സന്തൂറില്‍ ഹരിനാദവിസ്മയം

കൊയിലാണ്ടി > ദുര്‍ഗാരാഗത്തില്‍ ഹരി സന്തൂറില്‍ വിസ്മയം തീര്‍ത്തപ്പോള്‍ പൂക്കാട് കലാലയം വേറിട്ടൊരു നാദപ്രപഞ്ചത്തില്‍ ലയിച്ചു. രാഗവിസ്താരത്തോടെയായിരുന്നു അവതരണം. വിളംബിദ താളത്തിലാരംഭിച്ച് മധ്യാവസ്ഥയിലൂടെ, ദ്രുതതാളത്തിലൂടെ അതിദ്രുതതാളത്തിലവസാനിപ്പിച്ച കച്ചേരി ഒന്നര മണിക്കൂര്‍ നീണ്ടു. വിശ്രുത സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മയുടെ ഒരേയൊരു മലയാളി ശിഷ്യനാണ് ഹരി ആലങ്കോട്. ഹരിയുടെ കച്ചേരിയോടെ പൂക്കാട് കലാലയത്തിലെ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി.
കശ്മീര്‍ സൂഫിസത്തിന്റെ അകമ്പടിയായി പിറന്ന സന്തൂറില്‍ കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലധികമായി കേരളത്തിനകത്തും പുറത്തും നാദവിസ്മയങ്ങള്‍ തീര്‍ക്കുന്ന ഇദ്ദേഹം നാദതായമ്പക എന്ന പേരില്‍ സന്തൂറില്‍ ഒരു പരീക്ഷണം നടത്തിയിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ വയലിനില്‍ രാഗങ്ങള്‍ വായിച്ചിരുന്ന ഹരി ആലങ്കോടിനെ സന്തൂറിലേക്കെത്തിച്ചത് പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മയുടെ സന്തൂര്‍ കച്ചേരിയാണ്. 1998 ല്‍ പാലക്കാട് മാനവീയം പരിപാടിക്ക് വന്നപ്പോള്‍ പണ്ഡിറ്റ്ജിയുടെ കച്ചേരിയില്‍ തംബുരു മീട്ടിയത് ഹരിയായിരുന്നു. 34 വര്‍ഷത്തോളമായി സന്തൂറില്‍ പരിശീലനം നടത്തുന്നു. ഹരി രൂപകല്പന ചെയ്ത് നിര്‍മിച്ച 23 ബ്രിഡ്ജും 46 കമ്പികളുമുള്ള ചെറിയ സന്തൂര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മലപ്പുറം എടപ്പാള്‍ ഗവ. ഹൈസ്കൂളില്‍നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച ഹരി ആലങ്കോട് ഇപ്പോള്‍ പൂര്‍ണമായും സന്തൂറിന്റെ ലോകത്താണ്.
കച്ചേരിക്ക് അര്‍ജുന്‍ കാളിപ്രസാദാണ് തബല വായിച്ചത്. പൂക്കാട് കലാലയം പ്രിന്‍സിപ്പല്‍ തബലിസ്റ്റ് ശിവദാസ് ചേമഞ്ചേരിയുടെ ശിഷ്യനാണ് അര്‍ജുന്‍. ഹരി ആലങ്കോട് നവരാത്രി സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. കെ പി ഉണ്ണിഗോപാലന്‍ അധ്യക്ഷനായി. ചേമഞ്ചേരി ശിവദാസ്, കെ ശ്രീനിവാസന്‍, കെ രാജഗോപാല്‍, അര്‍ജുന്‍ തൃശൂര്‍ എന്നിവര്‍ സംസാരിച്ചു.










0 comments