ad
Deshabhimani

ദിത്വ വന്നുപോയപ്പോൾ

Cyclone Ditwah srilanka
avatar
ഡോ. ശംഭു കുടുക്കശ്ശേരി

Published on Dec 06, 2025, 09:07 AM | 2 min read

ദിത്വ ചുഴലിക്കൊടുങ്കാറ്റ് ശ്രീലങ്കയിൽ നിരവധിപേരുടെ ജീവനെടുക്കുകയും കനത്ത നാശം വിതയ്‌ക്കുകയും ചെയ്തു. ഒപ്പം തമിഴ്‌നാട്ടിലും നാശനഷ്ടമുണ്ടാക്കി. തെക്കുകിഴക്കൻ ഇന്ത്യൻ ഉപദ്വീപ്‌ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും ഇത്‌ കാരണമായി. കനത്ത പേമാരിയിൽ പ്രളയവും ഉരുൾപൊട്ടലും ശ്രീലങ്കയിൽ ജനജീവിതം താറുമാറാക്കി. നവംബർ 26ന് ശ്രീലങ്കയുടെ തെക്കുകിഴക്കൻ സമുദ്രത്തിൽ രൂപംകൊണ്ട ന്യൂനമർദം പടിപടിയായി തീവ്ര ന്യൂനമർദവും അതിതീവ്ര ന്യൂനമർദവുമായി മാറുകയായിരുന്നു. ഇത്‌ നവംബർ 27ന് ചക്രവാത ചുഴലിക്കാറ്റായി ശ്രീലങ്കയിൽ കരതൊട്ടു. 29 വരെ ദിത്വ അവിടെ നിലകൊണ്ടു. ശ്രീലങ്കയുടെ കിഴക്കൻ തീരത്തുകൂടി വടക്കോട്ടേയ്ക്ക് നീങ്ങിയ ചുഴലിക്കാറ്റ് 29ന് ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് തീവ്രതയാർജിച്ച് തമിഴ്നാട്‌ തീരത്തിന്‌ സമാന്തരമായി നീങ്ങി.


​​പേര്‌ പവിഴപ്പുറ്റിൽനിന്ന്‌


ചുഴലിക്കാറ്റിന്റെ രൂപീകരണത്തിനും നിലനിൽപ്പിനും ആവശ്യമായ ഘടകങ്ങൾ ഏറെ അനുകൂലമായ സാഹചര്യങ്ങളാണ്‌ ഇ‍ൗ മേഖലയിൽ ഉണ്ടായിരുന്നത്‌. മധ്യ അന്തരീക്ഷക്കാറ്റിന്റെ രണ്ടുതലങ്ങളിലുള്ള വ്യത്യാസം (സെക്കൻഡിൽ 5–-7 മീറ്റർവരെ), 26.5 ഡിഗ്രി സെൽഷ്യസിനുമുകളിലുള്ള സമുദ്രോപരിതല ഊഷ്‌മാവ്‌ എന്നിവമൂലം ഏതാണ്ട് 30-ാംതീയതിവരെ ഒരേ തീവ്രതയിൽ ചുഴലിക്കാറ്റ് നിലകൊണ്ടു. യമനിലെ സൊകോട്രോ ദ്വീപുകളിലെ പവിഴപ്പുറ്റുകളായ ദ്വിത്വയിൽനിന്നാണ് ദിത്വ എന്ന പേര്‌ ചുഴലിക്കാറ്റിന്‌ വന്നത്‌. ഉപഗ്രഹ മേഘപടങ്ങളിൽനിന്ന്‌ കാണാനായ വളരെ കൃത്യതയോടെ വർത്തുളാകൃതിയിലുള്ള മേഘരൂപപ്പെടൽ ദിത്വയുടെ തീവ്രത മനസ്സിലാക്കാൻ സഹായകമായി. 30–-ാംതീയതിയോടെ തീരം തൊടാതെതന്നെ കൊടുങ്കാറ്റ് ശക്തി ക്ഷയിച്ച് അതിതീവ്ര ന്യൂനമർദവും തുടർന്ന്‌ തീവ്ര ന്യൂനമർദവുമായി മാറി.


