വയനാട് ദുരന്തം; നിയന്ത്രണമില്ലാതെയുള്ള ഫണ്ട് ശേഖരണം നിർത്തലാക്കണമെന്ന് പൊതുതാൽപര്യഹർജി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2024, 03:04 PM | 0 min read

കൊച്ചി> വയനാട് ദുരന്തത്തിൻ്റെ അടിസ്ഥാനത്തിൽ നിയന്ത്രണമില്ലാതെയുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി. സർക്കാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര നടൻ അഡ്വ. സി ഷുക്കൂറാണ് ഹർജി നൽകിയത്. ഈ ഫണ്ടുകൾ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹർജിയിൽ പറയുന്നു.

'നിരവധി സംഘടനകളും വ്യക്തികളും അവരുടെ അക്കൗണ്ട് വഴി ഒരു നിയന്ത്രണവുമില്ലാതെ തുക സമാഹരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചതെന്ന് ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു. നിയമവിരുദ്ധമായ ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കിൽ പലരുടെയും പണം നഷ്ടപ്പെടും.  സമൂഹനന്മ കണക്കാക്കി  പണം സംഭാവന ചെയ്യുന്നവരുണ്ട്, പക്ഷേ ഫണ്ടിൻ്റെ ഭൂരിഭാഗവും അർഹരായവരിലേക്ക് എത്താൻ സാധ്യതയില്ല.

ദുരിതബാധിതർക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായി സർക്കാർ രൂപീകരിച്ചതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. , അതിനാൽ ഏത് സംഘടനയും ശേഖരിക്കുന്ന ഫണ്ട്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്   മാറ്റണം. വീട് നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയും കേന്ദ്രീകൃത ഏജൻസിയാണ് ചെയ്യേണ്ടത്, രാഷ്ട്രീയമോ മതപരമോ ആയ സംഘടനകൾക്ക് അവരുടെ ലേബലിൽ വീട് അല്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് മുൻഗണന നൽകരുത്.' അദ്ദേഹം പറഞ്ഞു.

നിലവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിൻ്റെ പല കോണിലുള്ളവർ സംഭാവന നൽകിവരുന്നുണ്ട്. വളരെ ഉദാരമായാണ് സംഭാവനകൾ ലഭിക്കുന്നത്. പുനരധിവാസം നടപ്പാക്കുന്നതിന് നിരവധി പേർ തുകയും സ്ഥലവുമെല്ലാം വൽകുന്നുണ്ട്.

ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില്‍ പോവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും. മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ സര്‍ക്കാര്‍ ചെലവില്‍ കണ്ടെത്തി നല്‍കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home