ആലത്തൂരിൽ ഒരുങ്ങുന്നത് സ്വപ്-ന ബൈപ്പാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 11:17 PM | 0 min read

ആലത്തൂർ
ദേശീയപാതയിൽനിന്ന് താലൂക്ക് ആശുപത്രിയിലേക്ക് അതിവേഗം എത്തുകയെന്ന ആലത്തൂരുകാരുടെ ചിരകാല സ്വപ്നം ബൈപ്പാസിലൂടെ പൂവണിയുകയാണ്‌. 24ന്‌ വൈകിട്ട്‌ നാലിന് ആലത്തൂർ ആർ കൃഷ്ണൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ കെ രാധാകൃഷ്ണൻ എംപി ബൈപ്പാസ് നിർമാണം ഉദ്ഘാടനം ചെയ്യും. കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനാകും. കെ ഡി പ്രസേനൻ എംഎൽഎയുടെ നിർദേശപ്രകാരം സംസ്ഥാന സർക്കാരിന്റെ ബജറ്റിൽനിന്നും 25 കോടി രൂപയിലാണ് നിർമാണം. 
ഒന്നാംഘട്ടത്തിൽ 15 കോടി രൂപ ചെലവിൽ താലൂക്ക് ആശുപത്രിവരെ പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ ആലത്തൂർ -വാഴക്കോട് സംസ്ഥാന പാതയിൽ എത്തിച്ചേരും. തോടിന്റെ ഉള്ളിലൂടെ ബോക്സ് കൾവെർട്ട് മാതൃകയിലാണ് നിർമാണം. കോൺക്രീറ്റ് ചെയ്ത് മുകളിൽ റോഡും താഴെ തോടുമുണ്ടാകും. തോടിന്റെ നീരൊഴുക്കിനും തടസമുണ്ടാവില്ല. രണ്ട്‌ വലിയ വാഹനങ്ങൾക്ക് ഇതുവഴി സുഗമമായി പോകാം. വലിയ ബൈപ്പാസാണെങ്കിലും ഒരു തുണ്ട് ഭൂമി പോലും ഏറ്റെടുക്കേണ്ടി വരുന്നില്ല. തൃശൂർ–- പാലക്കാട് ദേശീയപാതയിൽ അപകടത്തിൽപ്പെടുന്നവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം എത്തിക്കുക. പാലക്കാട് റൂട്ടിൽനിന്നായാലും തൃശൂർ റൂട്ടിൽനിന്നായാലും ആംബുലൻസുകൾ ആശുപത്രി എത്താൻ ആലത്തൂർ നഗരം ചുറ്റണം. തിരക്കുള്ള റോഡ് ആയതിനാൽ പലപ്പോഴും സമയം വൈകും. ബൈപ്പാസിലൂടെ ഇതിന്‌ പരിഹാരമാകും. ദേശീയപാതയിൽനിന്നും വാനൂർ റോഡിൽ ആലത്തൂരിലേക്ക് ഇറങ്ങുന്ന ഭാഗത്ത് 140 മീറ്റർ മാറി ആയർകുളം തോടിൽനിന്നാണ് ബൈപ്പാസ്‌ റോഡ്‌ ആരംഭിക്കുന്നത്.  ഇവിടെനിന്നും 600 മീറ്റർ ബൈപ്പാസിലൂടെ സഞ്ചരിച്ചാൽ താലൂക്ക് ആശുപത്രിയിലെത്താം. നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് കെ ഡി പ്രസേനൻ എംഎൽഎ പറഞ്ഞു. നിർമാണോദ്ഘാടനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രജനി ബാബു, ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എ ഷൈനി എന്നിവർ പങ്കെടുക്കും. 

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home