വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കേന്ദ്രത്തിന്റെ നോട്ടീസ്; 'യൂസർനെയിം' ഫീച്ചറിൽ സുരക്ഷാ റിപ്പോർട്ട് തേടി

ന്യൂഡൽഹി: ഉപയോക്താക്കൾക്ക് ഫോൺ നമ്പറിന് പകരം യൂസർനെയിം ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങാൻ അനുവാദം നൽകുന്ന ഫീച്ചറിനെതിരെ നിലപാട് കർശനമാക്കി കേന്ദ്രസർക്കാർ. കഴിഞ്ഞദിവസം മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന് നോട്ടീസ് അയച്ചതിന് പിന്നാലെ, പ്രമുഖ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമുകളായ ടെലിഗ്രാമിനും സിഗ്നലിനും കേന്ദ്രം നോട്ടീസ് അയച്ചു.
ഈ ഫീച്ചറിന്റെ പ്രവർത്തനം സംബന്ധിച്ചും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ടെലിഗ്രാമിൽ നിലവിൽ തന്നെ യൂസർനെയിം ഫീച്ചർ ലഭ്യമാണ്. സിഗ്നലിൽ ഇത് ഉണ്ടെങ്കിലും നിർബന്ധമാക്കിയിട്ടില്ല.
ഫോൺ നമ്പറുകൾ മറ്റുള്ളവർ കാണാതെ സ്വകാര്യത ഉറപ്പാക്കാനാണ് കമ്പനികൾ ഈ സംവിധാനം കൊണ്ടുവരുന്നതെങ്കിലും, ഇത് ദുരുപയോഗം ചെയ്യപ്പെടാൻ വലിയ സാധ്യതയുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഉപയോക്താക്കളുടെ വിവരങ്ങൾ അജ്ഞാതമായി തുടരുന്നതിലൂടെ വ്യാജ അക്കൗണ്ടുകൾ ചമയ്ക്കൽ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണികൾ എന്നിവ രാജ്യത്ത് വൻതോതിൽ വർദ്ധിക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്.
കുറ്റവാളികൾക്ക് എളുപ്പത്തിൽ നിയമത്തിൽ നിന്ന് ഒളിക്കാൻ ഈ സംവിധാനം വഴിയൊരുക്കുമെന്നും കേന്ദ്രം ഭയപ്പെടുന്നു. യൂസർനെയിം ഫീച്ചർ രാജ്യത്ത് അവതരിപ്പിക്കുന്നതിന് മുൻപ് മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാനാണ് കഴിഞ്ഞദിവസം വാട്സാപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.
ചർച്ചകൾ പൂർത്തിയാകാതെ ഈ ഫീച്ചർ ഇന്ത്യയിൽ പുറത്തിറക്കരുതെന്നും കർശന നിർദ്ദേശമുണ്ട്. അതേസമയം, തട്ടിപ്പുകൾ തടയാൻ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് വാട്സാപ്പ് വ്യക്തമാക്കുന്നത്.
പ്രമുഖ വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, സെലിബ്രിറ്റികൾ എന്നിവരുടെ പേരുകളിലുള്ള യൂസർനെയിമുകൾ ആർക്കും പെട്ടെന്ന് സ്വന്തമാക്കാൻ കഴിയാത്ത രീതിയിൽ തടഞ്ഞുവെച്ചിട്ടുണ്ടെന്നും, സംശയാസ്പദമായ അക്കൗണ്ടുകളെ കണ്ടെത്താൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടെന്നും വാട്സാപ്പ് വക്താവ് അറിയിച്ചു.











0 comments