ad
Deshabhimani

എറണാകുളം കെഎസ്‌ആർടിസി സ്‌റ്റാൻഡിന്റെ രൂപം മാറും; ശുചീകരണ പ്രവർത്തനം ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 05:01 PM | 0 min read

കൊച്ചി
എറണാകുളം കെഎസ്‌ആർടിസി സൗത്ത്‌ ബസ്‌സ്‌റ്റാൻഡിലെ വെള്ളക്കെട്ടും മാലിന്യവും അസൗകര്യങ്ങളും ഇനി പഴങ്കഥ. സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം ജനകീയ  ക്യാമ്പയിന്റെ ഭാഗമായി കാരിക്കാമുറിയിലെ കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിൽ ശുചീകരണ നവീകരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി.

ശുചീകരണത്തിനൊപ്പം, പൂന്തോട്ടം, മികച്ച ഇരിപ്പിടങ്ങൾ, നടപ്പാതകൾ, വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ സ്‌റ്റാൻഡിൽ ഒരുക്കും. ചുവരുകളിൽ മനോഹരമായ ചിത്രങ്ങളും തെളിയും. സാമൂഹ്യവിരുദ്ധരെ തടയാൻ സുരക്ഷക്രമീകരണങ്ങൾ ശക്തമാക്കും. സ്‌റ്റാൻഡും പരിസരപ്രദേശങ്ങളാകെയും ക്യാമറയുടെ നിരീക്ഷണത്തിലാക്കും. കെഎസ്‌ആർടിസിക്കൊപ്പം, ഹരിതകേരളം, ശിചിത്വ മിഷൻ, കൊച്ചി കോർപറേഷൻ, കെഎംആർഎൽ, എസ്‌ബിഐ, എൽഐസി, കെഎസ്‌എഫ്‌ഇ, ചാവറ കൾച്ചറൽ സൊസൈറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണയോടെയാണ്‌ കാലങ്ങളായി വെള്ളക്കെട്ടിൽ കഴിഞ്ഞിരുന്ന ബസ്‌സ്‌റ്റാൻഡിനെ മികച്ച സൗകര്യങ്ങളോടെ യാത്രക്കാർക്കുള്ള മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നത്‌.

ശുചീകരണത്തിന്റെ ആദ്യദിനത്തിൽ ഓടകളും കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളും വൃത്തിയാക്കൽ പ്രവർത്തനം തുടങ്ങി. സ്റ്റാൻഡിനു ചേർന്ന്‌ ഒഴുകുന്ന വിവേകാനന്ദ കനാൽ ആഴം കൂട്ടി ചുറ്റുമതിൽ കെട്ടും. ഇതിന്റെ മുന്നോടിയായി പരിസരം വൃത്തിയാക്കി, പൂന്തോട്ടവും നടപ്പാതയും തെരുവുവിളക്കുകളും സ്ഥാപിക്കാനും നടപടിയായി. തണൽ വൃക്ഷങ്ങളും വച്ചുപിടിപ്പിക്കും. ബസ്‌സ്‌റ്റാൻഡ്‌ കെട്ടിടത്തിലെ ഓടകൾ പൊട്ടിയൊഴുകുന്ന സ്ഥിതി പൂർണമായി ഇല്ലാതാക്കാൻ ഡ്രൈനേജ്‌ സംവിധാനം കാര്യക്ഷമമാക്കും. വെള്ളക്കെട്ട്‌ ഒഴിവാക്കാൻ കെട്ടിടത്തിന്റെ അടിഭാഗം പൂർണമായി കോൺക്രീറ്റ്‌ ചെയ്‌ത്‌ ഉയർത്തും. പ്ലാസ്‌റ്റിക്ക്‌ പ്ലാസ്‌റ്റിക്കേതര മാലിന്യങ്ങൾ തള്ളാനായി പ്രത്യേകം ബിന്നുകൾ സ്ഥാപിക്കുമെന്ന്‌ ഡിടിഒ ടോണി കോശി അലക്‌സ്‌ പറഞ്ഞു.  

കെട്ടിടത്തിലും ചുറ്റുമതിലിലും, ജനമനസ്സിന്‌ ഉന്മേഷമേകുന്ന മനോഹരമായ ചിത്രങ്ങൾ വരയ്‌ച്ചു വയ്‌ക്കും. സ്‌റ്റാൻഡിന് അകത്തുള്ള കടകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ ഗ്ലാസ്/കപ്പ് കിറ്റ് തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കാനും സംവിധാനമൊരുക്കുമെന്ന്‌ ഹരിത കേരളം കോ–- ഓർഡിനേറ്റർ നിസ്സ നിഷാദ്‌ പറഞ്ഞു.

മാലിന്യ നീക്കവും നവീകരണവും കൂടാതെ, നിർമാണപ്രവർത്തനങ്ങൾ ഉൾപ്പെടെ ബസ്‌സ്‌റ്റാൻഡിന്റെ സമഗ്ര വികസനം സംബന്ധിച്ച കെഎസ്‌ആർടിസിയുടെ നിർദേശം സർക്കാരിന്റെ പരിഗണയിലാണെന്ന്‌ ഡിടിഒ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home