈ മാസം തുടക്കത്തിലാണ് ശ്വാസകോശസംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റ വൈറസ് പൾമണറി സിൻഡ്രോം (HPS) എന്ന രോഗമാണിതെന്ന് സ്ഥിരീകരിച്ചു. ഇതുവരെ ഏഴ് കേസുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മൂന്നു മരണം റിപ്പോർട്ട് ചെയ്‌ത് കഴിഞ്ഞു. കപ്പൽ കരയിലടുപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
ജന്തുജന്യരോഗം
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യരോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഹാന്റ വൈറസ്. എലികൾ ഉൾപ്പെടെയുള്ള കരണ്ടുതീനികളുടെ മലമൂത്രവിസർജ്യങ്ങളിലൂടെയും ഉമിനീരിലൂടെയുമാണ് ഇൗ വൈറസ് മനുഷ്യരിൽ എത്തുന്നത്. മനുഷ്യരിൽ രോഗമുണ്ടാക്കുന്ന മുപ്പതോളം ഹാന്റ വൈറസ് വകഭേദങ്ങളെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നായി ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണയായി ഹാന്റ വൈറസ് വകഭേദങ്ങൾ കോവിഡുപോലെ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരാറില്ലെങ്കിലും, ലാറ്റിനമേരിക്കയിൽ കാണുന്ന ‘ആൻഡീസ് വൈറസ്' എന്ന ഹാന്റ വൈറസ് വകഭേദം മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതായി മുമ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ആൻഡീസ് ഹാന്റ വൈറസ് വകഭേദത്തോട് സമാനതയുള്ളതാണ് എംവി ഹോൻഡിയസ് കപ്പലിലെ രോഗബാധയെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ ലോകാരോഗ്യസംഘടന അതീവഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്.
പേര് വന്ന വഴി
1951–53 കാലത്ത് കൊറിയൻ യുദ്ധസമയത്ത് മൂവായിരത്തോളം സൈനികരെ ബാധിച്ച ‘കൊറിയൻ ഹെമറേജിക് ഫീവർ' എന്ന രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നത് കാൽനൂറ്റാണ്ടിനുശേഷമാണ്. 1978-ൽ ദക്ഷിണ കൊറിയയിലെ ഹാൻ നദീതീരത്ത് കാണപ്പെടുന്ന സ്ട്രൈപ്ഡ് ഫീൽഡ് എലികളിൽനിന്ന് വേർതിരിച്ചെടുത്ത ഹാന്റാൻ വൈറസാണ് ഈ രോഗത്തിന് കാരണമാകുന്നതെന്ന് തെളിഞ്ഞു. ഈ നദിയുടെ പേരിനെ അടിസ്ഥാനമാക്കിയാണ് ഹാന്റ വൈറസ് എന്ന പേര് പ്രചാരത്തിലായത്. എന്നാൽ, ലോകത്ത് ആദ്യമായി ഒരു ഹാന്റ വൈറസിനെ കണ്ടെത്തുന്നത് 1964-ൽ തമിഴ്‌നാട്ടിലെ വെല്ലൂരിൽനിന്നാണ്. ജപ്പാൻജ്വരത്തെക്കുറിച്ചുള്ള പഠനത്തിനിടെ ഒരു നച്ചെലി (Shrews)യിൽനിന്ന് കണ്ടെത്തിയ ‘തോട്ടപാളയം വൈറസാ’ണ് (Thottapalayam virus) ശാസ്ത്രീയമായി ഈ ഗണത്തിൽ ആദ്യം തിരിച്ചറിഞ്ഞ വൈറസ്. എന്നാൽ, കൊറിയൻ കണ്ടെത്തലിലൂടെയാണ് ഈ വൈറസ്‌കുടുംബത്തിന് ആഗോളതലത്തിൽ ഹാന്റ വൈറസ് എന്ന പേര് ലഭിച്ചത്.
