മുണ്ടക്കൈ ദുരന്തം: എസ്ഡിആർഎഫിൽനിന്ന് എത്ര ചെലവഴിക്കാമെന്ന് അറിയിക്കണം

കൊച്ചി>
മുണ്ടക്കൈ–-ചൂരൽമല പുനരധിവാസത്തിന് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് (എസ്ഡിആർഎഫ്) എത്ര രൂപ ചെലവഴിക്കാനാകുമെന്നതിൽ കൃത്യമായ കണക്ക് നൽകാൻ സംസ്ഥാന സർക്കാരിനോട് ഹെെക്കോടതി നിർദേശിച്ചു.
എസ്ഡിആർഎഫിലെ നീക്കിയിരിപ്പ്, ഇതുവരെ വിനിയോഗിച്ച തുക, പുനരധിവാസത്തിന് ആവശ്യമായ തുക, എസ്‌ഡിആർഎഫിൽനിന്ന് അനുവദിക്കാവുന്ന തുക എന്നിവ അറിയിക്കാനാണ് ജസ്‌റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കണക്കുകൾ കൃത്യമായുണ്ടെന്നും വ്യാഴാഴ്ച സമർപ്പിക്കാമെന്നും സർക്കാരിനുവേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ സി ഇ ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. ഹെെക്കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫിനാൻസ് ഓഫീസറും കോടതിയിൽ ഹാജരായി.
കണക്കുകൾ പരിശോധിച്ചുകഴിഞ്ഞാൽ ആവശ്യമായ നിലപാടെടുക്കാൻ കേന്ദ്രത്തോട് നിർദേശിക്കാനാകുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ദുരന്തബാധിതർക്ക് എത്രയുംവേഗം സഹായമെത്തിക്കുകയാണ് ആവശ്യമെന്നും- കോടതി പറഞ്ഞു.
ദുരന്തമേഖലയിൽ എസ്ഡിആർഎഫിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും വിവിധ ഇനത്തിൽ പണം ചെലവഴിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചു.









0 comments