മികച്ച സിനിമകളുമായി കൊടിയിറങ്ങാൻ ഐഎഫ്എഫ്‌കെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 04:24 PM | 0 min read

തിരുവനന്തപുരം > 29-ാമത് ഐഎഫ്എഫ്‌കെയുടെ അവസാനദിനത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒന്നിനൊന്ന് മികച്ച 11 സിനിമകൾ. ഇതോടൊപ്പം മേളയുടെ സമാപന ചടങ്ങിന് ശേഷം സുവർണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദർശനവും നിശാഗന്ധിയിൽ നടക്കും.

യൂണിവേഴ്‌സൽ ലാംഗ്വേജ്

മാത്യു റങ്കിൻ സംവിധാനം ചെയ്ത യൂണിവേഴ്‌സൽ ലാംഗ്വേജ് മനുഷ്യബന്ധങ്ങളുടെയും സ്വത്വത്തിന്റെയും സാർവത്രികതയെ എടുത്തുകാട്ടുന്നു. ഐസിൽ പുതഞ്ഞ രീതിയിൽ പണം കണ്ടെത്തുന്ന രണ്ട് സ്ത്രീകൾ, വിനോദസഞ്ചാരികളുടെ സംഘത്തെ നയിക്കുന്ന ടൂർ ഗൈഡ്, അമ്മയെ സന്ദർശിക്കാനായി പുറപ്പെടുന്ന വ്യക്തി എന്നീ അപരിചിതരുടെ ജീവിതം പരസ്പരബന്ധിതമാകുന്നതാണ് കഥ. കൈരളി തിയേറ്ററിൽ രാവിലെ 11.30ന് ചിത്രം പ്രദർശിപ്പിക്കും.

മൂൺ

ശക്തമായ ആഖ്യാനരീതികൊണ്ടും ദൃശ്യഭാഷ കൊണ്ടും ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണു കുർദ്വിൻ അയൂബ് സംവിധാനം ചെയ്ത മൂൺ. ധനിക കുടുംബത്തിലെ മൂന്നു സഹോദരിമാരെ ആയോധനകല പരിശീലിപ്പിക്കാൻ എത്തുന്ന സാറ നേരിടുന്ന ചോദ്യങ്ങളാണു സിനിമയുടെ ഇതിവൃത്തം. ചിത്രം ശ്രീ തിയേറ്ററിൽ രാവിലെ 9.15ന് പ്രദർശിപ്പിക്കും.

എയ്റ്റീൻ സ്പ്രിങ്‌സ്

ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയിയുടെ ചിത്രമായ എയ്റ്റീൻ സ്പ്രിങ്‌സ് നിളാ തിയേറ്ററിലാണ് പ്രദർശിപ്പിക്കുന്നത്. 1930കളിലെ ഷാങ്ഹായ് നഗരത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടപ്രണയത്തിന്റെ കഥ പറയുകയാണ് ഈ സിനിമ.

വെയ്റ്റ് അൺടിൽ സ്പ്രിംഗ്

ഛായാഗ്രാഹകനായി പേരെടുത്ത അഷ്‌കൻ അഷ്‌കാനിയുടെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം ടാഗോർ തിയേറ്ററിൽ രാവിലെ 11.15ന് പ്രദർശിപ്പിക്കും. ഭർത്താവ് ആത്മഹത്യ ചെയ്തുവെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്.

കൂടാതെ, ബ്ലാക് ഡോഗ്, ഗേറ്റ് ടു ഹെവൻ, ക്രോസിംഗ്, കിസ്സ് വാഗൺ, കിൽ ദ ജോക്കി, ലൈറ്റ് ഫാൾസ്, മിസെരികോർഡിയ തുടങ്ങിയ ചിത്രങ്ങളും അവസാന ദിവസം പ്രദർശനത്തിനെത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home