സുരക്ഷാ അംഗീകാരം നേടി വിഴിഞ്ഞം തുറമുഖം ; എംഎസ്‌സി അന്ന ഇന്ന്‌ എത്തും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 12:10 AM | 0 min read


തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷിതത്വത്തിനും സൗകര്യങ്ങൾക്കും അന്താരാഷ്‌ട്ര അംഗീകാരം. ഡയറക്ടർ ജനറൽ ഓഫ്‌ ഷിപ്പിങ്ങിന്റെ കീഴിലുള്ള മെർക്കന്റയിൽ മറൈയ്‌ൻ ഡിപ്പാർട്ട്‌മെന്റാണ്‌  2029 വരെ അംഗീകാരം നീട്ടിയത്‌.  ഇതോടെ അതിവേഗ ചരക്കുകപ്പലുകൾക്കും ബൾക്ക്‌ കാരിയറിനും വിഴിഞ്ഞത്ത്‌ അടുക്കാനാകും. ട്രയൽ റൺ തുടങ്ങി രണ്ടുമാസത്തിനുള്ളിൽ ഐഎസ്‌പിഎസ്‌ കോഡിൽ ഉൾപ്പെടുന്ന അംഗീകാരം ലഭിച്ചത്‌ നേട്ടമായി.

വിഴിഞ്ഞം തുറമുഖത്തിന്റെ നാവിഗേഷൻ ചാർട്ട് ജോയിന്റ്‌ ചീഫ് ഹൈഡ്രോഗ്രാഫർ ഓഫ് ഇന്ത്യ റിയർ അഡ്മിറൽ പിയുഷ് പോസെ വിഴിഞ്ഞം തുറമുഖ പ്രതിനിധികൾക്ക് കൈമാറുന്നു

തുറമുഖത്തിന്റെ നാവിഗേഷൻ ചാർട്ട് ജോയിന്റ്‌ ചീഫ് ഹൈഡ്രോഗ്രാഫർ ഓഫ് ഇന്ത്യ റിയർ അഡ്മിറൽ പിയുഷ് പോസെ, വിഴിഞ്ഞം തുറമുഖ പ്രതിനിധികൾക്ക് കൈമാറി. ഇവിടേക്കെത്തുന്ന കപ്പലുകൾക്കും മറ്റ് യാനങ്ങൾക്കും ബർത്തിങ് സമയത്ത് ആവശ്യമായ സുരക്ഷാ വിവരങ്ങളും മറ്റ് അനുബന്ധരേഖകളുമാണ്‌ ഇതിലുള്ളത്‌.
ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തിയത്‌ ഡെറാഡൂൺ നാഷണൽ ഹൈഡ്രോഗ്രാഫിക് ഓഫീസാണ്‌. നേവിയുടെ കപ്പൽ വിഴിഞ്ഞത്ത് വന്ന്‌ വിവരശേഖരണം നടത്തിയിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നാവിഗേഷൻ ചാർട്ട് പ്രസിദ്ധീകരിച്ചത്. ലോക മറൈൻ ഭൂപടത്തിൽ വിഴിഞ്ഞത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയതായി തുറമുഖമന്ത്രി വി എൻ വാസവൻ പറഞ്ഞു.

അന്ന ഇന്ന്‌ എത്തും
എംഎസ്‌സി അന്ന  എന്ന കപ്പൽ  വെള്ളി രാവിലെ ആറിന്‌ വിഴിഞ്ഞം തുറമുഖത്ത്‌ അടുക്കും. യുഎയിൽ നിന്നെത്തുന്ന കപ്പലിന്‌ 400 മീറ്റർ നീളവും 58 മീറ്റർ വീതിയുമുണ്ട്‌. ഇവിടെ എത്തുന്ന ഏറ്റവും നീളമുള്ള കപ്പലാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

Home