വാഹകരും വ്യാപനവും
ഹാന്റ വൈറസുകളുടെ പ്രധാന വാഹകർ എലി വർഗത്തിൽപ്പെട്ട ചെറിയ സസ്തനികളാണെങ്കിലും ഇവ ഈ ജീവികളിൽ ഒരുവിധ രോഗലക്ഷണങ്ങളും പ്രകടമാക്കാറില്ല എന്നതാണ് വസ്തുത. പ്രധാനമായും സ്രവങ്ങളിലൂടെയും വിസർജ്യങ്ങളിലൂടെയുമാണ് ഈ വൈറസ് എലികളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്നത്. ഭൂപ്രദേശങ്ങൾക്കനുസരിച്ച് വൈറസ് വാഹകരായ എലികളിലും വ്യത്യാസമുണ്ട്; ഏഷ്യയിൽ സ്ട്രൈപ്ഡ് ഫീൽഡ് റാറ്റ് (Apodemus agrarius), സാധാരണ എലികൾ (Rattus norvegicus), പെരുച്ചാഴി (Bandicoota indica) എന്നിവ വൈറസ് വഹിക്കുമ്പോൾ, അമേരിക്കൻ രാജ്യങ്ങളിൽ ഡിയർ മൈസ് (Peromyscus maniculatus), പിഗ്മി റൈസ് റാറ്റ് (Oligoryzomys sp) എന്നിവയാണ് പ്രധാന ഉറവിടങ്ങൾ. എലികളുടെ മൂത്രം, ഉമിനീർ, വിസർജ്യം എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ഇവ വായുവിൽ കലർന്നുണ്ടാകുന്ന കണികകൾ ശ്വസിക്കുന്നതിലൂടെയോ ആണ് മനുഷ്യരിലേക്ക് രോഗബാധയുണ്ടാകുന്നത്.
രോഗലക്ഷണവും തീവ്രതയും
ഹാന്റ വൈറസ് ബാധ മനുഷ്യരിൽ രണ്ടു പ്രധാന രോഗാവസ്ഥകളാണ് ഉണ്ടാക്കുന്നത്: ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റ വൈറസ് പൾമണറി സിൻഡ്രോമും (HPS/HCPS), വൃക്കകളെ ബാധിക്കുന്ന ഹെമറേജിക് ഫീവർ വിത്ത് റീനൽ സിൻഡ്രോമും (HFRS). തുടക്കത്തിൽ പനി, കടുത്ത പേശീവേദന, ക്ഷീണം, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് കാണാറുള്ളതെങ്കിലും രോഗം മൂർച്ഛിക്കുന്നതോടെ ശ്വാസതടസ്സവും ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതവുമാകാം.
എങ്ങനെ പ്രതിരോധിക്കാം
നമ്മുടെ നാട്ടിലെ എലികളിലും ഹാന്റ വൈറസ് സാന്നിധ്യം ഉണ്ടാകാമെന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയിൽ എലികളിൽ നടത്തിയ സീറോസർവൈലൻസ് രക്തപരിശോധനാ പഠനങ്ങൾ ഇക്കാര്യം ശരിവയ്‌ക്കുന്നുണ്ട്. 2017-ൽ മുംബൈയിൽ ഒന്പതുവയസ്സുള്ള ഒരു കുട്ടിയിൽ ഹാന്റ വൈറസ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. എലികളെ നിയന്ത്രിക്കുക എന്നതുതന്നെയാണ് ഈ രോഗത്തെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം എലികൾക്ക് സുലഭമായ ഭക്ഷണസ്രോതസ്സാകുകയും അവയുടെ പ്രജനനശേഷി വർധിപ്പിക്കുകയും ചെയ്യും. ശരിയായ മാലിന്യസംസ്കരണംവഴി എലികളുടെ വർധന തടയാനാകും. കൂടാതെ, കാർഷികവിളകളും ധാന്യങ്ങളും സൂക്ഷിക്കുന്ന ഇടങ്ങളിൽ എലികൾ പെരുകാനുള്ള സാധ്യത കൂടുതലാണ്.











0 comments