പാലയാട് യശോദ അന്തരിച്ചു

തലശേരി: പിന്നണി ഗായികയും സംഗീതാധ്യാപികയുമായ പാലയാട് കൃഷ്ണനിലയത്തില്‍ യശോദ (68) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 5.30നായിരുന്നു അന്ത്യം. സംസ്കാരം എറണാകുളം രവിപുരം പൊതുശ്മശാനത്ത് വൈകിട്ട് 6ന്. പത്താം വയസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വഴിവിളക്ക് എന്ന നാടകത്തില്‍ ""ചൊകചൊകചൊകന്നൊരീ ചെങ്കൊടി ഉയരട്ടെ' എന്ന ഗാനത്തിലൂടെയാണ് പാലയാട് യശോദയുടെ സംഗീതലോകത്തെ അരങ്ങേറ്റം. കെപിഎസി, കലാനിലയം നാടകങ്ങളിലും വേഷമിട്ടു.
കടമറ്റത്ത്കത്തനാര്‍, കായംകുളം കൊച്ചുണ്ണി, വെള്ളിക്കാശ്, താജ്മഹല്‍ എന്നീ നാടകങ്ങളില്‍ പാടി അഭിനയിച്ചു. 1962 ല്‍ ദക്ഷിണാമൂര്‍ത്തിയുടെ പളുങ്കുപാത്രത്തിലൂടെയാണ് സിനിമാഗാന പിന്നണി ഗാനരംഗത്തെ അരങ്ങേറ്റം. "ആദിപരാശക്തി അമൃതവര്‍ഷിണി...' എന്ന കണ്ണൂര്‍ രാജന്‍ സംവിധാനം ചെയ്ത പാട്ടാണ് ഹിറ്റായത്. "തങ്കക്കുടം' എന്ന ചിത്രത്തില്‍ നസീറിന്റെയും ഷീലയുടെയും കൂടെ അഭിനയിച്ചാണ് വെള്ളിത്തിരയിലേക്ക് കടന്നത്. കോളേജ്ഗേള്‍, മിസ്റ്റര്‍ സുന്ദരി, ഗാന്ധര്‍വം, പളുങ്ക്പാത്രം തുടങ്ങിയ സിനിമകളിലും പിന്നണിഗായികയായിരുന്നു. യേശുദാസ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍ എന്നിവരുടെ കൂടെ വിദേശത്തും രാജ്യത്തും നിരവധി ഗാനമേളകളില്‍ പാടിയിട്ടുണ്ട്. ആകാശവാണി എഗ്രേഡ് ആര്‍ടിസ്റ്റ് കൂടിയാണ്. കേരള ലളിതകലാഅക്കാഡമി ഗുരുപൂജ പുരസ്കാരം, മാപ്പിളകലാഅക്കാഡമി പുരസ്കാരം, അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പുരസ്കാരം എന്നിവ ലഭിച്ചു. ഭര്‍ത്താവ്: പരേതനായ ഇല്ലിക്കല്‍ രാഘവന്‍. മക്കള്‍: രാഖി,ശ്രേയ(പിന്നണിഗായിക). മരുമകന്‍: ജ്യോതിഷ്(ദുബൈ).









0 comments