ജ്യോതി തെളിക്കലും പൊളിഞ്ഞു ഇനിയെന്ത‌് ? നട്ടംതിരിഞ്ഞ‌് സംഘപരിവാർ

വജ്രായുധമായി പ്രയോഗിച്ച “ജ്യോതി തെളിക്കലും’ പൊളിഞ്ഞതോടെ ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ സുവർണ്ണാവസരമാക്കി മുതലെടുപ്പിനിറങ്ങിയ സംഘപരിവാർ സംഘടനകൾ വെട്ടിലായി. കൂടെയുണ്ടായിരുന്ന പ്രമുഖ സംഘടനകൾ കൂടി കൈവിട്ടുപോയതാണ‌് ബിജെപിക്കും ആർഎസ‌്എസിനുമുണ്ടായ “ഒടുവിലെ നേട്ടം’. യുവതീ പ്രവേശനം വേണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാന നേതാക്കളിൽ ഭൂരിപക്ഷത്തിന്റേയും നിലപാടെങ്കിലും വോട്ടിന‌് വേണ്ടി നടത്തിയ കൈവിട്ട കളിയാണ‌് ഈ ദയനീയ പതനത്തിന‌് കാരണമായത‌്.
ദീപം തെളിക്കൽകൂടി പൊലിഞ്ഞതോടെ ഇനിയെന്ത‌് എന്നതാണ‌് ബിജെപിയെ അലട്ടുന്നത്. ശബരിമലയിൽ നിരോധനാജ‌്ഞ പിൻവലിക്കണമെന്നും ജയിലിൽ കഴിയുന്ന സുരേന്ദ്രനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സെക്രട്ടറിയറ്റ‌് പടിക്കൽ നിരാഹാരം തുടങ്ങിയത‌്. എ എൻ രാധാകൃഷ‌്ണനും സി കെ പത്മനാഭനും നിരാഹാരം മതിയാക്കിയപ്പോൾ അടുത്ത ഊഴത്തിന‌് ആളില്ലാതായി. ഒടുവിൽ എല്ലാവരും നിർബന്ധിച്ചാണ‌് ശോഭ സുരേന്ദ്രനെ സമരത്തിനിറക്കിയത‌്. ശോഭയ‌്ക്ക‌് ശേഷം ആര‌്, സമരം തുടരണമോ എന്നീകാര്യങ്ങളിൽ തീരുമാനമെടുക്കാൻ പോലും കഴിയാത്ത വിധം തമ്മിലടിയാണ‌്. സുരേന്ദ്രൻ ജയിലിൽ നിന്നും പുറത്തിറങ്ങിയെന്ന‌് മാത്രമല്ല മണ്ഡലപൂജ കഴിഞ്ഞ‌് ശബരിമല നട അടയ‌്ക്കുകയും ചെയ‌്തു. ഇനിയും ഇവിടെ മഞ്ഞും വെയിലുംകൊണ്ട‌് നാണംകെടണമോ എന്ന ചോദ്യവും ഒരുവിഭാഗം ഉയർത്തുന്നു.
സുവർണ്ണാവസരം മുതലാക്കാനിറങ്ങിയപ്പോൾ തന്നെ ബിജെപിക്ക‌് ആദ്യ അടികിട്ടി. എൻഡിഎ ഘടകകക്ഷിയായ ആദിവാസി ഗോത്ര മഹാസഭ വഴിപിരിഞ്ഞു. ഇപ്പോഴിതാ ബിഡിജെഎസും പാതി വഴിയിൽ. അയ്യപ്പജ്യോതിയിൽ നിന്നും ബിഡിജെഎസ‌് വിട്ടുനിന്നു. എൻഎസ‌്എസിനെ കൂടെക്കൂട്ടാനുള്ള ശ്രമവും പൊളിഞ്ഞു.
795 കിലോമീറ്റർ നീളത്തിൽ ദീപം തെളിയിക്കുമെന്ന‌് പ്രഖ്യാപിച്ച‌് പരിപാടിക്കിറങ്ങിയവർക്ക‌് ആകെ 300 കേന്ദ്രത്തിൽ പോലും ആളെക്കൂട്ടാനായില്ല. ചില മുഖ്യധാരാ ചാനലുകളും പത്രങ്ങളും ജനം, അമൃത ടിവികളേയും ജന്മഭൂമിയേയും കടത്തിവെട്ടി പ്രചാരണം നടത്തിയിട്ടും അയ്യപ്പജ്യോതിക്ക‌് ആളെക്കിട്ടിയില്ല.
മുതലെടുപ്പിനുള്ള എല്ലാ തന്ത്രങ്ങളും പാളിയതോടെ ഇനി കേന്ദ്രനേതൃത്വത്തിൽ നിന്നും ഫണ്ട‌് കിട്ടില്ലെന്നതാണ‌് സംസ്ഥാന നേതൃത്വത്തെ ഇപ്പോൾ അലട്ടുന്ന പ്രശ‌്നം. ദേശീയ തലത്തിൽ തന്നെ പാർടി ദുർബലമായി വരുന്നതിനിടെ ഒരു സാധ്യതയുമില്ലാത്ത സംസ്ഥാനത്ത‌് ‘മുതൽ’ മുടക്കാൻ ദേശീയ നേതൃത്വത്തിന‌് താൽപ്പര്യവുമില്ലാതായി. ഫണ്ടില്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ‌് നേതാക്കളുടെ പൊതുസ്ഥിതി. ദിവസക്കൂലിക്ക‌് ആളെയിറക്കിയാണ‌് ഇപ്പോൾ ബിജെപി പരിപാടികൾ സംഘടിപ്പിക്കുന്നത‌്.









0 comments