സ്കൂൾ പ്രവൃത്തിദിനം വർധിപ്പിച്ച ഉത്തരവ് റദ്ദാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 02:43 AM | 0 min read


കൊച്ചി
ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പ്രവൃത്തിദിവസം 220 ആക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിദ്യാഭ്യാസ വിദഗ്ധരുമായും മേഖലയിലെ ബന്ധപ്പെട്ടവരുമായും ചർച്ചചെയ്തശേഷം പുതിയ വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കമെന്നും അതുവരെ ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കില്ലെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ ഉത്തരവിട്ടു. അധ്യാപക സംഘടനകളായ കെപിഎസ്ടിഎ, കെഎസ്ടിയു, പിജിടിഎ എന്നിവർ നൽകിയ ഹർജികളാണ് പരിഗണിച്ചത്.

വിദ്യാഭ്യാസരംഗത്ത് നയപരമായ തീരുമാനമെടുക്കുമ്പോൾ കേരള വിദ്യാഭ്യാസചട്ടത്തിലെയും കേന്ദ്രനിയമത്തിലെയും വ്യവസ്ഥ പരിശോധിക്കണമെന്ന് കോടതി വിലയിരുത്തി. ശനി പ്രവൃത്തി ദിവസമായതോടെ എൻസിസി, സ്കൗട്ട്, സ്റ്റുഡന്റ്‌ പൊലീസ് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളെ ബാധിച്ചെന്ന്‌ ഹർജിയിൽ പറഞ്ഞു.
ജൂൺ മൂന്നിനാണ് 220 പ്രവൃത്തിദിവസം ഉൾപ്പെടുന്ന വിദ്യാഭ്യാസ കലണ്ടർ സർക്കാർ പുറത്തിറക്കിയത്. ഇതുപ്രകാരം 25 ശനിയാഴ്‌ച പ്രവൃത്തിദിനമായിരിക്കും.  
2023–-2024 അധ്യയന വർഷത്തിൽ സ്‌കൂൾ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനങ്ങൾ 210 ആയി ചുരുക്കിയതിനെതിരെ മുവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സമർപ്പിച്ച ഹർജിയിൽ ബന്ധപ്പെട്ടവരെ കേട്ടശേഷം ആവശ്യമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവായിരുന്നു. എന്നാൽ അധ്യാപക സംഘടനകളേയോ ബന്ധപ്പെട്ടവരെയോ കേൾക്കണമെന്ന കോടതി നിർദ്ദേശം പാലിക്കാതെയാണ് കലണ്ടർ രൂപീകരിച്ചതെന്ന് ഹർജിക്കാർ വാദിച്ചു.

ശനിയാഴ്ചകൾ അവധിയായി കണക്കാക്കണമെന്ന് കെഇആറിൽ പറഞ്ഞിട്ടില്ല എന്നതടക്കമുള്ള സർക്കാർവാദം കോടതി അംഗീകരിച്ചില്ല. സർക്കാരിനുവേണ്ടി അഡീഷണൽ അഡ്വക്കറ്റ്‌ ജനറൽ അശോക് എം ചെറിയാൻ ഹാജരായി.
 



deshabhimani section

Related News

View More
0 comments
Sort by

Home