16–ാം ധനകമീഷൻ ഇന്നെത്തും:പ്രതീക്ഷ കൈവിടാതെ കേരളം

തിരുവനന്തപുരം
രാജ്യത്തിന്റെ 16–-ാം ധനകമീഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിനു മുന്നോടിയായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് കമീഷൻ ചെയർമാനും അംഗങ്ങളും ഞായറാഴ്‌ച കേരളത്തിലെത്തും. നീതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ ചെയർമാനായ കമീഷൻ മൂന്നുദിവസം സംസ്ഥാനത്തുണ്ടാകും. നികുതി വരുമാനത്തിന്റെ വിഭജനത്തിലെ അസന്തുലിതാവസ്ഥ പരിഹരിച്ച് അർഹതപ്പെട്ടത് ലഭിക്കുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. ധനകമീഷനുമായുള്ള ചർച്ചയിൽ ഇതിനുള്ള നിർദേശങ്ങൾ കേരളം സമർപ്പിക്കും.
ഞായർ ഉച്ചയ്‌ക്ക് കൊച്ചിയിലെത്തുന്ന സംഘത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ സ്വീകരിക്കും. കുമരകത്തേക്ക് തിരിക്കുന്ന സംഘം തിങ്കൾ രാവിലെ തിരുവാർപ്പ്, അയ്‌മനം പ്രദേശങ്ങൾ സന്ദർശിക്കും. വൈകിട്ട് കോവളത്ത് എത്തും. ചൊവ്വ രാവിലെ 9.30ന് കോവളം ലീലാ ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിക്കും. തുടർന്ന് മന്ത്രിമാരുമായി ചർച്ച.
പകൽ 11.30 മുതൽ സംസ്ഥാന ധനകമീഷൻ ചെയർമാൻ ഡോ. കെ എൻ ഹരിലാൽ, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അസോസിയേഷനുകൾ, ചേംബർ ഓഫ് മുൻസിപ്പൽ ചെയർമെൻ, മേയേഴ്‌സ് കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവരുമായാണ് ചർച്ച.
12.45 മുതൽ വ്യാപാരി, വ്യവസായി പ്രതിനിധികളുമായും 1.45 മുതൽ രാഷ്‌ട്രീയ പാർടി പ്രതിനിധികളുമായും കൂടിക്കാഴ്‌ച നടത്തും. കമീഷൻ ചെയർമാൻ മാധ്യമങ്ങളെയും കാണും.









0 comments