ഇറച്ചിക്കോഴിയിലും സ്വയംപര്യാപ്തത

എടപ്പാൾ
ഇറച്ചിക്കോഴി ലഭ്യതയിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ‌് കുടുംബശ്രീ സംസ്ഥാന മിഷനുമായി ചേർന്നാരംഭിച്ച അടുക്കളമുറ്റത്തെ ബ്രോയിലർ കോഴിവളർത്തൽ പദ്ധതിയുടെ പൈലറ്റ് പ്രവർത്തനത്തിന് വട്ടംകുളത്ത് തുടക്കമായി. കുടുംബശ്രീ അംഗങ്ങൾക്ക് ചെറുകിട കോഴിവളർത്തൽ യൂണിറ്റുകൾ പദ്ധതിയിലൂടെ അനുവദിക്കും.
കുടുംബശ്രീ അംഗങ്ങൾക്ക് ഒരുദിവസം പ്രായമായ കുഞ്ഞുങ്ങളെ നൽകി ശാസ്ത്രീയ പരിചരണത്തിലൂടെയും ഉയർന്ന പ്രോട്ടീനടങ്ങിയ തീറ്റകളിലൂടെയും 40 ദിവസം പരിചരിച്ച് തിരിച്ചേൽപ്പിക്കുന്നതാണ് പദ്ധതി. ഇതിനായി 10,000 രൂപ സബ്‌സിഡിയടക്കം 20,000 രൂപ ഒരു യൂണിറ്റിന് നൽകും. കോഴികളെ തിരിച്ചെടുത്തശേഷം പുതിയ കുഞ്ഞുങ്ങളെ 30 രൂപ നിരക്കിൽ നൽകും.
1000 കോഴികളുള്ള യൂണിറ്റുകളാരംഭിക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും ലൈസൻസ് കിട്ടാനുള്ള പ്രയാസവും മാലിന്യ പ്രശ്‌നവുമെല്ലാം കണക്കിലെടുത്ത് ചെറുകിട യൂണിറ്റുകളാക്കുകയായിരുന്നു. സംസ്ഥാനത്തുടനീളം യൂണിറ്റുകളാരംഭിച്ച് ഇറച്ചിക്കോഴി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടാനായി വട്ടംകുളത്തെ സീനിയർ വെറ്ററിനറി സർജൻ ഡോ. വി കെ പി മോഹൻകുമാർ നൽകിയ പ്രൊജക്ടാണ് സർക്കാർ അംഗീകരിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം നടുവട്ടം കാലടത്തറയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറയ്ക്കൽ നിർവഹിച്ചു. ഡോ. വി കെ പി മോഹൻകുമാർ അധ്യക്ഷനായി.










0 comments