കുടിവെള്ള വിതരണം 
സുഗമമാക്കാൻ ഊർജിതശ്രമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 02:05 AM | 0 min read

 

 
കൊല്ലം
ചവറയിൽ ശുദ്ധജല പൈപ്പ്‌ ലൈൻ തകർന്നതിനെ തുടർന്ന് കൊല്ലം നഗരത്തിലേക്കുള്ള കുടിവെള്ള വിതരണത്തിന്‌ നേരിട്ട തടസ്സം നീക്കാൻ  ഊർജിതശ്രമം. അതിനിടെ നീണ്ടകര പഞ്ചായത്ത് നേരിടുന്ന ജലക്ഷാമത്തിന് ചൊവ്വ രാത്രിയോടെ താൽക്കാലിക പരിഹാരമായി. പിവിസി പൈപ്പ് ഉപയോഗിച്ച് നീണ്ടകര പഞ്ചായത്തിലേക്കുള്ള ജലവിതരണമാണ് രാത്രി ഏറെവൈകി പൂർത്തിയാക്കിയത്. ഹൈ ഡെൻസിറ്റി പോളിഎത്‌ലിൻ (എച്ച്ഡിപി) പൈപ്പുകൾ ഘടിപ്പിച്ചാണ് സ്ഥിരംസംവിധാനം ഒരുക്കുന്നത്. ജലമൊഴുക്കിന്റെ അളവും വേഗവും ക്രമീകരിച്ചാണ് എച്ച്ഡിപി പൈപ്പുകൾ സ്ഥാപിക്കുന്നത്. എച്ച്ഡിപി പൈപ്പുകൾ കൂട്ടി യോജിപ്പിക്കുന്ന ജോലികൾ ചൊവ്വ രാവിലെ തുടങ്ങി. ഈ പ്രവൃത്തി ബുധൻ ഉച്ചയോടെ പൂർത്തിയാകുമെന്ന്‌ ജലഅതോറിറ്റി അധികൃതർ പറഞ്ഞു. വലിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകാൻ മൂന്നു ദിവസമെങ്കിലും എടുക്കുമെന്നും അവർ പറഞ്ഞു. ശാസ്താംകോട്ടയിൽനിന്നു നീണ്ടകര, കൊല്ലം കോർപറേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജലം എത്തിച്ചിരുന്ന കൂറ്റൻ പൈപ്പ് ലൈൻ  ഞായറാഴ്ചയാണ് തകർന്നത്. പ്രധാന പൈപ്പ് ലൈൻ തകർന്നതോടെയാണ്‌ നീണ്ടകര, ശക്തികുളങ്ങര, കൊല്ലം ഭാഗങ്ങളിൽ ജലവിതരണം മുടങ്ങിയത്‌. തിരുവനന്തപുരത്തുനിന്ന്‌ കഴിഞ്ഞ ദിവസം ഇരുമ്പ് പൈപ്പുകൾക്ക് തുല്യമായ എച്ച്ഡിപിഇ പൈപ്പുകൾ എത്തിച്ച്‌ ദ്രുതഗതിയിൽ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്‌ അധികൃതർ. 
 പ്രതിദിനം 320ലക്ഷം ലിറ്റർ ജലമാണ് കൊല്ലം നഗരത്തിലേക്ക് എത്തിച്ചിരുന്നത്. പൈപ്പ്‌ തകർന്നതോടെയാണ് ജലവിതരണം പ്രതിസന്ധിയിലായത്. ജല അതോറിറ്റി സൗത്ത് സോൺ ചീഫ് എൻജിനിയർ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്.  
കുടിവെള്ള വിതരണം ടാങ്കറിൽ 
കൊല്ലം നഗരത്തിൽ ടാങ്കറിൽ കുടിവെള്ളം വിതരണംചെയ്‌ത്‌ കൊല്ലം കോർപറേഷൻ. ശാസ്താംകോട്ടയിൽനിന്ന് കൊല്ലം നഗരത്തിലേക്കുള്ള കുടിവെള്ള വിതരണത്തിന്‌ തടസ്സം നേരിട്ട സാഹചര്യത്തിലാണ്‌ കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിൽ വാട്ടർ അതോറിറ്റിയുടെ സഹായത്തോടെ ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നത്‌. അഞ്ചാലുംമൂട്, കച്ചേരി, തങ്കശേരി, കാവൽ ജങ്‌ഷൻ, ആൽത്തറമൂട്, തിരുമുല്ലവാരം, പോർട്ട് എന്നിവിടങ്ങളിൽ ചൊവ്വാഴ്‌ച കുടിവെള്ളം വിതരണംചെയ്‌തു. ബുധനാഴ്‌ച ആശ്രാമം, ചിന്നക്കട, കടപ്പാക്കട, കന്റോൺമെന്റ്‌, ഇരുമ്പുപാലം വരെ, മുണ്ടയ്ക്കൽ, പോളയത്തോട്, ജില്ലാ ആശുപത്രിയുടെ സമീപ പ്രദേശങ്ങൾ, ഉളിയക്കോവിൽ, കിളികൊല്ലൂർ, വടക്കേവിള എന്നിവിടങ്ങളിൽ വിതരണംചെയ്യും.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home