സിഎംആർഎൽ ; മുഖ്യമന്ത്രിയെ ബന്ധപ്പെടുത്താൻ ഒന്നുമില്ല; ഹർജി തള്ളണമെന്ന്‌ സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 02:00 AM | 0 min read


കൊച്ചി
സിഎംആർഎൽ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെടുത്താൻ ഒന്നുമില്ലെന്നും രാഷ്ട്രീയപ്രേരിതമായ ഹർജി തള്ളണമെന്നും സർക്കാർ ഹെെക്കോടതിയിൽ. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കുന്നതല്ല. വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷൻ ടി എ ഷാജി വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ റിവിഷൻ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം. 

മുഖ്യമന്ത്രിക്കു മുന്നിലെത്തുന്ന അപേക്ഷകളിൽ ‘ഉചിതനടപടി എടുക്കുക’ എന്ന് നിർദേശിച്ച് അതത് വകുപ്പിലേക്ക് കെെമാറുന്നത് സ്വാഭാവിക നടപടിക്രമമാണ്‌. ഒരുതരി ധാതുപോലും ഖനനം ചെയ്യാൻ എൽഡിഎഫ് സർക്കാർ സ്വകാര്യമേഖലയ്‌ക്ക്‌ അനുമതി നൽകിയിട്ടില്ല. സ്വകാര്യമേഖലയിൽ ഖനനം അനുവദിക്കില്ലെന്ന് 2007ൽ എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിത നിലപാട്‌ എടുത്തതാണ്‌. സിഎംആർഎൽ കമ്പനിയുടെ ഖനനാനുമതി ആവശ്യം 2010ൽ എൽഡിഎഫ്‌ സർക്കാർ തള്ളിയിരുന്നു.
സ്വകാര്യ കമ്പനിക്ക്‌ ഖനനാനുമതി നൽകിയിട്ടുള്ളത്‌ യുഡിഎഫ്‌ സർക്കാരുകളാണ്. എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിക്കുമ്പോഴാണ് സിഎംആർഎല്ലിന് കരിമണൽ ഖനനാനുമതി നൽകിയത്. സിഎംആർഎൽ കരിമണൽ ഖനനത്തിനുവേണ്ടി  കെഎസ്ഐഡിസിയുമായി ചേർന്ന് കേരള റെയർ എർത്ത്‌സ്‌ ആൻഡ്‌ മിനറൽസ്‌ ലിമിറ്റഡ്‌ (കെആർഇഎംഎൽ) കമ്പനി രൂപീകരിച്ചതും യുഡിഎഫ് കാലത്താണ്. 

സ്വകാര്യ കമ്പനികൾ തമ്മിലുള്ള കരാർ ഇടപാടാണ് സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിൽ. ഇല്ലാത്ത സേവനത്തിന് പണം നൽകിയെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. ഇത്തരമൊരു പരാതി സിഎംആർഎല്ലിന് ഇല്ല. ആദായനികുതി സെറ്റിൽമെന്റ്‌ ബോർഡിന്റെ കണ്ടെത്തലിൽ പിഴവുണ്ടോയെന്ന് മറ്റൊരു അപ്പലേറ്റ് അതോറിറ്റി ഇതേവരെ പരിശോധിച്ചിട്ടില്ല. 

സിഎംആർഎല്ലിനായി യുഡിഎഫ് സർക്കാരുകൾ നൽകിയ അനുമതികൾ വ്യക്തമായിരിക്കെ, സ്വന്തം പാളയത്തെയാണ് ഈ ഹർജിയിലൂടെ കുഴൽനാടൻ  ലക്ഷ്യമിടുന്നത്‌–- ഡിജിപി വിശദീകരിച്ചു. ജസ്‌റ്റിസ്‌ കെ ബാബു 29ന് ഹർജിയിൽ വീണ്ടും വാദം കേൾക്കും.



deshabhimani section

Related News

View More
0 comments
Sort by

Home