ഐഎഫ്‌എഫഎകെ; നാലാം ദിനം 67 ചിത്രങ്ങൾ പ്രദർശനത്തിന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 05:52 PM | 0 min read

തിരുവനന്തപുരം > കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം (ഡിസംബർ 16) 14 തിയേറ്ററുകളിലായി വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ.  റീസ്റ്റോർഡ് ക്ലാസിക്‌സ് വിഭാഗത്തിൽ അകിറ കുറൊസാവയുടെ ‘സെവൻ സമുറായ്', അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇറാനിയൻ ചിത്രം ‘മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്’, മേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ആൻ ഹുയിയുടെ ‘ബോട്ട് പീപ്പിൾ’, ‘ദ പോസ്റ്റ്‌മോഡേൺ ലൈഫ് ഓഫ് മൈ ഓണ്ട്’, ലോക സിനിമ വിഭാഗത്തിൽ അഭിജിത് മസുംദാറിന്റെ ‘ബോഡി’, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ ഷോൺ ബേക്കറിന്റെ ‘അനോറ’, മിഗേൽ ഗോമെസിന്റെ 'ഗ്രാൻഡ് ടൂർ' തുടങ്ങി പതിനഞ്ചിൽപ്പരം വിഭാഗങ്ങളിലായാണ് 67 ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നത്. ഫ്രഞ്ച് സംഗീത സംവിധായികയും നിർമാതാവുമായ ബിയാട്രിസ് തിരിയെറ്റിന്റെ അരവിന്ദൻ സ്മാരക പ്രഭാഷണമാണ് നാലാം ദിനത്തിലെ മറ്റൊരു ആകർഷണം. ഉച്ച കഴിഞ്ഞ് 2.30നാണ് പരിപാടി.

ലോക സിനിമ വിഭാഗത്തിൽ ‘ദ ഡിവോഴ്‌സ്’, ‘യങ് ഹാർട്ട്‌സ്’, ‘വിയെറ്റ് ആൻഡ് നാം’, ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ ‘ദ ലോങ്ങസ്റ്റ് സമ്മർ’, ‘ദ ഫ്രഷ്ലി കട്ട് ഗ്രാസ്’, മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവിൽ ‘ആൻ ഓഡ് ടു ലോസ്റ്റ് ലവ്’, ഫീമേൽ ഗെയ്‌സ് വിഭാഗത്തിൽ ‘ഹോളി കൗ’, ‘സിമാസ് സോങ്’, ‘കണ്ടെംപററി ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ ഹോങ് സാങ് സൂവിന്റെ ‘ഹ ഹ ഹ’, സെലിബ്രേറ്റിങ് ഷബാന ആസ്മി വിഭാഗത്തിൽ ‘ഖണ്ഡാർ’ തുടങ്ങി 16 സിനിമകളുടെ ഐഎഫ്എഫ്കെയിലെ ആദ്യ പ്രദർശനവും ഇന്ന് നടക്കും.

കൗമാരക്കാരനായ ഏലിയാസിന് സമപ്രായക്കാരനായ അയൽവാസി അലക്‌സാണ്ടറിനോടുണ്ടാകുന്ന പ്രണയമാണ് ‘യങ് ഹാർട്ട്‌സി’ന്റെ പ്രമേയം. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ക്രിസ്റ്റൽ ബെയർ പുരസ്‌കാരം നേടിയ ചിത്രമാണിത്. 1920കളുടെ മധ്യത്തിൽ കസാഖ് ഗ്രാമവാസിയായ സലിംസാക്ക് ഒരു നാടകത്തിൽ സ്ത്രീവേഷം ചെയ്തതിനെ തുടർന്ന് ഭാര്യയുമായി ഉണ്ടാകുന്ന തർക്കമാണ്, ‘ദ ഡിവോഴ്‌സി’ന്റെ ഇതിവൃത്തം. ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് 'ദ ഡിവോഴ്‌സ്'. കാൻ ചലച്ചിത്രമേളയിലടക്കം പ്രദർശിപ്പിച്ച വിയെറ്റ് ആൻഡ് നാം, ഭൂമിക്കടിയിൽ ആയിരം കിലോമീറ്ററിലധികം താഴ്ചയിലുള്ള ഖനിയിൽ ജോലി ചെയ്യുന്ന വിയെറ്റിന്റെയും നാമിന്റെയും കഥയാണ്.

അപ്പുറം, മുഖകണ്ണാടി, വിക്ടോറിയ, കിഷ്‌കിന്ധാകാണ്ഡം, വെളിച്ചം തേടി,സൗദി വെള്ളക്ക എന്നിവയാണ് ഡിസംബർ 15ന്‌ പ്രദർശിപ്പിക്കുന്ന മലയാളം സിനിമകൾ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home