ചങ്ക്‌ തകരുന്നുണ്ട്‌; 
ചെയ്‌തേ തീരൂ...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2024, 11:00 PM | 0 min read

മേപ്പാടി > ദുരന്തഭൂമിയിൽനിന്ന്‌ അടയാളമൊന്നുമില്ലാതെ എത്തുന്ന മൃതദേഹങ്ങൾക്ക്‌ വിലാസമേകുന്നത്‌ ഇവരാണ്‌. മുണ്ടക്കൈയിലെ ഷൈജയും ചൂരൽമലയിലെ സീനത്തും. തിരിച്ചറിയാനാകാത്ത വിധം അഴുകിയതും ചിന്നിച്ചിതറിയതുമായ മൃതദേഹം ധാരാളം എത്തിയതോടെ പൊലീസാണ്‌ സഹായം തേടിയത്‌. പ്രിയപ്പെട്ടവർക്കായി മനോധൈര്യം സംഭരിച്ച്‌ ഏഴാം ദിവസവും ഇൻക്വസ്‌റ്റ്‌ മുറിക്കുമുന്നിൽ മുൻ ജനപ്രതിനിധികൾ കൂടിയായ ഇരുവരുമുണ്ട്‌.

മേപ്പാടി പഞ്ചായത്ത്‌ മുൻ വൈസ്‌ പ്രസിഡന്റാണ്‌ ഷൈജ. സീനത്ത്‌ ചൂരൽമല വാർഡ്‌ അംഗവും. അപകടമുണ്ടായ ദിവസം രാവിലെ മുതൽ മൃതദേഹം കൂട്ടമായെത്തിയതോടെ പൊലീസ്‌ വലഞ്ഞു. ഇതോടെ ഷൈജയുടെ സഹായംതേടി. ആശാവർക്കറും വാർഡംഗവുമൊക്കെയായി മുണ്ടക്കൈയുടെ ഹൃദയമിടിപ്പ്‌ അടുത്തറിയുന്നയാളാണ്‌ ഷൈജ. എണ്ണം കൂടിയതോടെ ഷൈജ സീനത്തിനെയും വിളിച്ചുവരുത്തി.  

‘‘25–--ാം വയസ്സിൽ ഭർത്താവ്‌ മരിച്ച എന്നെയും കുട്ടികളെയും ചേർത്തുപിടിച്ചത്‌ പ്രിയപ്പെട്ട മുണ്ടക്കൈക്കാരാണ്‌. ദുരന്തത്തിൽ കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു, ആറുപേരുടെ മൃതദേഹം കിട്ടി. സങ്കടപ്പെട്ട്‌ ഇരിക്കാനാകില്ല. നാട്ടുകാർ തിരിച്ചറിയാതെ, അനാഥരായി മടങ്ങുന്നത്‌ സഹിക്കാനാകില്ല. അതുകൊണ്ടാണ്‌ ഒരുദിവസംപോലും മാറിനിൽക്കാതെ തുടരുന്നത്‌. ക്യാമ്പിൽ സഹായിക്കാൻ നിരവധി പേരുണ്ടാവും. ഇവിടെ എല്ലാവരും വരില്ലല്ലോ’’–  ഷൈജ പറഞ്ഞു.

ചില കുടുംബാംഗങ്ങളെപ്പോലും മൃതദേഹം ബോധ്യപ്പെടുത്തിയത്‌ ഇവരാണ്‌. പുരികം, മുഖത്തിന്റെ ആകൃതി, കാലുകളുടെ പ്രത്യേകത തുടങ്ങിയവയെല്ലാം പരിശോധിക്കും. ""ആത്മബന്ധമുള്ളവരുടെ മരവിച്ച ശരീരം പെട്ടെന്ന്‌ കാണുമ്പോൾ വിങ്ങിപ്പൊട്ടിയിട്ടുണ്ട്‌. പക്ഷേ, പിടിച്ചുനിന്നു. ഞങ്ങൾ തളർന്നാൽ വേറാരുണ്ട്‌...''–- സീനത്ത്‌ ചോദിക്കുന്നു. പറയുന്നതിനിടെ ഒരു മൃതദേഹംകൂടി ആശുപത്രിയിലെത്തിച്ചു. ""ഒരു ഫീമെയിലാണ്‌. വേഗം വാ''–- ഷൈജ സീനത്തിനെയും കൂട്ടി ഇൻക്വസ്‌റ്റ്‌ മുറിയിലേക്ക്‌ ഓടി.



deshabhimani section

Related News

View More
0 comments
Sort by

Home