തുടങ്ങാം പുതുസംരംഭം, പിന്തുണയ്‌ക്കാൻ കുടുംബശ്രീ ‘കെ–ടിക്‌'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 12:58 AM | 0 min read


കൊച്ചി
പട്ടികവർഗ യുവാക്കളുടെ സംരംഭക സ്വപ്നങ്ങൾ സഫലമാക്കാൻ "കെ –-ടിക്‌' പദ്ധതിയുമായി കുടുംബശ്രീ. സൂക്ഷ്മ–-ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനും യുവാക്കളെ സ്വയംപര്യാപ്‌തരാക്കാനുമാണ്‌ കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ്‌ ആൻഡ്‌ ഇന്നൊവേഷൻ സെന്റർ (കെ–-ടിക്‌) പദ്ധതി നടപ്പാക്കുന്നത്‌. കുടുംബശ്രീ ജില്ലാ മിഷനുകൾവഴി 14 ജില്ലയിലും പദ്ധതി ആരംഭിക്കും. 

പട്ടികജാതി–-വർഗ വകുപ്പിനുകീഴിൽ രൂപീകരിച്ച കേരള എംപവർമെന്റ്‌ സൊസൈറ്റി "ഉന്നതി' വഴിയാണ്‌ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്‌. യുവജനങ്ങളുടെ യോഗം വിളിച്ചശേഷം ഗ്രൂപ്പുകളായിതിരിച്ച്‌ തുടർച്ചയായ ആശയവിനിമയത്തിലൂടെ അഭിരുചികൾ മനസ്സിലാക്കുകയാണ്‌ ആദ്യഘട്ടം. അതിനായി പ്രത്യേക ചോദ്യാവലിയും ഏകദിന ശിൽപ്പശാലകളും നടക്കും.

നൂറുപേരെയെങ്കിലും ശിൽപ്പശാലയുടെ ഭാഗമാക്കാനാണ്‌ നിർദേശം. ഇവരിൽനിന്ന്‌ തെരഞ്ഞെടുക്കുന്നവർക്കാണ്‌ സംരംഭം തുടങ്ങാൻ സഹായം നൽകുക. പാലക്കാട്‌, വയനാട്‌ ജില്ലകളിൽനിന്ന്‌ നൂറുപേരെയും മറ്റു ജില്ലകളിൽനിന്ന്‌ 50 പേരെയുമാണ്‌ തെരഞ്ഞെടുക്കുക.

സംരംഭം തുടങ്ങാൻ സാമ്പത്തികസഹായം, പരിശീലന ക്ലാസുകൾ, സമാനസംരംഭകരുമായി സംവദിക്കാൻ അവസരം, വിദഗ്‌ധരുടെ പിന്തുണ തുടങ്ങിയവ ഉറപ്പാക്കും. 18നും 35നും മധ്യേ ഉള്ളവർക്കാണ്‌ അവസരം. 35നും 45നും ഇടയിലുള്ള 10 ശതമാനംപേർക്കും അവസരം നൽകും. സംസ്ഥാനതലത്തിൽ പരിശീലനം നേടുന്ന ഇൻക്യുബേറ്റർമാർക്കാണ്‌ കെ ടിക്‌ ആദ്യഘട്ടത്തിന്റെ ചുമതല. ജില്ലകളിൽ അതത്‌ സിഡിഎസ്‌ ചെയർപേഴ്‌സൺമാർ, അനിമേറ്റർ, അനിമേറ്റർ കോ–-ഓർഡിനേറ്റർ, പഞ്ചായത്ത്‌ സമിതി കോ–-ഓർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home