പൾസർ സുനി പുറത്തേക്ക്; ജാമ്യം കർശന വ്യവസ്ഥകളോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 12:40 PM | 0 min read


കൊച്ചി
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി കർശന ജാമ്യ ഉപാധികളോടെ പുറത്തിറങ്ങി. പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച്‌, അനുമതിയില്ലാതെ വിചാരണക്കോടതിയുടെ പരിധിവിട്ട്‌ പോകരുതെന്നത്‌ ഉൾപ്പെടെയുള്ള കർശന ഉപാധികൾ ചുമത്തിയാണ്‌ സുപ്രീംകോടതി ഉത്തരവുപ്രകാരം സുനിയെ ജാമ്യത്തിൽ വിട്ടത്‌. ഒരുലക്ഷം രൂപ കെട്ടിവയ്‌ക്കുകയും തുല്യ തുകയ്‌ക്കുള്ള രണ്ട്‌ ആൾജാമ്യവുമുണ്ടായിരുന്നു.

സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കുന്നതിനു മുന്നോടിയായി എന്തൊക്കെ ഉപാധികൾ വേണമെന്ന്‌ വിചാരണക്കോടതി ആരാഞ്ഞിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന ഉപാധികൾ ഏർപ്പെടുത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതിജീവിതയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണം. പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതെല്ലാം പരിഗണിച്ചാണ്‌ വിചാരണക്കോടതി ജാമ്യവ്യവസ്ഥകൾ തീരുമാനിച്ചത്‌.

വിചാരണയ്‌ക്ക്‌ കൃത്യമായി ഹാജരാകണം, താമസസ്ഥലത്തിന്റെ വിവരം ഒരാഴ്‌ചയ്‌ക്കുള്ളിൽ കോടതിയെ അറിയിക്കണം, ഫോണിൽ ഒന്നിലധികം സിംകാർഡ്‌  ഉപയോഗിക്കരുത്‌, ഒരാഴ്‌ചയ്‌ക്കുള്ളിൽ സിം–-മൊബൈൽ ഫോൺ വിവരങ്ങൾ കോടതിക്ക്‌ സമർപ്പിക്കണം, നവമാധ്യമങ്ങളിൽ ഉൾപ്പെടെ അഭിപ്രായപ്രകടനങ്ങൾ പാടില്ല തുടങ്ങിയവയാണ്‌ ഉപാധി.



deshabhimani section

Related News

View More
0 comments
Sort by

Home