നവകേരള സൃഷ്ടിക്കു ഊന്നല്‍; അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി തയ്യാറാക്കല്‍ ഡിസംബറില്‍ പൂര്‍ത്തിയാകും: മുഖ്യമന്ത്രി

തിരുവനന്തപുരം > തദ്ദേശ സ്ഥാപനങ്ങളുടെ 2019-2020ലെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിക്ക് ഊന്നല്‍ നല്‍കുന്നതാകണം പുതിയ പദ്ധതികള്‍ പദ്ധതികള്‍ക്ക് നല്ല ഗുണനിലവാരവും വേണം. പാരിസ്ഥിതിക സവിശേഷതക്ക് ഊന്നല്‍ നലകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നവകേരളം കര്‍മ്മ പദ്ധതി ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017-18 ല്‍ 90 ശതമാനത്തിലധികം പദ്ധതി ചെലവ് കൈവരിക്കാന്‍ സംസ്ഥാനത്തിനായി. പ്രളയം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും 2018-19 ല്‍ ഇതുവരെ 45 ശതമാനം പദ്ധതിചെലവ് കൈവരിക്കാനായി. രാജ്യത്ത് ആദ്യമായി ജില്ലാ പദ്ധതികള്‍ തയ്യാറാക്കാനായി. ഓരോ ജില്ലയും പ്രശ്‌നങ്ങളെ സമഗ്രമായി കണ്ടാണ് ഈ പദ്ധതികള്‍ തയ്യാറാക്കിയത്. നവകേരള നിര്‍മിതിക്കു മിഷനുകളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ യോജിപ്പിക്കണം.
വികസനത്തിന് ആസൂത്രണത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഇത് നിലനിറുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനവിജയം മുന്നോട്ടുപോകുന്നത്. ഈ രീതി മാറി സമഗ്രവും കേന്ദ്രീകൃതവുമായ കാഴ്ചപ്പാടും ചര്‍ച്ചകളുമുണ്ടാകണം.
കാലാനുസൃതമായ പുരോഗതി നാടിന് നേടിയെടുക്കേണ്ടതുണ്ട്. പുതിയ കേരളം സൃഷ്ടിക്കാന്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും പുതിയ നിക്ഷേപങ്ങള്‍ വരികയും വിവിധ മേഖലകളെ മാറ്റുന്ന വിധത്തില്‍ പ്രവര്‍ത്തനം വ്യാപകമാക്കാനുമാവണം. ഇതോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളിലെ നിലവിലെ പദ്ധതികള്‍ ശക്തിപ്പെടുത്തണം. നവകേരളം നിര്‍മിതിയുമായി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ യോജിപ്പിക്കാമെന്ന് ഗൗരവമായി ചിന്തിക്കണം.
സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് വീട് വച്ചു നല്‍കുന്ന പദ്ധതിക്ക് ഈ വര്‍ഷം തുടക്കം കുറിക്കണം. ഓരോ ജില്ലയിലും ഒരു പൈലറ്റ് പദ്ധതി നടപ്പാക്കണം. ഇതിനായി പ്രാദേശിക സ്‌പോണ്‍സര്‍ഷിപ്പ് ഉപയോഗപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങളാണ് ഇതിന് നേതൃത്വം വഹിക്കേണ്ടത്. ഭൂമിയുള്ള ഭവനരഹിതര്‍ക്കായി 50,000 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. തണ്ണീര്‍ത്തടം, സിആര്‍സെഡ് പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടര്‍മാരുമായി ബന്ധപ്പെട്ട് പരിഹരിക്കണം. വിനിയോഗത്തിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കുടിവെള്ളം പച്ചക്കറിത്തോട്ടത്തില്‍ ഉപയോഗിക്കുന്ന രീതി മാറണം. കുളിക്കുന്ന വെള്ളം തോട്ടത്തിലേക്ക് തിരിച്ചുവിട്ട് ഉപയോഗിക്കണം. ഇതിലും തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ അനിവാര്യമാണ്.
2.20 ലക്ഷം ഹെക്ടര്‍ തരിശു സ്ഥലങ്ങളില്‍ കൃഷി വ്യാപിപ്പിച്ചു. 70,000 ഹെക്ടറില്‍ പച്ചക്കറി കൃഷി വ്യാപിപ്പിച്ചു. 2.87 കോടി വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിച്ചു. എല്ലായിടവും തരിശുരഹിത പ്രദേശമാക്കി മാറ്റാന്‍ ശ്രമം ഉണ്ടാവണം. നദികളിലെ മാലിന്യ നിക്ഷേപം തടയാന്‍ ഫലപ്രദമായ ബോധവത്കരണം നടത്തുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.









0 comments