മെഡിക്കൽ വിദ്യാർഥികൾ രോഗികളെ സമീപിക്കുമ്പോൾ 'ഇസ‌്ലാമിക‌് പുഞ്ചിരി' വിരിയണമെന്ന‌് എസ‌്ഡിപിഐ ലഘുലേഖ

കോഴിക്കോട്> മുസ‌്ലിങ്ങളായ മെഡിക്കൽ വിദ്യാർഥികൾ രോഗികളെ സമീപിക്കുമ്പോൾ അവരിൽ ഇസ‌്ലാമിക‌് പുഞ്ചിരി വിരിയണമെന്ന‌് ക്യാമ്പസ‌് ഫ്രണ്ട‌് ‐ എസ‌്ഡിപിഐ ലഘുലേഖ. കോഴിക്കോട‌് മെഡിക്കൽ കോളേജിലെ മുസ‌്ലിം വിദ്യാർഥികൾക്കാണ‌് രഹസ്യനിർദേശം. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകളും ഇവർ നൽകുന്നു. ക്യാമ്പസ‌് ഫ്രണ്ട‌് ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോളേജ‌് ക്യാമ്പസുകളിലൊന്നാണ‌് കോഴിക്കോട‌് മെഡിക്കൽ കോളേജ‌്. മൂന്ന‌് പതിറ്റാണ്ടോളമായി പല പേരുകളിൽ ഇവർ ഒളിഞ്ഞുംതെളിഞ്ഞും ഇവിടെ പ്രവർത്തിക്കുന്നു. ഇതിനിടയിൽ മത പരിവർത്തനം ഉൾപ്പെടെ ഈ കോളേജിൽ നടന്നു. പത്തുവർഷത്തിലധികമായി തീവ്രവാദ പ്രവർത്തനം വളരെ സജീവമാണ‌്.
രണ്ട‌് അധ്യാപകരും പുറത്തുനിന്നെത്തുന്നവരും എപ്പോഴും കൂട്ടായുണ്ട‌്. ഇതിൽ ഒരു അധ്യാപകനാണ‌് ‘ഇസ‌്ലാമിക‌് പുഞ്ചിരി’യുടെ പ്രചാരകൻ. ക്യാമ്പസിനടുത്ത‌് ഇദ്ദേഹത്തിന്റെ ഒരു സ്വകാര്യ ട്രസ‌്റ്റിന‌് കൂറ്റൻ കെട്ടിടമുണ്ട‌്. രോഗികൾക്ക‌് ധനസഹായവും മറ്റും നൽകുന്നതിന്റെ മറവിൽ ഇവിടെ നടക്കുന്നതും തീവ്രവാദ പ്രവർത്തനം തന്നെ. രണ്ടാമത്തെയാൾ സ്ഥലം മാറ്റം കിട്ടി മലപ്പുറത്താണിപ്പോൾ.
കേരളത്തിലെ ഒരു പ്രമുഖ സിനിമാ സംവിധായകന്റെ സഹോദര പുത്രനായ വിദ്യാർഥിയെയാണ‌് മതം മാറ്റിയത‌്. തുടർന്ന‌് രണ്ട‌് സഹോദരിമാരെയും അമ്മയെയും മതംമാറ്റി. ഈ ഡോക്ടർ ആദ്യമുണ്ടായിരുന്നതിന്റെ സമാനതയുള്ള മുസ‌്ലിം പേരിൽ കോഴിക്കോട‌് നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലുണ്ട‌്.
എസ‌്എഫ‌്ഐയെ തകർക്കാൻ മറ്റെല്ലാ സംഘടനകളെയും കൂട്ടുപിടിച്ച‌് സ്വതന്ത്ര സംഘടന രൂപീകരിച്ചാണ‌് ക്യാമ്പസ‌് ഫ്രണ്ടിന്റെ പ്രവർത്തനം. മുമ്പ‌് പല പേരിൽ രൂപം കൊണ്ട ഈ ‘സ്വതന്ത്ര’മുന്നണി ഇപ്പോൾ ‘ഇൻഡിപെൻഡൻസ‌്’ എന്ന പേരിലാണ‌് കോളേജിൽ പ്രവർത്തിക്കുന്നത‌്. 14 വർഷത്തോളമായി ഈ മുന്നണി ക്യാമ്പസിലുണ്ട‌്. നേഴ‌്സിങ‌് കോളേജിൽ പഠിച്ച പോപ്പുലർ ഫ്രണ്ടുകാരനാണ‌് ഇതിന്റെ ബുദ്ധി കേന്ദ്രമായി തുടക്കത്തിൽ പ്രവർത്തിച്ചത‌്. ഇദ്ദേഹം ഇപ്പോൾ കോഴിക്കോട്ടെ മുസ‌്ലിം മാനേജ‌്മെന്റിന‌് കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ആശുപത്രിയിൽ മുഖ്യ സ്ഥാനത്താണ‌്.
മിടുക്കരായ മലബാറിലെ മിക്ക വിദ്യാർഥികളും ആദ്യം ആഗ്രഹിക്കുന്ന സ്ഥാപനമാണ‌് കോഴിക്കോട‌് മെഡിക്കൽ കോളേജ‌്. സ്വാഭാവികമായും ഇതിൽ ധാരാളം മുസ‌്ലിം വിദ്യാർഥികളുണ്ടാകും. പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവരെ ഭീഷണിപ്പെടുത്തിയും മറ്റും തനി മതഭ്രാന്തരാക്കുകയാണ‌് ക്യാമ്പസ‌് ഫ്രണ്ടിന്റെ ലക്ഷ്യം. പെൺകുട്ടികളോട‌് തട്ടത്തിന‌് പുറമെ മഫ‌്ത്തധരിക്കാൻ നിർബന്ധിക്കും. പിന്നീട‌് പർദ ധരിക്കാൻ നിർബന്ധിക്കും. കഴിവതും മുസ‌്ലിം വിദ്യാർഥികളുമായി മാത്രം സൗഹാർദം മതിയെന്നും നിഷ‌്കർഷിക്കും. കോളേജ‌് ഹോസ‌്റ്റലിൽ മുസ‌്ലിം വിദ്യാർഥികൾക്ക‌് ഇടക്കിടെ പ്രത്യേക മതപഠന ക്ലാസുകളും നൽകും. മെഡിക്കോസ‌് ഇസ‌്ലാമിക‌് കൾച്ചറൽ സെന്റർ എന്ന‌് പേരിട്ടാണ‌് ക്ലാസ്.








0 comments