മുത്തലാഖ‌് നിറയുന്നു: സാമൂഹ്യമാധ്യമങ്ങളിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ വൻ വിമർശം

കോഴിക്കോട‌് > മുത്തലാഖ‌് ബിൽ വോട്ടെടുപ്പിൽനിന്ന‌് വിട്ടുനിന്ന മുസ്ലിംലീഗ‌് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗൾഫ‌് രാജ്യങ്ങളിലെ മുസ്ലിങ്ങളും. ലീഗ‌് അനുഭാവികളായ പ്രവാസികളാണ‌് കുഞ്ഞാലിക്കുട്ടിക്കെതിരെ ഫെയ‌്സ‌് ബുക്ക‌് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തുവന്നത‌്.
ലീഗ‌് അനുഭാവികളും പ്രവർത്തകരുമെന്ന നിലയിൽ കുഞ്ഞാലിക്കുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പോസ‌്റ്റ‌് ചെയ‌്താണ‌് നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുന്നത‌്. മുത്തലാഖിൽ മുസ്ലിങ്ങളുടെ ആശങ്ക ലോക‌്സഭയെ അറിയിക്കാൻ കഴിയുന്ന പാർടി മുസ്ലിംലീഗാണെന്നും അതിന‌് ശ്രമിക്കാതെ സൽക്കാരങ്ങളിൽ മുഴുകുന്നത‌് സമുദായത്തെ അവഹേളിക്കലാണെന്നുമാണ‌് ഇവരുടെ അഭിപ്രായം. വരാനിരിക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ലീഗിനെതിരെ പ്രതികരിക്കാനാണ‌് ശ്രമം.
"ആട്ടിൻപറ്റങ്ങളെപ്പോലെ അണികളെ നയിക്കാൻ നേതൃത്വത്തിന‌് ഇനി കഴിയില്ല. ഞങ്ങളെ നിരുത്സാഹപ്പെടുത്താതിരിക്കുക' എന്നിങ്ങനെയാണ‌് പ്രതികരണങ്ങൾ.നേതാക്കൾ കാരണം അണികൾ കഷ്ടപ്പെടുന്ന പാർടിയാണ‌് മുസ്ലിംലീഗെന്നാണ‌് ചിലരുടെ അഭിപ്രായം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാതിരുന്നത‌് വിമാനം വൈകിയതിനാലാണെന്ന ന്യായമുണ്ടായിരുന്നു. മുത്തലാഖിൽ എന്ത‌് ന്യായീകരണമാണുണ്ടാകുക എന്നും ചോദിക്കുന്നു. ലീഗ‌് നേതൃത്വത്തിനെതിരെ അണികളിൽ ഉരുണ്ടുകൂടുന്ന കലാപത്തിന്റെ സൂചനയാണിത‌്.
പ്രിയ കുഞ്ഞാപ്പ എന്ന‌് അഭിസംബോധന ചെയ‌്ത‌് ഒരു ലീഗ‌് പ്രവർത്തകൻ എഴുതിയ കത്തിൽനിന്ന‌്: ‘ഞാനൊരു ഉറച്ച ലീഗ് തറവാട്ടിലെ ഉറച്ച ലീഗുകാരനാണ്. അങ്ങയുടെ ഒരു വോട്ടുകൊണ്ട് ഒരിക്കലും മുത്തലാഖ് നിയമത്തെ ജയിക്കാനാവും എന്ന് വിശ്വസിക്കുന്നില്ലെങ്കിലും അങ്ങയുടെ സാന്നിധ്യം അവിടെ ഉണ്ടാകണമായിരുന്നു എന്ന് ഞാനടക്കമുള്ള പ്രവർത്തകർ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിനെ ഞങ്ങളുടെ തെറ്റായി കാണരുത്. ഞങ്ങൾ “കുഞ്ഞാപ്പ” എന്ന വ്യക്തിയെ മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് ‘നായക’ റോളിലാണ‌്. അങ്ങയുടെ വിശദീകരണത്തിൽ ന്യായങ്ങളുണ്ടാകുമെങ്കിലും ജലീലിനെതിരെ സോഷ്യൽ മീഡിയയിൽ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഞങ്ങൾക്ക‌്, അതിനിടയിൽ അങ്ങയെപ്പറ്റിയുള്ള പ്രചാരണത്തെ പ്രതിരോധിക്കാൻകൂടി സമയം പാഴാക്കേണ്ടിവന്നിരിക്കുന്നു–- കുറിപ്പ‌് തുടരുന്നു









0 comments