ad
Deshabhimani

അവർ വരച്ചു പുനർനിർമിതിക്കായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 02:21 AM | 0 min read

പത്തനംതിട്ട
ഉരുൾപ്പൊട്ടൽ നാശം വിതച്ച വയനാടിന്‌ കൈത്താങ്ങാവാൻ അവർ ഒത്തുചേർന്നു. തങ്ങളുടെ സർഗവാസനയെ കൈമുതലാക്കി വയനാടിന്റെ പുനർനിർമിതിക്കായുള്ള ഇടപെടലുമായി. കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായമൊരുക്കാൻ ജില്ലയിലെ പ്രമുഖ ചിത്രകാരൻമാർ ഒന്നിച്ചു. 
‘വയനാടിനൊരു വരത്താങ്ങ്‌’ എന്ന പേരിൽ തത്സമയ ചിത്രരചന നടത്തി ആ ചിത്രങ്ങൾ ആവശ്യക്കാർക്ക്‌ വിറ്റു. ഇങ്ങനെ ലഭിച്ച തുക ചിത്രകാരൻമാരുടെ സംഭാവനയായി വയനാടിനായി നൽകി. പത്തനംതിട്ട മാക്കാംകുന്ന്‌ സെന്റ്‌ സ്റ്റീഫൻസ്‌ കത്തീഡ്രലിൽ രാവിലെ എട്ടിന്‌ തന്നെ പ്രമുഖരായ ചിത്രകാരൻമാർ എത്തി. വനിതകൾ അടക്കം സജീവ ചിത്ര രചന രംഗത്തുള്ള മുപ്പത്തിയഞ്ചോളം പേരാണ്‌ ചിത്ര രചനയ്‌ക്കായി എത്തിയത്‌. പരിപാടിയിൽ പങ്കെടുക്കാനും ചിത്രങ്ങൾ വാങ്ങാനും പിന്തുണയുമായി നിരവധിയാളുകളും എത്തി. 
തത്സമയ കാരിക്കേച്ചർ രചന, ലൈവ് പോർട്രിയേറ്റ് സ്കെച്ചിങ്, അക്രിലിക്, ജലച്ചായ ചിത്രങ്ങളുടെ രചനയും വിൽപ്പനയുമാണ്‌ നടന്നത്‌. ചിത്രകാരൻമാരുടെ ഉദ്യമം ആരോഗ്യ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു. കേരള ചിത്രകലാ പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ കെ ജി അനിൽകുമാർ അധ്യക്ഷനായി. ആദ്യ വിൽപ്പനയും മന്ത്രി നിർവഹിച്ചു. ഇമ കീർത്തിരാജ്‌ വരച്ച ചിത്രം വാങ്ങി മന്ത്രിയും ഉദ്യമത്തിൽ പങ്കാളിയായി. ജില്ലാ ജഡ്‌ജി ജയകൃഷ്‌ണൻ അടക്കമുള്ളവർ പരിപാടിക്ക്‌ പിന്തുണയുമായി ചിത്രങ്ങൾ വാങ്ങാൻ എത്തി. 
പള്ളി വികാരി ഫാ. ബിജു മാത്യു മുഖ്യ പ്രഭാഷണം നടത്തി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എ ഗോകുലേന്ദ്രൻ, പള്ളി ട്രസ്റ്റി ടി ജെ ചെറിയാൻ, അസിസ്റ്റന്റ്‌ വികാരി ലിന്റോ മാത്യു, സെക്രട്ടറി എബേൽ മാത്യു, ചിത്രകാരൻ എ വി ജോസഫ്‌, ചിത്രകലാ പരിഷത്ത്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം എസ്‌ ആശ, സെക്രട്ടറി ടി ആർ രാജേഷ്‌ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home