Deshabhimani

അന്താരാഷ്ട്ര ഫൈറ്റോ ടെക്നോളജി സമ്മേളനം ; ചൈന, കാനഡ പ്രതിനിധികൾക്ക്‌ കേന്ദ്രം വിസ നിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 02:18 AM | 0 min read


തേഞ്ഞിപ്പലം
കലിക്കറ്റ്‌ സർവകലാശാലയിൽ നടന്ന അന്താരാഷ്ട്ര ഫൈറ്റോ ടെക്നോളജി സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ചൈനീസ്,- കനേഡിയൻ പ്രതിനിധികൾക്ക് കേന്ദ്ര സർക്കാർ വിസ നിഷേധിച്ചു.  22മുതൽ 24വരെ നടന്ന സമ്മേളനത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ചൈനയിലെ നാലും കാനഡയിലെ മൂന്നും പേർക്കാണ്‌ വിസ നിഷേധിച്ചത്. ഇവർ ഓൺലൈനായി സമ്മേളനത്തിൽ പങ്കെടുത്തു.

ഇന്റർനാഷണൽ ഫൈറ്റോ ടെക്‌നോളജി സൊസൈറ്റിയും (ഐപിഎസ്) കലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പും സംയുക്തമായാണ്‌ 18-ാമത് അന്താരാഷ്ട്ര ഫൈറ്റോ ടെക്‌നോളജി സമ്മേളനം സംഘടിപ്പിച്ചത്‌. വിദേശ സർവകലാശാലാ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിന്‌  സംഘാടകർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കേന്ദ്ര മാനവ വിഭവ വകുപ്പിനും  നേരത്തെ അപേക്ഷ നൽകി അനുമതി വാങ്ങിയിരുന്നു.  വിദേശമന്ത്രാലയത്തിൽനിന്ന് പൊളിറ്റിക്കൽ ക്ലിയറൻസും എടുത്തു. ഈ രേഖകൾ സഹിതമാണ്‌ പ്രതിനിധികൾ  അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകിയത്‌. എന്നാൽ വിസ ലഭിച്ചില്ല. ഇരു രാജ്യങ്ങളുമായി  നിലനിൽക്കുന്ന നയതന്ത്ര പ്രശ്നങ്ങളാണ് കനേഡിയൻ ശാസ്ത്രജ്ഞർക്ക് വിസ ലഭിക്കാതിരിക്കാൻ കാരണമെന്നാണ് സൂചന. എന്നാൽ ചൈനക്കാർക്ക് ലഭിക്കാതിരുന്നതിന്റെ കാരണം വ്യക്തമല്ല. വിസ ലഭിക്കാൻ വൈകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ  കലിക്കറ്റ് സർവകലാശാലയിൽനിന്ന് എംബസികളിലേക്ക് ഇക്കാര്യം സൂചിപ്പിച്ച് മെയിൽ അയച്ചിരുന്നു. മറുപടി ലഭിച്ചില്ല. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, മെക്സിക്കോ, സെർബിയ, ഇറ്റലി, ആഫ്രിക്ക തുടങ്ങി 15ഓളം  രാഷ്ട്രങ്ങളിൽനിന്നും സമ്മേളനത്തിന് പ്രതിനിധികൾ എത്തിയിരുന്നു.  ഏഷ്യയിൽ ചൈനയിൽമാത്രമാണ് ഇതിനുമുമ്പ് ഈ സമ്മേളനം നടന്നത്.



deshabhimani section

Related News

0 comments
Sort by

Home