ആദ്യം റദ്ദാക്കും, 
പിന്നെ സ്പെഷ്യലാക്കും ; ട്രെയിന്‍ യാത്രാദുരിതം രൂക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 01:17 AM | 0 min read


തിരുവനന്തപുരം
ഓണം ആഘോഷിക്കാൻ കേരളത്തിലെത്തുന്നവർക്ക് ഇത്തവണയും യാത്ര​ദുരിതം സമ്മാനിക്കാൻ സജ്ജമായി റെയിൽവേ. ഉത്സവ -അവധിക്കാലത്ത് കൂടുതൽ പ്രത്യേക ട്രെയിനുകൾ മുൻകൂട്ടി അനുവദിക്കണമെന്ന ആവശ്യം ഇനിയും പരി​ഗണിച്ചിട്ടില്ല. നിലവിലുള്ള ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു. ഇവയെല്ലാം ഓണത്തിന് നിരക്കുകൂട്ടി സ്പെഷ്യൽ ട്രെയിനായി ഓടിക്കാനാണ്‌ സാധ്യത. ആദ്യപടിയായി ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രഖ്യാപിച്ച പ്രത്യേക എസി ട്രെയിൻ (06043/06044) പിൻവലിച്ചു. ആ​ഗസ്ത് 28മുതൽ ഈ മാസം 26വരെ ബുധനാഴ്ചകളിൽ ചെന്നൈയിൽനിന്നും വ്യാഴാഴ്ചകളിൽ കൊച്ചുവേളിൽനിന്നും ആരംഭിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. എന്നാൽ, ബുക്കിങ്ങ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി തൊട്ടടുത്ത ദിവസംതന്നെ സർവീസുകൾ റദ്ദാക്കി.

12, 13 തീയതികളിൽ ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ് അവസാനിച്ചു. ബംഗളൂരുവിൽനിന്നുള്ള ട്രെയിനുകളിലും ടിക്കറ്റില്ല. വെയ്‌റ്റിങ്ങ് ലിസ്റ്റ് 125ന് മുകളിലാണ്‌. ബംഗളൂരു -കൊച്ചുവേളി ഗരീബ്‌രഥ് ട്രെയിൻ റദ്ദാക്കി. പകരം അനുവദിച്ച പ്രത്യേക ട്രെയിനിൽ ഉയർന്ന ടിക്കറ്റ് നിരക്കാണ്. ഗരീബ്‌രഥിൽ ടിക്കറ്റിന് 845 രൂപയാണെങ്കിൽ പ്രത്യേക ട്രെയിനിന് 1,370 രൂപയാണ്. എറണാകുളം –- -ബംഗളൂരു വന്ദേഭാരതും റദ്ദാക്കിയാണ് കേരളത്തോടുള്ള റെയിൽവേയുടെ ക്രൂരത. നിലവിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്കുള്ള ഈ ട്രെയിനും ഓണത്തിന് നിരക്ക് കൂട്ടി സ്പെഷ്യൽ ട്രെയിനാക്കും.

മുംബൈ, ഡൽഹി, ​ഗുജറാത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നുള്ള ട്രെയിനുകളിലും സമാന അവസ്ഥയാണ്. കേരളത്തോടുള്ള റെയിൽവെ മന്ത്രാലയത്തിന്റെ വിരോധം എംപിമാർ പലതവണ പാർലമെന്റിൽ ഉന്നയിച്ചതാണ്. സംസ്ഥാന സർക്കാരും റെയിൽവെ മന്ത്രിയും അധികൃതരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്.

താറുമാറായി ട്രെയിൻ ഗതാഗതം
അങ്കമാലി സ്റ്റേഷനിൽ ഇലക്‌ട്രോണിക്‌ ഇന്റർലോക്കിങ്‌ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണവും ആന്ധ്രയിലെ കനത്ത മഴയും കാരണം  കേരളത്തിൽ ഞായറാഴ്‌ച ട്രെയിൻ ഗതാഗതം താറുമാറായി.  പകൽ 11.30ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടെങ്കിലും അങ്കമാലി യാർഡിലെ പ്രവൃത്തി വൈകിട്ട്‌ അഞ്ചരയോടെയാണ്‌  പൂർത്തിയായത്‌.

പാലക്കാട്‌–- എറണാകുളം ജങ്‌ഷൻ മെമു (06797), എറണാകുളം ജങ്‌ഷൻ– പാലക്കാട്‌ മെമു (06798) എന്നിവ റദ്ദാക്കിയിരുന്നു. തൂത്തുക്കുടി– പാലക്കാട്‌ പാലരുവി എക്‌സ്‌പ്രസ്‌ (16791) ആലുവയിലും തിരുവനന്തപുരം സെൻട്രൽ– കോഴിക്കോട്‌ ജനശതാബ്ദി എക്‌സ്‌പ്രസ്‌ എറണാകുളം ജങ്‌ഷനിലും തിരുവനന്തപുരം സെൻട്രൽ–- ഷൊർണൂർ വേണാട്‌ എക്‌സ്‌പ്രസ്‌ (163-02) എറണാകുളം ടൗണിലും കണ്ണൂർ– ആലപ്പുഴ എക്‌സ്‌പ്രസ്‌ (16308) ഷൊർണൂരിലും യാത്ര അവസാനിപ്പിച്ചു. പാലക്കാട്‌– തൂത്തുക്കുടി പാലരുവി എക്‌സ്‌പ്രസ്‌ (16792) ആലുവയിൽനിന്നും കോഴിക്കോട്‌– -തിരുവനന്തപുരം–- സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസ്‌ (12075) എറണാകുളം ജങ്‌ഷനിൽനിന്നും ഷൊർണൂർ– തിരുവനന്തപുരം സെൻട്രൽ വേണാട്‌ എക്‌സ്‌പ്രസ്‌ എറണാകുളത്തുനിന്നും ആലപ്പുഴ–- കണ്ണൂർ എക്‌സ്‌പ്രസ്‌ (16307) ഷൊർണൂരിൽനിന്നുമാണ്‌ പുറപ്പെട്ടത്‌.

പ്രവൃത്തി വൈകിയതോടെ തൃശൂർ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തുനിന്നുമുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകി. പല ട്രെയിനുകളും വിവിധ സ്‌റ്റേഷനുകളിൽ പിടിച്ചിട്ടു. മൂന്നുദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്ന്‌ ഡിവിഷണൽ അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home