റഗുലേറ്ററി കമീഷൻ ഉത്തരവ് ; വൈദ്യുതി യൂണിറ്റിന് 16 പൈസ കൂട്ടി , ഇളവുകളിലേറെയും നിലനിർത്തി

തിരുവനന്തപുരം
ഉപയോക്താക്കൾക്ക് അധികബാധ്യത വരാതെയും ഇളവുകളിലേറെയും നിലനിർത്തിയും വൈദ്യുതി നിരക്കിൽ നേരിയ വർധന. യൂണിറ്റിന് ശരാശരി 16 പൈസ വർധിപ്പിച്ചാണ് വൈദ്യുതി റഗുലേറ്ററി കമീഷന്റെ ഉത്തരവ്. പുതുക്കിയ നിരക്ക് ഡിസംബർ അഞ്ചുമുതൽ പ്രാബല്യത്തിൽ.
കേന്ദ്രനയം മൂലം ഇതര സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി എത്തിക്കുന്നതിന്റെ കൂടിയ ചെലവും ഉപയോഗത്തിലെ വർധനയും സൃഷ്‌ടിച്ച ബാധ്യത മറികടക്കാനാണ് നടപടി. ചെലവു കൂടുമ്പോഴും നിരക്കു വർധിപ്പിക്കാതെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു സർക്കാരും കെഎസ്‌ഇബിയും. 2024–-25ൽ സമ്മർ താരിഫ് ഉൾപ്പെടെ യൂണിറ്റിന് ശരാശരി 37 പൈസയും 2025–- 26ൽ ശരാശരി 27 പൈസയും 2026–-27ൽ ശരാശരി ഒമ്പതു പൈസയുടെയും വർധനവ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2024–-25ൽ 16 പൈസ, 2025–- 26ൽ 12 പൈസ എന്നിങ്ങനെയാണ് കമീഷൻ അംഗീകരിച്ചത്. 2026-–-27ലെ വർധന പരിഗണനയിലില്ല.
40 യൂണിറ്റുവരെ
നിരക്ക് വർധന ഇല്ല
1000 വാട്ട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റുവരെ ഉപഭോഗവുമുള്ള ബിപിഎൽ ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധിക്കില്ല. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവരുടെ താരിഫും വർധിപ്പിച്ചിട്ടില്ല. ബിപിഎൽ കുടുംബങ്ങളിൽ അർബുദരോഗികളോ ഭിന്നശേഷിക്കാരോ ഉണ്ടെങ്കിലും നിരക്ക് വർധനവുണ്ടാകില്ല. ഈ ആനുകൂല്യം ലഭിക്കാനുള്ള കണക്ടഡ് ലോഡിന്റെ പരിധി 1,000 കിലോവാട്ട്‌സിൽനിന്ന് 2000 കിലോവാട്ട്‌സാക്കി. അപകടങ്ങളിൽ അംഗഭംഗം സംഭവിച്ചവർക്കും പോളിയോ ബാധിതർക്കും മാത്രമായി ലഭിച്ചിരുന്ന ആനുകൂല്യം ഭിന്നശേഷിക്കാരായ എല്ലാവർക്കുമാക്കി. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സൗജന്യ നിരക്കും തുടരും. ഒന്നര ലക്ഷത്തോളം ചെറുകിട വ്യവസായികൾക്ക് നിരക്ക് 10 ശതമാനം കുറയും. ഇവർക്ക് ഫിക്‌സഡ് ചാർജിലും വർധനവുണ്ടാകില്ല. പകൽ 10 ശതമാനം ഇളവുവരുന്നതിലൂടെ വ്യവസായങ്ങൾക്ക് ബില്ല് കുറയും.
വ്യവസായ സ്ഥാപനങ്ങളുടെ താരിഫ് വർധന പരമാവധി ഒന്നുമുതൽ മൂന്നുശതമാനം വരെയായി നിജപ്പെടുത്തി. സർക്കാർ ഉടമസ്ഥതയിലുള്ളതും സർവകലാശാലകൾ നേരിട്ടു നടത്തുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിരക്ക് സർക്കാർ സ്ഥാപനങ്ങളുടേതിലേക്ക് മാറ്റി.
