ad
Deshabhimani

സ്ത്രീ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കണം- അഡ്വ. പി സതീദേവി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2024, 09:31 PM | 0 min read

കൊച്ചി > സ്ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ രണ്ട് ദിവസമായി നടന്ന വനിതാ കമീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. കമീഷന്റെ നേതൃത്വത്തിലുള്ള ഈവര്‍ഷത്തെ ബോധവത്കരണ പരിപാടിക്ക് ആഗസ്റ്റില്‍ തുടക്കമായി.

സംസ്ഥാന, ജില്ലാ, സബ്ജില്ലാ തലങ്ങളില്‍ സെമിനാറുകള്‍, വിവാഹപൂര്‍വ കൗണ്‍സിലിംഗ്, ജാഗ്രതാ സമിതി അംഗങ്ങളുടെ പരിശീലനം, സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉണര്‍വ് പകരുന്നതിനുള്ള കലാലയ ജ്യോതി കാമ്പയിനുകള്‍ തുടങ്ങിയവയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കലാലയങ്ങളില്‍, പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികള്‍ക്ക് സൈബര്‍ ക്രൈം, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ബുള്ളിയിംഗ് എന്നിവയെകുറിച്ചും ലഹരി മുക്തമായ അന്തരീക്ഷം വിദ്യാലയങ്ങളില്‍ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണവും ലക്ഷ്യമിടുന്നു.

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജാഗ്രതാ സമിതി അംഗങ്ങള്‍ക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കും. ഇതിന്റെ മേല്‍നോട്ട ചുമതല അതത് ജില്ലാ പഞ്ചായത്തുകള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ബോധവത്കരണത്തിന്റെ ഭാഗമായി കമ്മിഷന്റെ നേതൃത്വത്തില്‍ മുഖാമുഖം പരിപാടികള്‍ സംഘടിപ്പിക്കും. സ്ത്രീധന വിപത്തിനെതിരെ സ്‌പെഷ്യല്‍ അവയര്‍നസ് സ്‌കീം എല്ലാ ജില്ലകളിലും നടത്തുമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.

അദാലത്തില്‍ ആകെ 136 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 40 കേസുകള്‍ പരിഹരിച്ചു. എട്ട് കേസുകളില്‍ റിപ്പോര്‍ട്ട് തേടി. ഒരു കേസ് ലീഗല്‍ സര്‍വീസ് അതോറിട്ടിയുടെ സേവനത്തിനായി ലഭ്യമാക്കി. ഒരു വര്‍ഷമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന, വിദ്യാസമ്പന്നരായ രണ്ടുപേരെ ഇന്നലെ യോജിപ്പിക്കാനായി എന്നത് സന്തോഷം ന ല്‍കുന്നുവെന്ന് അധ്യക്ഷ പറഞ്ഞു. സ്ത്രീധന പ്രശ്‌നവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നടത്തിയിരുന്നവരാണിവര്‍. അതിന്റെ ഭാഗമായാണ് വനിതാ കമീഷനെ ഇവര്‍ സമീപിച്ചത്. കൗണ്‍സിലറുടെ സഹായത്തോടെ ഇരുകക്ഷികളേയും യോജിപ്പിച്ചു. വിദേശത്തേക്ക് ജോലി നേടുന്നതിന് കുട്ടികളുമായി പോകാന്‍ രണ്ടാളും തയാറായതായും അധ്യക്ഷ പറഞ്ഞു.

ഗാര്‍ഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവയാണ് അദാലത്തില്‍ ലഭിച്ച പരാതികളിലേറെയും. അതില്‍ കൂടുതലും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. വിവാഹത്തെ ഏതാണ്ട് കച്ചവട മനസ്ഥിതിയോടെ കാണുന്നുവെന്നാണ് കമീഷന്റെ മുന്നില്‍ വരുന്ന പരാതികളില്‍നിന്നും മനസിലാവുന്നത്. വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണവും പണവുമെല്ലാം തിരിച്ചുകിട്ടുന്നതിന് പരാതിയുമായി കോടതികളിലും പോലീസ് സ്‌റ്റേഷനുകളിലും കമ്മിഷന്റെ മുമ്പാകെയും ദമ്പതിമാര്‍ വരേണ്ടിവരുന്നുവെന്നത് കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന അവസ്ഥയാണ് കാണിക്കുന്നത്.

സ്ത്രീധനം മാത്രമല്ല ഇരുകൂട്ടരുടെയും വിവാഹേതര ബന്ധങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരുമിച്ചു താമസിക്കുമ്പോഴും ഭാര്യയ്ക്കും ഭര്‍ത്താവിനും വിവാഹേതര ബന്ധങ്ങള്‍ ഉണ്ടാവുകയും അത് കുടുംബത്തിലും മക്കളുടെ മനസിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. വിവാഹ ബന്ധങ്ങള്‍ രമ്യമായി കൊണ്ടുപോകന്നതിനാവശ്യമായ ഇടപെടല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ജാഗ്രതാ സമിതികളുടെ ഭാഗമായി എല്ലാ വാര്‍ഡ് തലങ്ങളിലും കൗണ്‍സിലിംഗ് അടക്കുമുള്ള ഇടപെടല്‍ ആവശ്യമാണ്. ഇതിനുള്ള സൗകര്യങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ തദ്ദേശസ്ഥപനങ്ങള്‍ ഒരുക്കിയെടുക്കുന്നത് സഹായകമാവും.

തൊഴിലിടങ്ങളിലെ പീഡനം സംബന്ധിച്ച പരാതികളും ലഭിക്കുന്നുണ്ട്. മിക്ക സ്‌കൂളുകളിലും നിയമമനുസരിച്ചുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ ഇനിയും നിലവില്‍ വന്നിട്ടില്ല. മാനേജ്‌മെന്റും അധ്യാപകരും രണ്ടുഭാഗത്തു നിന്നുകൊണ്ട് ശത്രുതാ മനോഭാവം വച്ച് പെരുമാറുമെന്നതിനാല്‍ വിദ്യാലയാന്തരീക്ഷം വളരെയധികം കലുഷിതമാകുന്നു. ഭാവി പൗരന്‍മാരെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രങ്ങളായ വിദ്യാലയങ്ങളില്‍ സൗഹൃദ അന്തരീക്ഷം ഒരുക്കിയെടുക്കാന്‍ ഇടപെടലുകള്‍ ആവശ്യമാണ്.

പിടിഎകള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കപ്പെടുന്നുവെന്ന പരാതികളും ധാരാളം വരുന്നുണ്ട്. വൃദ്ധരായ മാതാക്കളെ സംരക്ഷിക്കുന്നില്ലെന്ന പരാതിയും വരുന്നുണ്ട്. അമ്മമാര്‍ വാര്‍ധക്യകാലത്ത് സ്‌റ്റേഷന്‍, കോടിതി, കമീഷന്‍ മുമ്പാകെ ഇങ്ങനെ കയറിയിറങ്ങേണ്ട അവസ്ഥവരുന്നതായും അഡ്വ. പി സതീദേവി ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തെ അദാലത്തില്‍ വനിതാകമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി, കമ്മിഷനംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി ആര്‍ മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, പാനല്‍ അഭിഭാഷകര്‍, കൗണ്‍സിലര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരാതികള്‍കേട്ടു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home