ക്രിസ്‌മസ്‌ സമ്മാനം; 
പേടിക്കേണ്ട പ്രളയത്തെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 12:25 AM | 0 min read

ഒല്ലൂർ
മണലി പുഴയ്ക്ക്‌ കുറുകെ കൈനൂർ റെഗുലേറ്റർ കം ബ്രിഡ്ജ്‌ എന്ന സ്വപ്‌നം യാഥാർഥ്യത്തിലേക്ക്‌. നടത്തറ, പുത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബ്രിഡ്ജിന് മന്ത്രിസഭ 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ രാജൻ അറിയിച്ചു. ഇതോടെ അപകട സാധ്യതയേറിയ കൈനൂർച്ചിറ സുരക്ഷിത മേഖലയായിമാറും. ഇരു കരകളിലേക്കുമുള്ള ഗതാഗതത്തിനപ്പുറം പ്രദേശത്തെ കാർഷികാവശ്യങ്ങൾക്ക് വലിയ തോതിലുള്ള സഹായമായി പദ്ധതി മാറും. പരിസങ്ങളിലെ കിണർ റീചാർജിങ്ങിനും ഭൂഗർഭജല വർധനവിനും ഗുണം ചെയ്യും. മണലിപ്പുഴയിലെ കൈയേറ്റങ്ങൾക്കും തടസ്സങ്ങൾക്കും വെള്ളക്കെട്ടിനും പരിഹാരമാകും. ചിറയിലേക്ക്‌ കുളിക്കാനിറങ്ങി കയങ്ങളിൽ കുടുങ്ങി നിരവധിപേരാണ്‌ ഇവിടെ മരിച്ചിട്ടുള്ളത്‌. ബ്രിഡ്‌ജ്‌ വരുന്നതോടെ അപകടങ്ങൾ കുറയ്‌ക്കാനാവും. 2018ലെ പ്രളയത്തിൽ കൈനൂർ ചിറയ്ക്ക് നാശം സംഭവിച്ചിരുന്നു. റെഗുലേറ്റർ കം ബ്രിഡ്ജിനൊപ്പം ഇരുകരകളിലും നിലവിലുള്ള റോഡുകളിലേക്ക് അപ്രോച്ച് റോഡുകൂടി ഉൾപ്പെടുത്തി പുനർനിർമിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്‌. മണലിപ്പുഴയുടൈ ഇരുകരകളും ഇടിഞ്ഞ്‌ മണ്ണ്‌ കയറിയ നിലയിലാണ്‌. പുഴയിലെ കൈയേറ്റങ്ങളും തടസ്സങ്ങളും കൈനൂർ ചിറയെ ബാധിച്ചിട്ടുണ്ട്‌. 
പീച്ചി ഡാം തുറന്നാൽ മൂർക്കനിക്കര കൈനൂർ പരിസര പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുന്നതും പതിവാണ്‌. പല വീടുകളും താമസിക്കാൻ പറ്റാത്ത വിധമാകും. പുഴ വൃത്തിയാക്കാത്തത്‌ മൂലം മണലും മറ്റും അടിഞ്ഞുകൂടിയതും വെള്ളക്കെട്ടിന്‌ കാരണമാകുന്നു. 
കൈനൂർ ചിറയിൽ സ്ലൂയിസ് റെഗുലേറ്റർ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യമാണ്‌ യാഥാർഥ്യമാകുന്നത്‌.


deshabhimani section

Related News

View More
0 comments
Sort by

Home