റഹീമിന്റെ മോചനം നീളും; കേസ് 30ലേക്ക് മാറ്റി

ഫറോക്ക്
സൗദിയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. ജയിൽമോചന ഹർജിയില്‍ വിധി പറയുന്നത് റിയാദ് ക്രിമിനൽ കോടതി വ്യാഴാഴ്ചയും നീട്ടിവച്ചു. സാങ്കേതിക തടസ്സമെന്നാണ് വിശദീകരണം. ഓൺലൈൻ സംവിധാനത്തിലൂടെയായിരുന്നു നടപടി. കോടതിയിലുണ്ടായ സാങ്കേതിക തടസ്സം കാരണം കേസിൽ വിധി പറയൽ 30ലേക്ക് മാറ്റിയെന്നറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
കൊലക്കുറ്റം ചുമത്തി ജയിലിലടയ്‌ക്കപ്പെട്ട് 18 വർഷം തികയുമ്പോൾ മോചനം ഉറപ്പായിരുന്ന സാഹചര്യത്തിലാണ് തുടർച്ചയായ കേസ് നീട്ടിവയ്ക്കൽ. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയ വിധി പ്രസ്താവത്തിനുശേഷം ഒക്ടോബർ 21 നാണ് കേസ് പരിഗണിച്ചതെങ്കിലും അന്ന് ബെഞ്ച് മാറ്റാൻ കോടതി നിർദേശിച്ചു. പിന്നീട് നവംബർ 17നും കഴിഞ്ഞ എട്ടിനും പരിഗണിച്ചെങ്കിലും വിധിയുണ്ടായില്ല. വ്യാഴാഴ്ചയും വിധി പറയൽ മാറ്റിയതോടെ റഹീമിന്റെ വീടും നാടും നിരാശയിലായി.
നാട്ടിൽ കോടമ്പുഴ കെഎംഒ യത്തീംഖാന സ്കൂൾ വാഹനത്തിലെ ഡ്രൈവറായിരുന്ന അബ്ദുൽ റഹീം 2006 നവംബർ 28നാണ് റിയാദിലെത്തിയത്. ഒരുമാസം തികയുംമുമ്പ് ഡിസംബർ 24നാണ് ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽശഹ്‌രിയുടെ പതിനഞ്ചുകാരനായ മകൻ മരിച്ച കേസിൽ ജയിലിലടയ്‌ക്കപ്പെട്ടത്. 18 വർഷം മാപ്പ് നല്‍കാന്‍ അവര്‍ തയാറായില്ല. ഒടുവില്‍ 34 കോടി രൂപ ദിയാധനമെന്ന ഉപാധിയില്‍ റഹീമിന് കുടുംബം മാപ്പ് നൽകാമെന്ന് സമ്മതിച്ചു. പൊതുസമൂഹത്തിൽനിന്ന് പണം സമാഹരിച്ച് നൽകിയതോടെയാണ് കൊലക്കുറ്റം റദ്ദാക്കിയത്.









0 comments