മൃതദേഹം മാറിയ സംഭവം : മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 14, 2018, 07:10 PM | 0 min read


ഗൾഫിൽ അപകടത്തിൽ മരിച്ച വയനാട് സ്വദേശിയായ യുവാവിന്റെ  മൃതദേഹത്തിന് പകരം തമിഴ്നാട് രാമനാഥപുരം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു.

അമ്പലവയൽ പഞ്ചായത്തിലെ പായിക്കൊല്ലിയിലെ അഴീക്കോടൻ വീട്ടിൽ ഹരിദാസന്റെ  മകൻ നിഥിന്റെ  (29) മൃതദേഹമാണ് മാറിയത്. ഇതിനുപകരം തമിഴ്നാട് രാമനാഥപുരം സ്വദേശി കാമാച്ചി കൃഷ്ണന്റെ  മൃതദേഹമാണ് നാട്ടിൽ കൊണ്ടുവന്നത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്തിരുന്ന നിഥിൻ 10 ദിവസം മുമ്പാണ് അപകടത്തിൽ മരിച്ചത്. അബുദാബിയിലെ  ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം എംബാം ചെയ്ത മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മൃതദേഹം രാവിലെ 10 മണിയോടെ അമ്പലവയലിലെ സ്വകാര്യ ആശുപത്രി ഫ്രീസറിലേക്ക്  മാറ്റാൻ കൊണ്ടുവന്നു. ഇതിനിടെയാണ് മൃതദേഹം മാറിയെന്നും നിഥിന്റെ മൃതദേഹം അബുദാബി ആശുപത്രിയിൽത്തന്നെയാണെന്നുമുള്ള വിവരം അവിടത്തെ ആശുപത്രി അധികൃതർ ബന്ധുക്കളെ ഫോൺ വിളിച്ചറിയിക്കുന്നത്. സംസ്കാരച്ചടങ്ങിനുള്ള ഒരുക്കങ്ങൾ  നടക്കുന്നതിനിടെ ഈ വിവരമറിഞ്ഞ് ആശങ്കയിലായ ബന്ധുക്കൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശപ്രകാരം നോർക്ക റൂട്സ് അധികൃതരും ഉന്നത പൊലിസുദ്യോഗസ്ഥരും  നിഥിന്റെയും തമിഴ്നാട് സ്വദേശിയുടെയും ബന്ധുക്കളുമായും രാമനാഥപുരം ജില്ലാ  കലക്ടർ, പൊലീസ് മേധാവി എന്നിവരുമായും ബന്ധപ്പെട്ടു. അബുദാബിയിലെ മലയാളി സംഘടനകളുടെയും സഹായം  തേടി.

തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നോർക്ക റൂട്സിന്റെ സൗജന്യ ആംബുലൻസ് സേവനംവഴി രാമനാഥപുരത്തേക്ക് എത്തിക്കാൻ തീരുമാനിച്ചു. നിഥിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങൾ  പൂർത്തിയായിക്കൊണ്ടിരിക്കുന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയുമായി നോർക്ക അധികൃതർ നിരന്തരം ബന്ധപ്പെടുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home