എൻഎച്ച്‌എം ജീവനക്കാരുടെ പണിമുടക്ക് പൂർണം

തൃശൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാർ നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ഡോക്ടർമാർ, നഴ്‌സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ, ഓഫീസ് സ്റ്റാഫ് തുടങ്ങിയ തസ്‌തികളിൽ എൻഎച്ച്‌എം കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന സംസ്ഥാനത്തെ 13,000 ജീവനക്കാർ പണിമുടക്കിൽ പങ്കാളിയായി.
ശമ്പള പരിഷ്‌കരണം അപാകം പരിഹരിച്ച് കുടിശ്ശിക ഉടൻ ലഭ്യമാക്കുക, പ്രസവാവധി നൽകുന്നതിലെ സാങ്കേതികത്വം പരിഹരിക്കുക, എല്ലാ ജീവനക്കാരെയും ഇപിഎഫിൽ ഉൾപ്പെടുത്തുക, ദിവസ വേതന ജീവനക്കാരെ കരാർ ജീവനക്കാരായി നിയമിക്കുക, സമഗ്രമായ എച്ച് ആർ നയം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.
പണിമുടക്കിയ ജീവനക്കാർ ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി.
തൃശൂർ ഡിഎംഒ ഓഫീസിന് മുന്നിൽ നടന്ന ധർണ നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് യു പി ജോസഫ് ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ പ്രസിഡന്റ് ഡോ. വി സി കിരൺ അധ്യക്ഷനായി. ഫെഡറേഷൻ ജനറൽ സെക്രട്ടറി മീര നിമേഷ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി സിസി പോൾ, സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ, ശശികല, കെ വി വിജീഷ്, ഷാരിൻ എലിസമ്പത്ത് എന്നിവർ സംസാരിച്ചു.
Related News

0 comments