Deshabhimani

ഗവർണർക്ക്‌ തലയ്‌ക്കടി ; മൂന്നു സെർച്ച് കമ്മിറ്റിക്കുകൂടി സ്‌റ്റേ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 04:23 PM | 0 min read



കൊച്ചി
കേരള ഫിഷറീസ്‌ സർവകലാശാല (കുഫോസ്‌) യ്‌ക്കു പിന്നാലെ കേരള, എംജി, മലയാളം  സർവകലാശാലകളിലേക്ക് വൈസ്‌ ചാൻസലർ നിയമനത്തിനായി രൂപീകരിച്ച സെർച്ച് കമ്മിറ്റികളും ഹെെക്കോടതി സ്‌റ്റേ ചെയ്‌തു. സർവകലാശാല പ്രതിനിധികളില്ലാതെ സ്വന്തം നിലയ്‌ക്ക്‌ സെർച്ച് കമ്മിറ്റികൾ രൂപീകരിച്ച ചാൻസലർകൂടിയായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടിക്കെതിരെ സർക്കാരും സെനറ്റുകളും നൽകിയ ഹർജികളിലാണ് നടപടി. സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാൻ ചാൻസലർക്കുള്ള അധികാരം വ്യക്തമാക്കി റിപ്പോർട്ട് നൽകാനും ഹർജി പരിഗണിച്ച ജസ്‌റ്റിസ്‌ സിയാദ് റഹ്മാൻ ഉത്തരവിട്ടു.

കുഫോസ്‌ വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി വ്യാഴാഴ്ചയാണ്‌ സ്‌റ്റേ ചെയ്‌തത്‌. കേരള ശാസ്‌ത്രസാങ്കേതിക സർവകലാശാല (കെടിയു), കാർഷിക സർവകലാശാല അടക്കം ആറു സർവകലാശാലകളിലേക്കാണ് ഗവർണർ മാനദണ്ഡങ്ങൾ മറികടന്ന് സെർച്ച് കമ്മിറ്റി രൂപീകരിച്ച് ജൂൺ 28ന് വിജ്ഞാപനം ഇറക്കിയത്. ഗവർണറുടെയും യുജിസിയുടെയും നോമിനികളെ മാത്രം ഉൾപ്പെടുത്തിയായിരുന്നു സെർച്ച് കമ്മിറ്റികൾ. മലയാളം സർവകലാശാലയ്‌ക്കായി സർക്കാരും കേരള, എംജി സർവകലാശാലകൾക്കായി അതത്‌ സെനറ്റുമാണ് ഹെെക്കോടതിയെ സമീപിച്ചത്. സർക്കാരിനുവേണ്ടി അഡ്വ. ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഹാജരായി.



deshabhimani section

Related News

0 comments
Sort by

Home