അതിജീവനം: വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 01:39 PM | 0 min read

 വയനാട്‌> മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കര്‍മ്മനിരതമായി തദ്ദേശസ്വയംഭരണ വകുപ്പ്. ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഏകോപനത്തില്‍ വകുപ്പ് ഏറെ മുന്നേറിക്കഴിഞ്ഞു. ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിലും മൃതദേഹങ്ങളുടെ സംസ്്കരണത്തിലും വകുപ്പിന് പങ്കാളിത്തമുണ്ട്.

ക്യാമ്പുകളുടെ വിശദ വിവരങ്ങള്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥരെ വകുപ്പ് നിയോഗിച്ചു. പ്രശ്‌ന ബാധിത മേഖലയിലെ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിന് മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരും ജനപ്രതിനിധികളും രംഗത്തുണ്ട്. ത്രിതല പഞ്ചായത്ത് ജീവനക്കാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ മേഖലയിലെ ആളുകളെ മാറ്റിതാമസിപ്പിച്ച 17 ക്യാമ്പുകളിലും 24 മണിക്കൂര്‍ കൗണ്‍സിലിങ് സേവനം നല്‍കുന്നുണ്ട്.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്.  ഈ മേഖലയില്‍  1721 വീടുകളിലായി 4833 പേര്‍ ഉണ്ടായിരുന്നതായാണ് കണക്ക്. പത്താം വാര്‍ഡായ അട്ടമലയില്‍ 601 കുടുംബങ്ങളിലായി 1424 പേരും പതിനൊന്നാം വാര്‍ഡായ മുണ്ടക്കെയില്‍ 451 കുടുംബങ്ങളിലെ 1247 പേരും പന്ത്രണ്ടാം വാര്‍ഡായ ചൂരല്‍മലയില്‍ 671 കുടുംബങ്ങളിലെ 2162 പേരുമാണ് താമസിച്ചിരുന്നത്.

മേഖലയില്‍ നിന്നും കാണാതായവരെക്കുറിച്ചുള്ള വിവര ശേഖരണം, പട്ടിക തയ്യാറാക്കല്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, നാശനഷ്ടങ്ങളുടെ കണക്ക് തയ്യാറാക്കല്‍, കൗണ്‍സിലര്‍മാരുടെയും മാലിന്യ പ്രവര്‍ത്തനങ്ങളുടെയും ഏകോപനം തുടങ്ങിയ വിവിധ ചുമതലകളും വകുപ്പിനുണ്ട്.

 



deshabhimani section

Related News

View More
0 comments
Sort by

Home