ദിത്വയിലെ ഏറിയ കാറ്റിന്റെ വേഗം മണിക്കൂറിൽ 75 കിലോമീറ്ററും കുറഞ്ഞ അന്തരീക്ഷമർദം 1001 മില്ലിബാറുമായിരുന്നു. ഡിസംബർ ഒന്നിന്‌ വീണ്ടും ശക്തി ക്ഷയിച്ച് ന്യൂനമർദ മേഖലയായി മാറി. ചെന്നൈക്ക്‌ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ വർധിച്ച മധ്യ അന്തരീക്ഷക്കാറ്റിലെ വ്യത്യാസം, ആർദ്രത നന്നേ കുറഞ്ഞ വായു പിണ്ഡത്തിന്റെ ചുഴലിക്കാറ്റിലേക്കുള്ള തള്ളിക്കയറ്റം, തണുത്ത സമുദ്രോപരിതല ഊഷ്മാവ് എന്നിവയാണ്‌ ദിത്വയുടെ ശക്തി ക്ഷയിപ്പിച്ചത്‌. ദിത്വമൂലം തമിഴ്നാട്ടിൽ കാരൈക്കലിൽ 24 മണിക്കൂറിൽ അതിതീവ്ര മഴയായ 19 സെന്റിമീറ്റർ രേഖപ്പെടുത്തി. സെമ്പനാർ കോവിൽ, നാഗപട്ടണം, മയിലാടുംതുറൈ, രാമനാഥപുരം, കടലൂർ എന്നിവിടങ്ങളിൽ യഥാക്രമം17, 15, 14, 13,12 സെന്റിമീറ്ററാണ്‌ ലഭിച്ചത്. ധർമപുരി, കന്യാകുമാരി, കൃഷ്ണഗിരി, നീലഗിരി, തിരുപത്തൂർ എന്നീ ജില്ലകളൊഴികെ എല്ലാ ജില്ലകളിലും പരക്കെ (76–-100 ശതമാനം പ്രദേശത്തും) മഴ ലഭ്യമായി.


കേരളത്തിന്‌ കുളിരേകി


ദിത്വ കൊടുങ്കാറ്റ്‌ ദിനങ്ങളായ നവംബർ 28, 29, 30 തീയതികളിൽ തണുപ്പുകാലത്തിനു സമാനമായ കുളിർ കോരി നിൽക്കുന്ന സ്ഥിതിവിശേഷമാണ് കേരളത്തിൽ മിക്കയിടത്തും അനുഭവപ്പെട്ടത്. മലയോരമേഖലകളിൽ കൂടുതൽ തണുപ്പ് അനുഭവപ്പെട്ടു. 28, 29, 30 തീയതികളിൽ താഴ്‌ന്ന താപനില സാധാരണ അനുഭവപ്പെടേണ്ട ശരാശരിയിൽനിന്ന് മൂന്നു ഡിഗ്രി സെൽഷ്യസ്‌വരെ താഴ്‌ന്നു.


കോട്ടയം, പുനലൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ദിവസത്തെ താണ താപനില യഥാക്രമം 1.8, 2.5, 2.2 ഡിഗ്രി സെൽഷ്യസ് വരെ ദിനശരാശരിയിൽനിന്ന്‌ താഴ്ന്നു. 29ന് ദിനത്തെ താഴ്ന്ന ഊഷ്മാവ് പുനലൂരിലും തിരുവനന്തപുരത്തും യഥാക്രമം 2.5, 2.6 ഡിഗ്രി സെൽഷ്യസ് ദിനശരാശരിയേക്കാൾ താഴ്‌ന്നിരുന്നു. 29ന് ദിവസത്തെ ഉയർന്ന ഊഷ്മാവ് തിരുവനന്തപുരം, പുനലൂർ എന്നിവിടങ്ങളിൽ യഥാക്രമം 26.8, 24 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് ദിവസത്തെ ശരാശരി ഉയർന്ന ഊഷ്മാവിനേക്കാൾ 4.8, 8.5 ഡിഗ്രി സെൽഷ്യസ്‌ കുറവാണ്‌. ഈ അപൂർവ പ്രതിഭാസത്തിന്‌ കാരണമായത്‌ നവംബർ അവസാന ആഴ്ചയിൽ ദിത്വയുടെ സ്വാധീനംമൂലം ഇവിടെ നിലകൊണ്ട മുടിക്കെട്ടിയ അന്തരീക്ഷവും തന്മൂലം സൂര്യപ്രകാശത്തിന്റെ കുറവും തണുപ്പ്‌ ഗ്രസിച്ച്‌ തുടങ്ങിയ ഉയർന്ന അക്ഷാംശ മേഖലകളിൽനിന്ന്‌ കേരളത്തിലേക്കെത്തിയ കാറ്റുമായിരുന്നു. തണുത്ത വടക്കുകിഴക്കൻ കാറ്റിലുള്ള സാന്ദ്രതയേറിയ തണുത്തവായു പിണ്ഡം തമിഴ്നാട്‌ ഭാഗത്ത് സഹ്യപർവത സാനുക്കളിൽ തട്ടി ഉയർന്നുപൊങ്ങി, കേരളത്തിലേക്ക്‌ ഉ‍ൗർന്നിറങ്ങുമ്പോഴുണ്ടാകുന്ന തണുക്കൽപ്രക്രിയയും ഇതിന്‌ ആക്കംകൂട്ടി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home