മാവൂർറോഡ്‌ ശ്‌മശാനം ഇനി ‘സ്‌മൃതിപഥം’: ഉദ്‌ഘാടനം ഈ മാസം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 03:14 AM | 0 min read

കോഴിക്കോട്‌
നവീകരണത്തിനായി അടച്ചിട്ട മാവൂർറോഡ്‌ ശ്‌മശാനം പ്രവർത്തനസജ്ജമാവുന്നു. മൂന്നാഴ്‌ചക്കുള്ളിൽ ഉദ്‌ഘാടനം നടക്കും. ആധുനിക സംവിധാനങ്ങളൊരുക്കി നവീകരിച്ച വാതകശ്‌മശാനത്തിന്‌  ‘സ്‌മൃതിപഥം’ എന്നാണ്‌ നാമകരണംചെയ്യുക. ശ്‌മശാനത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച കരട്‌ ബൈലോയ്‌ക്ക്‌ കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകി. 
നാല്‌ വാതക ചൂള, ഒരു വൈദ്യുതി ചൂള, രണ്ട്‌ പരമ്പരാഗത ചൂള എന്നിവയുൾപ്പെടുത്തിയാണ്‌ നവീകരിച്ചത്‌. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്നതിനാൽ പുകയോ ഗന്ധമോ പുറത്തുവരില്ല. സംസ്‌കാരശേഷം 60 ദിവസംവരെ ചിതാഭസ്‌മം സൂക്ഷിക്കുന്നതിനുള്ള ലോക്കറുകൾ, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി സംസ്‌കാര നടപടി തൽസമയം കാണാനുള്ള സൗകര്യം, സംസ്‌കാര സാധനങ്ങൾ കിട്ടുന്ന കിയോസ്‌ക്‌, 24 മണിക്കൂറും സെക്യൂരിറ്റി, അനുസ്‌മരണ ചടങ്ങുകൾക്ക്‌ ഹാൾ എന്നിവയാണ്‌ സവിശേഷതകൾ. ലോക്കർ, ഇരിപ്പിടങ്ങൾ എന്നിവ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നത്‌. കോർപറേഷൻ പരിധിയിലുള്ളവർക്കാണ്‌ മുൻഗണനയെങ്കിലും മറ്റിടങ്ങളിൽനിന്നുള്ള മൃതദേഹങ്ങളും സംസ്‌കരിക്കും. നിരക്ക്‌ രണ്ടുദിവസത്തിനുള്ളിൽ നിശ്‌ചയിക്കും. രാവിലെ ആറുമുതൽ രാത്രി എട്ടുവരെയാവും പ്രവർത്തനം.  
2020 ഒക്‌ടോബറിലാണ്‌ എംഎൽഎ ഫണ്ടും കോർപറേഷൻ ഫണ്ടും ഉപയോഗിച്ച്‌ ശ്‌മശാനം നവീകരിക്കാൻ തീരുമാനിച്ചത്‌. സംസ്‌കാരം നടക്കുമ്പോൾ പുകയും ഗന്ധവും നഗരപരിസരത്ത്‌ വ്യാപിച്ചിരുന്നു. പിന്നീട്‌ ഇലക്‌ട്രിക്‌ ശ്‌മശാനത്തിൽ മാത്രമായിരുന്നു സംസ്‌കാരം. ഇത്‌ കേടായതോടെ ഒന്നര വർഷമായി സംസ്‌കാരം നടക്കുന്നില്ല. അടുത്ത ഘട്ടത്തിൽ മാങ്കാവ്‌, മാനാരി, വെസ്‌റ്റ്‌ഹിൽ ശ്‌മശാനങ്ങളും ആധുനിക സംവിധാനങ്ങളോടെ നവീകരിക്കും.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home