അന്ന‌് വിഭവങ്ങൾ, ഇന്ന‌് വിവരങ്ങൾ; കൊള്ള തുറന്നുകാട്ടി കലാസൃഷ‌്ടി

കൊച്ചി
മാനവരാശിയെ വിഴുങ്ങാൻ യൂറോപ്പും അമേരിക്കയും അടക്കമുള്ള വികസിതരാജ്യങ്ങൾ സാങ്കേതികവിദ്യക്ക‌് മൗനാനുവാദം നൽകുന്നതിലുള്ള പ്രതിഷേധം ‘സോറോ ഫോർ ദ റിയൽ സോറോ’ എന്ന കലാസൃഷ്ടിയിലൂടെ പ്രതിഫലിപ്പിക്കുകയാണ് കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം ലക്കത്തിൽ യുവകലാകാരി തബിത റിസൈർ. 108 ദിവസത്തെ ബിനാലെയിൽ ക്ഷമാപണത്തിന്റെ ആഖ്യാനശൈലിയോടൊപ്പം നർമം കലർത്തിയ രീതിയിലാണ് അധികാരത്തിന്റെ അസന്തുലിതമായ അവസ്ഥയെ ചോദ്യംചെയ്യുന്ന ഇരുപത്തൊമ്പതുകാരിയുടെ അവതരണം.
ആഫ്രിക്കയുടെയും തദ്ദേശജനതകളുടെയും വസ്തുക്കളും അറിവുകളും ചൂഷണം ചെയ്യുന്നതുമുതലുള്ള അടിമത്തത്തിന്റെയും കോളനിവൽക്കരണത്തിന്റെയും അക്രമാസക്തമായ ചരിത്രത്തെ കലാസൃഷ്ടിയിലൂടെ അനാവരണം ചെയ്യുകയാണ് ഫ്രഞ്ച് ഗയാനക്കാരിയായ തബിതയുടെ ‘സോറോ ഫോർ ദ റിയൽ സോറോ’. ആസ്പിൻവാൾ ഹൗസിലാണ് ഇത് പ്രദർശിപ്പിച്ചിരിക്കുന്നത്. അധികാരബന്ധത്തിന്റെ പ്രകൃതത്തെ ചോദ്യംചെയ്യാനാണ് തബിത ആസ്വാദകരെ പ്രേരിപ്പിക്കുന്നത്.
പഴയ രീതികളെ മാറ്റി പുത്തൻ രീതിയായ ഇന്റർനെറ്റിന്റെ കോളനിവൽക്കരണത്തിലേക്കാണ് നാം കടന്നുപോകുന്നതെന്ന് അവർ പറഞ്ഞു. പാശ്ചാത്യലോകത്തിനുവേണ്ടിയുള്ള ക്ഷമാപണത്തിന്റെ ഭാഗമായി അഞ്ചു ലൈറ്റ് ബോക്സുകളുടെ ശ്രേണിയെയാണ് ‘സോറോ ഫോർ റിയൽ സോറോ’യിൽ പ്രതിഫലിപ്പിച്ചിരിക്കുന്നത്. പാശ്ചാത്യരുടെ സാമ്രാജ്യത്വഭരണത്തിന്റെ ചരിത്രം അഭിസംബോധനചെയ്യുന്ന സൈബർ കൈമാറ്റവും നിലവിലെ സാങ്കേതികവിദ്യകളിൽനിന്നും അനുരഞ്ജനതന്ത്രങ്ങളിൽനിന്നും സ്വതന്ത്രമാകേണ്ടതിന്റെ അനിവാര്യതയുമാണ് പാരീസിൽ വളർന്ന തബിത ചൂണ്ടിക്കാട്ടുന്നത്.
സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ സാധ്യതകൾ മനസ്സിലാക്കിയതിൽനിന്നുള്ള രോഷത്തിൽനിന്നാണ് തബിത കലാസൃഷ്ടിക്ക് തുടക്കമിട്ടത്. അധിനിവേശത്തിനു സമാനമായാണ് സാങ്കേതികവിദ്യ കടന്നുകയറ്റം നടത്തുന്നത്. മാനവരാശിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് പാശ്ചാത്യ ലോകത്തിലെ സാങ്കേതികവിദ്യ ഭീമന്മാരാണെന്നും അവർ വ്യക്തമാക്കി.
പുരാതന കോളനിവൽക്കരണകാലത്തെ കപ്പൽപ്പാതകളിലാണ് ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വിന്യസിച്ചിട്ടുള്ളത്. കോളനിവൽക്കരണം ആരംഭിച്ചപ്പോൾ പുത്തൻ ലോകവുമായി ബന്ധിപ്പിക്കുകയാണ‌് എന്നതായിരുന്നു വാദം. വിഭവങ്ങൾ ചൂഷണംചെയ്യുകയും മറ്റു രാജ്യങ്ങളെ കൊള്ളയടിച്ച് സമ്പത്ത് വർധിപ്പിക്കുകയുമായിരുന്നു ഫലത്തിൽ. സമാനമാണ് ഇപ്പോഴും സ്ഥിതി. തങ്ങളുടെ സാമ്രാജ്യത്തിന്റെ സമ്പത്ത് വർധിപ്പിക്കാനാണ് പാശ്ചാത്യലോകത്തിലെ വൻ കോർപറേറ്റുകൾ നമ്മുടെ വിവരങ്ങളെ കൊള്ളയടിക്കുന്നതെന്നും തബിത ചൂണ്ടിക്കാട്ടുന്നു.
Related News

0 comments