അധികഭാരമില്ലാതെ പരിഷ്‌കരണം
അനിവാര്യമായ വർധനവായിരുന്നിട്ടും ഉപയോക്താക്കൾക്ക് അധിക ഭാരമേൽപ്പിക്കാതെ താരിഫ് പരിഷ്‌കരണം. ഗാർഹിക ഉപയോക്താക്കൾക്ക് പുറമേ കൃഷി, വ്യവസായം തുടങ്ങിയ മേഖലകളിലും ആഘാതമേൽപ്പിക്കാതെയാണ് പരിഷ്‌കരണം. കേന്ദ്രസർക്കാർ നയത്തെത്തുടർന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില കുത്തനെ ഉയർന്നിട്ടും അമിതഭാരം ഉപയോക്താക്കളിലേക്ക് എത്താതെ പ്രതിസന്ധി മറികടക്കുകയാണ് ശ്രമം. വാർഷിക വിലക്കയറ്റത്തോത് 5.19 ശതമാനം ആയിരിക്കെ 2024-–-25 ലേക്ക് 2.3 ശതമാനം വർധനവും 2025-–-26 ലേക്ക് 1.75 ശതമാനം വർധനവും മാത്രമേ കമീഷൻ അനുവദിച്ചിട്ടുള്ളൂ. കൂടാതെ 2026-–-27ൽ വർധനവില്ല. വൈദ്യുതി ബില്ല് സ്വയം പരിശോധിക്കാനും ബില്ല് മലയാളത്തിൽ നൽകാനും നിർദേശിച്ചു.
ഗാർഹിക–-വ്യാവസായിക ഉപയോക്താക്കൾക്ക് ഭാരമാകാതെയും വികസന പ്രവർത്തനങ്ങൾക്ക് കോട്ടം തട്ടാതെയുമുള്ള നിർദേശങ്ങളാണ് ബോർഡിനുള്ളത്. നിരക്ക് പരിഷ്‌ക്കരണം ജനങ്ങളെ കാര്യമായി ബാധിക്കാതിരിക്കാൻ സബ്സിഡിയും സൗജന്യ വൈദ്യുതിയും തുടരും. 72 ലക്ഷത്തോളം പേർക്ക് സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നുണ്ട്. 1000 വാട്ട് വരെ കണക്‌ടഡ് ലോഡുള്ള പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപയോക്താക്കൾക്ക് നിരക്ക് വർധനയില്ല. തുടർന്നും നിലവിലുള്ള നിരക്കിൽ യൂണിറ്റിന് 1 രൂപ 50 പൈസ നൽകിയാൽ മതി.
ഉപയോഗം കൂടുതലുള്ള വേനൽക്കാലത്ത് സമ്മർ താരിഫ് ഈടാക്കില്ലെന്ന് കമീഷൻ ഉത്തരവുണ്ട്. യൂണിറ്റിന് 10 പൈസ സമ്മർ താരിഫ് ഏർപ്പെടുത്തണമെന്നാണ് കെഎസ്‌ഇബിയുടെ ശുപാർശ.
പ്രധാന പരിഷ്‌കരണങ്ങൾ
കാർഷിക ആവശ്യത്തിനുള്ള വൈദ്യുതി നിരക്കിൽ യൂണിറ്റിന് 5 പൈസയുടെമാത്രം വർധനവ്
ടൂറിസം മേഖല പ്രാത്സാഹിപ്പിക്കുന്നതിന് കൃഷി, ഡയറി ഫാം, മൃഗസംരക്ഷണം മേഖലകൾ തുടങ്ങിയ ഫാം സ്റ്റേകളിൽ ഹോം സ്റ്റേ രീതിയിൽ ഗാർഹിക നിരക്ക് ബാധകമാക്കി.
ടൈം ഓഫ് ഡേ( ടിഒഡി)നിരക്കിലേക്ക് പ്രതിമാസം 250 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെ മാറ്റും
പ്രതിമാസം 250 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ പകൽ സമയത്തെ വൈദ്യുതി നിരക്കിൽ 10 ശതമാനം ഇളവ് .
പ്രൈവറ്റ് ഹോസ്റ്റലുകളുടെ താരിഫിൽ ശരാശരി 30ശതമാനം ഇളവ്
ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങിയവർക്ക് താൽക്കാലിക കണക്ഷൻ നിരക്കിൽ വൈദ്യുതി നൽകും . ഫിക്‌സഡ് ചാർജ് ഈടാക്കില്ല
വാണിജ്യ ഉപഭോക്താക്കൾക്ക് എനർജി ചാർജിൽ വർധനവില്ല.
മീറ്റർ വാടകയിലും വർധന വില്ല.










0 comments