അടിമക്കച്ചവടത്തിന്റെ കറുത്ത ചരിത്രം ഓർമിപ്പിച്ച‌് സ്യൂ വില്യംസൺ

കൊച്ചി
ബ്രിട്ടനിൽ ജനിച്ച‌് ദക്ഷിണാഫ്രിക്കയിൽ ജീവിക്കുന്ന കലാകാരി സ്യൂ വില്യംസൺ കൊച്ചി മുസിരിസ‌് ബിനാലെയിൽ ഒരുക്കിയിട്ടുള്ള കലാ പ്രദർശനങ്ങളിലൊന്ന‌് അധികമാർക്കുമറിയാത്ത കേരളത്തിലെ അടിമക്കച്ചവടത്തെക്കുറിച്ചാണ‌്. ഇവിടെനിന്ന‌് അടിമ മനുഷ്യരെ കടത്തിയിരുന്നു എന്ന വിവരം കേപ് ടൗണിലെ ഡീഡ് ഓഫീസിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രേഖകളിൽനിന്നാണ‌് സ്യൂവിനു ലഭിച്ചത‌്. ഒരു വർഷം മുമ്പ് കേരളം സന്ദർശിച്ചപ്പോൾ ലഭിച്ച ചില സൂചനകളിൽ നിന്നാണ് സ്യൂ ആ വഴിക്ക‌് അന്വേഷണങ്ങൾ നടത്തിയത‌്. ചരിത്ര രേഖകളിൽനിന്ന‌് കിട്ടിയ അടിമകളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തിയ ചെളിപുരണ്ട ടീഷർട്ടുകളിൽ രേഖപ്പെടുത്തിയാണ‌് സ്യൂ ആ കറുത്ത ചരിത്രം കൊച്ചിയെ ഓർമിപ്പിക്കുന്നത‌്. ടീ ഷർട്ടുകൾ ആസ്പിൻവാൾ ഹൗസിന്റെ പടിഞ്ഞാറുഭാഗത്ത് കപ്പൽച്ചാലിന് അഭിമുഖമായി അയയിൽ തൂക്കിയിട്ടാണ‌് പ്രതിഷ‌്ഠാപനം ഒരുക്കിയിട്ടുള്ളത‌്. കുറെയെണ്ണം തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ടിട്ടുമുണ്ട‌്. വർണ വിവേചനത്തിനെതിരായ പോരാട്ടത്തിന്റെ മുൻനിരപ്പോരാളി കൂടിയായ എഴുപത്തിയേഴുകാരി സ്യൂ വില്യംസണിന്റെ രണ്ട‌് പ്രതിഷ‌്ഠാപനങ്ങളാണ‌് കൊച്ചി മുസിരിസ‌് ബിനാലെയിലുള്ളത‌്.
16–--ാം നൂറ്റാണ്ടു മുതൽ ആഫ്രിക്കൻ അടിമകളെ അമേരിക്കയിലേക്ക് കച്ചവടത്തിനായി കൊണ്ടുപോയിരുന്നു. മൂന്ന‌് നൂറ്റാണ്ടുകളോളം നിലനിന്ന ഈ കറുത്ത ചരിത്രമാണ‌് ദക്ഷിണാഫ്രിക്കക്കാരിയായ സ്യൂ വില്യംസൺ ഒരുക്കിയത‌്. മൂന്നു നൂറ്റാണ്ടുകളിലായി 32,000 അടിമകളെ വിൽപ്പനയ‌്ക്കായി കപ്പലിൽ അമേരിക്കയിലേക്ക് കടത്തിയെന്നാണ‌് ചരിത്രരേഖകൾ. ദിവസങ്ങളും മാസങ്ങളും നീണ്ട കപ്പൽയാത്രകൾ അടിമകൾക്ക‌് ദുരിതമായിരുന്നു. യാത്രക്കിടെ പലരും കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെയും അമേരിക്കയിലെയും പഴയ കപ്പൽ രേഖകൾ അടിസ്ഥാനമാക്കിയാണ് സ്യൂവിന്റെ ‘മെസേജസ് ഫ്രം അറ്റ‌്‌ലാന്റിക് പാസേജ്’ എന്ന പ്രതിഷ്ഠാപനം. കൃത്യമായ യാത്രാ രേഖകളുള്ള അഞ്ച് കപ്പലുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ‌് ഈ സൃഷ‌്ടി. ടിറ്റ, ലിബ്രാൾ, മനുവാലിറ്റ, സെർക്സെസ്, ഫയർമീ എന്നീ കപ്പലുകളുടെ വിവരങ്ങൾ തടിയിൽ ആലേഖനം ചെയ്തിരിക്കുന്നു.
അഞ്ച് വലിയ വലകൾ മുകളിൽ തൂക്കിയിട്ടിരിക്കുന്നു. അതിൽ കമിഴ‌്ത്തിയും നേരെയും കുപ്പികൾ നിറച്ചിരിക്കുന്നു. അഞ്ച് കപ്പലുകളിലുണ്ടായിരുന്ന അടിമകളുടെ പേരുകൾ ഈ കുപ്പികളിൽ എഴുതിയിരിക്കുന്നു. വലയിൽനിന്ന‌് കുപ്പികൾ താഴേക്ക് ഊർന്നിറങ്ങും വിധമാണ്. അതിലൂടെ വെള്ളം ഇറ്റിറ്റ‌് വീഴുന്നു. കറുത്ത വർഗക്കാരെ കൂട്ടത്തോടെ വേട്ടയാടിപ്പിടിച്ച് കപ്പലുകളിൽ നിറച്ച് അമേരിക്കയിലെ തുറമുഖത്ത‌് ഇറക്കിയിരുന്നതിനെയാണ‌് സ്യൂ ഈ പ്രതിഷ‌്ഠാപനത്തിലൂടെ വരച്ചിടുന്നത‌്.
1941ൽ ഹാംപ്ഷെയറിൽ ജനിച്ച അവർ പിന്നീട് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറി. ന്യൂയോർക്കിലും കേപ്ടൗണിലും വിദ്യാഭ്യാസം നടത്തിയ സ്യൂ 22 വ്യക്തിഗത കലാപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.









0 comments