മരം മുറിക്കാനുള്ള നാഷണല്‍ ഹൈവേ വിഭാഗത്തിന്റെ ശ്രമം തടഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍

കൊല്ലം > കൊല്ലം നഗരത്തിലെ തണല്‍മരം മുറിക്കാനുള്ള നാഷണല്‍ ഹൈവേ വിഭാഗത്തിന്റെ ശ്രമം മാധ്യമ പ്രവര്‍ത്തകന്റെ ഒറ്റയാന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. കൊല്ലം കലക്ടറേറ്റിന് സമീപം കൊല്ലം യുപി സ്‌കൂളിന് മുന്നില്‍ ദേശീയപാതയോരത്ത് നില്‍ക്കുന്ന വന്‍മഴമരമാണ് ശനിയാഴ്ച രാവിലെ മുറിച്ചുമാറ്റാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്.
ശിഖിരങ്ങള്‍ മുറിച്ചുമാറ്റുന്നതിനിടെ ദേശാഭിമാനി കൊല്ലം ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ ആര്‍ സഞ്ജീവ് സ്ഥലത്തെത്തി മരം മുറിക്കരുതെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അസൈന്‍മെന്റിന്റെ ഭാഗമായാണ് സഞ്ജീവ് സ്ഥലത്തെത്തിയത്. എന്നാല്‍ മരം മുറിക്കാതിരിക്കാനാവില്ലെന്നും പരാതിയുണ്ടെങ്കില്‍ കലക്ടറോടു പോയി പറയൂ എന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
ഇതിനെ തുടര്‍ന്ന് മരം മുറിക്കാന്‍ സമ്മതിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് സഞ്ജീവ് മരത്തിനു കീഴില്‍ നിലയുറപ്പിച്ചു കൊണ്ട് പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന് കൊല്ലം വെസ്റ്റ് സിഐ ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി സഞ്ജീവും ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സമവായത്തെ തുടര്‍ന്ന് തണല്‍മരം പൂര്‍ണമായും വെട്ടിമാറ്റാനുള്ള ശ്രമം നാഷണല്‍ ഹൈവേ വിഭാഗം ഉപേക്ഷിക്കുകയും ചെയ്തു.

കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ തണലേകുന്നതാണ് മഴമരം. കലക്ടറേറ്റിനും പരിസരത്തിനും തണലേകി നില്‍ക്കുന്ന ഈ വന്‍മരം ആയിരക്കണക്കിന് വവ്വാലുകളുടെ അഭയകേന്ദ്രം കൂടിയാണ്. ഏറെ കാലപ്പഴക്കമുള്ള മരം അപകടാവസ്ഥയിലാണെന്നും മുറിച്ചുമാറ്റാന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നേരത്തെ തീരുമാനിച്ചതാണെന്നും കനത്ത മഴമൂലം മാറ്റിവക്കുകയായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.
കുട്ടികള്‍ക്ക് ഭീഷണിയായ മരം മുറിച്ചുമാറ്റാന്‍ കൊല്ലം യുപി സ്‌കൂള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും നാഷണല്‍ ഹൈവേ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സിനി പറഞ്ഞു. എന്നാല്‍ മരം മുറിച്ചുമാറ്റാന്‍ പരാതി നല്‍കിയിട്ടില്ലെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അജയകുമാര്‍ ചൂണ്ടിക്കാട്ടി. സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ശിഖിരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ആര്‍ഡിഒക്ക് പരാതി നല്‍കിയിരുന്നു.
സ്‌കൂളിനോട് ചേര്‍ന്നുള്ള ടെസ്റ്റ് ബുക്ക് കെട്ടിട കോമ്പൗണ്ടിലുള്ള മരത്തിന്റെ ശിഖിരങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തുമെന്ന് കാണിച്ചും പരാതി നല്‍കിയിരുന്നതായി ഹെഡ്മാസ്റ്റര്‍ പറഞ്ഞു. അതിനിടെ പ്രളയത്തിന്റെ പേരുപറഞ്ഞ് കഴിഞ്ഞ കുറെ ദിവസങ്ങളായി കൊല്ലം നഗരത്തില്‍ തണലേകി നിന്നിരുന്ന മരങ്ങളെല്ലാം വെട്ടിമാറ്റുകയാണ്.
നഗരത്തില്‍ ക്യൂഎസി റോഡില്‍ തണലേകി നിന്നിരുന്ന മരങ്ങള്‍ അടുത്തിടെ മുറിച്ചുമാറ്റിയതിലും പ്രതിഷേധമുയര്‍ന്നു. അതിനിടെ കലക്ടറേറ്റിനു സമീപം കൂറ്റന്‍ തണല്‍മരം മുറിച്ചുമാറ്റുന്നത് ട്രീ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മേയര്‍ വി രാജേന്ദ്രബാബു അറിഞ്ഞില്ലെന്നാണ് സൂചന









0 comments