"നയീചേതന 3.0' നയിക്കാൻ കുടുംബശ്രീ ; 48,08,837 അംഗങ്ങൾ സന്ദേശവാഹകരാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 02:01 AM | 0 min read


ആലപ്പുഴ
കേരളത്തിൽ നയീചേതന 3.0 ദേശീയ ജെൻഡർ കാമ്പയിൻ നയിക്കാൻ കുടുംബശ്രീ. സംസ്ഥാനത്ത്‌ 1,070 സിഡിഎസുകളിലൂടെയും 19,470 എഡിഎസുകളിലുടെയും 3,17,724 അയൽക്കൂട്ടങ്ങളിലൂടെയും ‘ലിംഗവിവേചനത്തിനും ലിംഗാധിഷ്ഠിത അതിക്രമത്തിനുമെതിരെ’ എന്ന ആപ്‌തവാക്യത്തോടെ സംഘടിപ്പിക്കുന്ന മൂന്നാംഘട്ട ജെൻഡർ കാമ്പയിൻ നാടിന്റെ മുക്കിലും മൂലയിലുമെത്തും. കുടുംബശ്രീയുടെ 48,08,837 അംഗങ്ങൾ സന്ദേശവാഹകരാകും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം (എൻആർഎൽഎം) രാജ്യവ്യാപകമായി നാല്‌ ആഴ്‌ചകളിലായി സംഘടിപ്പിക്കുന്ന കാമ്പയിനിൽ ജില്ല, സിഡിഎസ്, എഡിഎസ്, ഓക്സിലറി ഗ്രൂപ്പ്, അയൽക്കൂട്ടതലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും.

സ്ത്രീകൾക്കും വിവിധ ലിംഗവിഭാഗത്തിനും വിവേചനമില്ലാതെ നിർഭയം ജീവിക്കാൻ സാഹചര്യമൊരുക്കുകയാണ്‌ കാമ്പയിന്റെ ലക്ഷ്യം. ജില്ലാ  ഉദ്ഘാടനങ്ങൾ തിങ്കളാഴ്‌ച നടന്നു. സമാപനദിവസം വൈകിട്ട്‌ നാല്‌ മുതൽ സിഡിഎസ് തലത്തിൽ ജെൻഡർ കാർണിവലും സംഘടിപ്പിക്കും. ജനപ്രതിനിധികൾ, അയൽക്കൂട്ടാംഗങ്ങൾ, ഓക്സിലറി അംഗങ്ങൾ, ബാലസഭാംഗങ്ങൾ,  വിദ്യാർഥികൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ പങ്കാളികളാകും.

എല്ലാ ജില്ലകളും അട്ടപ്പാടി സ്‌പെഷ്യൽ പ്രോജക്‌ടും ഉൾപ്പെടെ തെരഞ്ഞെടുത്ത 15 മേഖലകളിലും ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി ജില്ലാ ഓപ്പൺഫോറം സംഘടിപ്പിക്കും.  റിപ്പോർട്ടുകൾ ഏകീകരിച്ച് പുസ്‌തകരൂപത്തിലാക്കും. ലിംഗാധിഷ്ഠിത അതിക്രമങ്ങളെക്കുറിച്ച്‌ രംഗശ്രീ അംഗങ്ങൾതന്നെ രചിച്ച തിരക്കഥ 10 മിനിട്ട് തെരുവുനാടകമാക്കി മൂന്ന്‌ പ്രധാനവേദികളിൽ അവതരിപ്പിക്കും.

അയൽക്കൂട്ട അംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്കായും ജില്ലാതലത്തിൽ സ്‌കൂൾ – -കോളേജ് വിദ്യാർഥികൾക്കായും ജെൻഡർ ക്വിസ് സംഘടിപ്പിക്കും. നാല് വിഭാഗങ്ങളിലും ഒരാളെ വീതം സംസ്ഥാന മത്സരത്തിൽ പങ്കെടുപ്പിക്കും. ജില്ലയിലെ ഉദ്യോഗസ്ഥർക്കും റിസോഴ്‌സ്‌ പേഴ്‌സൺമാർക്കും പോക്‌സോ നിയമ പരിശീലനം ഉറപ്പാക്കും.  ഇവർക്കായി ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കും. തെരഞ്ഞെടുത്ത സിഡിഎസുകളിൽ ‘സ്ത്രീധനവും സ്ത്രീകളുടെ സ്വത്തവകാശവും’ എന്ന വിഷയത്തിൽ ടോക്‌ഷോ സംഘടിപ്പിക്കും.  ജില്ലാതലത്തിൽ പുരുഷന്മാർക്കും ആൺകുട്ടികൾക്കും മാത്രമായി ‘സ്‌പെഷ്യൽ ടോക്' ഷോർട്ട് വീഡിയോ മത്സരം സംഘടിപ്പിക്കും.
 



deshabhimani section

Related News

View More
0 comments
Sort by

Home