Deshabhimani

കമ്യൂണിസ്റ്റ്‌ ലീഗും 
ആദ്യ കമ്യൂണിസ്റ്റ്‌ രേഖയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 03:03 AM | 0 min read

തിരുവനന്തപുരം
കേരളത്തിൽ പ്രസിദ്ധീകരിച്ച ആദ്യ കമ്യൂണിസ്റ്റ്‌ രേഖ തിരുവനന്തപുരത്തായിരുന്നു. സംസ്ഥാന രൂപീകരണത്തിന്‌ രണ്ടര പതിറ്റാണ്ടുമുമ്പായിരുന്നു അത്‌. പ്രസിദ്ധീകരിച്ചതാകട്ടെ, തിരുവനന്തപുരം കേന്ദ്രമാക്കി രൂപീകരിച്ച കമ്യൂണിസ്റ്റ്‌ ലീഗിന്റെ നേതൃത്വത്തിലും. 
കേരളത്തിൽ കമ്യൂണിസ്റ്റ്‌ പാർടി രൂപീകരിക്കുന്നതിന്‌ 6 വർഷംമുമ്പ്‌ 1931 ഏപ്രിലിലായിരുന്നു തൈക്കാട്ടെ രഹസ്യകേന്ദ്രത്തിൽവച്ച്‌ കമ്യൂണിസ്റ്റ്‌ ലീഗ്‌ രൂപീകരിച്ചത്‌. 
പൊന്നറ ശ്രീധർ, എൻ പി കുരുക്കൾ, എൻ സി ശേഖർ, തിരുവട്ടാർ താണുപിള്ള, ശിവശങ്കരപ്പിള്ള, പി ആർ അയ്യർ, തൈക്കാട്‌ ഭാസ്‌കർ എന്നിവരായിരുന്നു സ്ഥാപകർ. 1937ൽ കേരളത്തിൽ കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ രൂപംനൽകിയ നാലുപേരിൽ ഒരാളും എൻ സി ശേഖറായിരുന്നു.
മീററ്റ്‌ ഗൂഢാലോചനക്കേസിലെ പ്രതികൾ ബ്രിട്ടീഷ്‌ കോടതിയിൽ നൽകിയ പ്രസ്‌താവനയിലെ പ്രഖ്യാപനമായിരുന്നു 1931 ഏപ്രിൽ 8ന്‌ കമ്യൂണിസ്റ്റ്‌ ലീഗ്‌ പ്രസിദ്ധീകരിച്ചത്‌. ‘ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടി എന്തിനുവേണ്ടി നിലകൊള്ളുന്നു’ എന്ന ഭാഗത്തിലെ ‘ഇന്ത്യയിൽ പൂർണ സ്വാതന്ത്ര്യം സ്ഥാപിക്കുക, ഉൽപ്പാദനവും വിതരണവും പൊതു ഉടമയിലാക്കിക്കൊണ്ട്‌ സമൂഹത്തെ പുനഃസംഘടിപ്പിക്കുക’ എന്ന ഭാഗമാണ്‌ പ്രസിദ്ധീകരിച്ചത്‌. 2 ദിവസത്തിനുള്ളിൽത്തന്നെ അധികാരികളിൽനിന്ന്‌ അതിന്‌ പ്രതികരണവുമുണ്ടായി.
 അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റും ദിവാൻ പേഷ്‌കാരുമായിരുന്ന മഹാകവി ഉള്ളൂർ എസ്‌ പരമേശ്വര അയ്യർ ഏപ്രിൽ 10ന്‌ കമ്യൂണിസ്റ്റ്‌ ലീഗിനെ നിരോധിച്ചു. നിരോധനത്തിനുശേഷം കമ്യൂണിസ്റ്റ്‌ ലീഗ്‌ അഖില തിരുവിതാംകൂർ യൂത്ത് ലീഗായി.
1940 ഓടെയാണ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഘടകം തിരുവനന്തപുരത്ത്‌ രൂപീകരിച്ചത്‌. ഉള്ളൂർ ഗോപി, മണ്ണന്തല കരുണാകരൻ, തൈക്കാട്‌ ഭാസ്‌കർ, പുതുപ്പള്ളി രാഘവൻ തുടങ്ങിയവരാണ്‌ അതിന്‌ മുൻകൈയെടുത്തത്‌. അധികം വൈകാതെ കാട്ടായിക്കോണം വി ശ്രീധർ, പി ഫക്കീർഖാൻ, ഐ സ്റ്റുവർട്ട്‌, ജി എസ്‌ മണി തുടങ്ങിയവരുടെ നേതൃത്വത്തിൽ ജില്ലയുടെ പല ഭാഗത്തും കമ്യൂണിസ്റ്റ്‌ പാർടി സെല്ലുകൾ രൂപീകരിച്ചു.
 
കോവളത്ത്‌ 
പുസ്‌തകച്ചാകര
കോവളം
കോവളം തീരത്ത്‌ പുസ്‌തകങ്ങളുടെ ചാകര. വായനയിൽ താൽപര്യമുള്ളവർക്ക്‌ സ്വാഗതം. മാർക്‌സിന്റെ കൈയെഴുത്ത്‌ പ്രതികൾ മുതൽ ബാലസാഹിത്യ കൃതികൾ വരെ ഏതുപുസ്തകവും ഇവിടെയുണ്ട്‌. ചിന്ത പബ്ലിഷേഴ്‌സാണ് കോവളം സമുദ്ര പാർക്കിൽ പുസ്തകോത്സവം ഒരുക്കിയത്‌. 23 വരെ തുടരും. ഡിസി, മാതൃഭൂമി, പൂർണ, ഗ്രീൻ ബുക്സ്‌, ഉൺമ, പാപ്പാത്തി, ഒലീവ്‌, ബ്ലൂ ഇങ്ക്‌, പെൻഗ്വിൻ, ലെഫ്റ്റ്‌വേഡ്‌, ഐപിഎച്ച്‌ തുടങ്ങി ഇരുപതോളം പ്രസാധകരുടെ പുസ്തകങ്ങളുണ്ട്‌. പുറമേ വിപ്ലവഗാനങ്ങളുടെ വിപുല സമാഹാരവും.
ചിന്ത ബുക്സ്‌ പുറത്തിറക്കിയ എം എ ബേബിയുടെ ‘യെച്ചൂരി ജീവിതം ഓർമ’, ലോക കമ്യൂണിസ്റ്റ്‌ പാർടി ചരിത്രത്തിലൂടെ എന്നിവയാണ്‌ പുതിയ പുസ്തകങ്ങൾ. പ്രമുഖ എഴുത്തുകാരുടെ കഥാസമാഹാരമായ ‘കഥയമമ’യും മേളയിലുണ്ട്‌. മാർക്സിന്റെ കൈയെഴുത്ത്‌ പ്രതികളുടെ സമാഹാരവും പാർഥ ചാറ്റർജിയുടെ ഇന്ത്യ ആശയവും ആഖ്യാനവുമെല്ലാം വായനക്കാരെ ആകർഷിക്കുന്ന പുസ്തകങ്ങളാണ്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി ജോയി, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എസ് ഹരികുമാർ, പി രാജേന്ദ്രകുമാർ, ഏരിയ സെകട്ടറി എസ് അജിത്ത് എന്നിവർ സംസാരിച്ചു. 
 


deshabhimani section

Related News

0 comments
Sort by

Home